Follow Us On

16

January

2025

Thursday

വിദ്യാദര്‍ശന്‍ യാത്രയുമായി ടീച്ചേഴ്‌സ് ഗില്‍ഡ്

വിദ്യാദര്‍ശന്‍ യാത്രയുമായി ടീച്ചേഴ്‌സ് ഗില്‍ഡ്
തൃശൂര്‍: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25-ന് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച വിദ്യാദര്‍ശന്‍ യാത്രയ്ക്ക് തൃശൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കാസര്‍കോഡ് ചിറ്റാരിക്കലില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്ത വിദ്യാദര്‍ശന്‍ യാത്ര നവംബര്‍ 30-ന് സെക്രട്ടറിയേറ്റ് നടയിലാണ് സമാപിക്കുന്നത്. സമാപന സമ്മേളനത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പങ്കെടുക്കും.
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ഉച്ചഭക്ഷണ ഫണ്ട് യഥാസമയം അനുവദിക്കുക തുടങ്ങി പൊതുവിദ്യാഭ്യാസ രംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാദര്‍ശന്‍ യാത്ര നടത്തുന്നത്.
ടീച്ചേഴ്‌സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ നടന്ന സ്വീകരണ സമ്മേളനം ടീച്ചേഴ്‌സ് ഗില്‍ഡ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ജനറല്‍ സെക്രട്ടറി സി.ടി വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, ബിജു കുറുമുട്ടം, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആഗ്‌നസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  സ്വീകരണത്തോടനുബന്ധിച്ച് അധ്യാപകരുടെ തെരുവുനാടകവും ഉണ്ടായിരുന്നു. നിയമനാംഗീകാരം ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകരുടെ നിവേദനങ്ങള്‍ സംസ്ഥാന ഭാരവാഹികള്‍ ഏറ്റുവാങ്ങി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?