Follow Us On

09

December

2024

Monday

ഉണ്ണി പിറക്കാത്ത പുല്‍ക്കൂടുകള്‍

ഉണ്ണി പിറക്കാത്ത പുല്‍ക്കൂടുകള്‍

ബ്രദര്‍ ജിതിന്‍ കപ്പലുമാക്കല്‍

ഡിസംബര്‍ വന്നെത്തി, നോമ്പ് നോറ്റ്, പുല്‍ക്കൂട് ഒരുക്കി രക്ഷകന്റെ വരവിനായുള്ള ഒരുക്കത്തിലാണ് ലോകം. ബാഹ്യമായ ഒരുക്കങ്ങള്‍ക്കപ്പുറം ആന്തരികമായ ഒരുക്കങ്ങളെ നാം മറന്നുകളയരുത്. രക്ഷകന്റെ വരവിനായി പിതാവായ ദൈവവും മാതാവും യൗസേപ്പിതാവും സ്വര്‍ഗവും ദൈവദൂതന്മാരും മാലാഖമാരും ഒരുങ്ങിയിരുന്നു. എന്നാല്‍ ലോകം അവനെ അറിഞ്ഞില്ല. അവനുവേണ്ടി സ്ഥലമൊരുക്കാന്‍ ആരുമുണ്ടായില്ല. ‘Our God is God of Small things’ കുഞ്ഞായി വന്നു പിറന്ന നമ്മുടെ ദൈവം കുഞ്ഞിക്കാര്യങ്ങളുടെ ദൈവമാണ്.

ദൈവകുമാരന്‍ ആയിരുന്നിട്ടും അവന്‍ പുല്‍ക്കൂട്ടില്‍ പിറന്നു. തച്ചന്റെ മകന്‍ എന്ന് വിളിക്കപ്പെട്ടു. പാപികളോടും പരദേശികളോടും ദരിദ്രരോടും പലരും അവനെ തുലനം ചെയ്തു. ദാവീദിന്റെ സിംഹാസനം അലങ്കരിക്കേണ്ടവന് രാജകൊട്ടാരത്തിന്റെ ഭാഗമായ വഴിയാത്രക്കാര്‍ക്കുള്ള സത്രത്തിന്റെ ആടുമാടുകളെ കെട്ടുന്ന പുല്‍ത്തകിടിയില്‍ കാലം സ്ഥലം ഒരുക്കി. ഏശയ്യാ പ്രവാചകന്‍ പ്രവചിച്ചപോലെ രക്ഷകന്റെ വരവിനായി കാത്തിരുന്ന് നാം അവന്റെ വരവറിഞ്ഞില്ല. ”കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍ ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസിലാക്കുന്നില്ല” (ഏശയ്യാ 1:3).

അപ്പത്തിന്റെ ഭവനം

മറിയം തന്റെ തിരുക്കുമാരനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിലില്‍ കിടത്തി. ബെത്‌ലഹേം എന്ന വാക്കിന്റെ അര്‍ത്ഥം അപ്പത്തിന്റെ ഭവനം എന്നാണ്. അപ്പത്തിന്റെ ഭവനത്തില്‍ ജനിച്ചവന്‍ പിന്നീട് എല്ലാവര്‍ക്കും അപ്പമായിത്തീര്‍ന്നു. ‘കിടത്തി’ എന്നതിനുള്ള ഗ്രീക്ക് പദം ‘അനാക്ലീനോ’ എന്നാണ്. അതിന്റെ അര്‍ത്ഥം ഭക്ഷണത്തിന് ഇരിക്കുക എന്നാണ്. ലോകം മുഴുവനുംവേണ്ടി അവന്‍ അന്ത്യഅത്താഴവേളയില്‍ തന്നെത്തന്നെ വിഭജിച്ചു നല്‍കി മാതൃകയായി.

രാജകൊട്ടാരത്തില്‍ വാഴേണ്ടവന് ആദ്യം കാലിത്തൊഴുത്തും പിന്നീട് വഴിപോക്കര്‍ക്കുള്ള സത്രവും പിന്നീട് ഗാഗുല്‍ത്തായുമാണ് കാലം സ്ഥലം ഒരുക്കിയത്. ലോകം മുഴുവന്റെയും ഉടയവന് വന്നു പിറക്കുവാനും വിരുന്നൊരുക്കുവാനും തലചായ്ക്കുവാനും ഇടം ലഭിച്ചില്ല. ബെത്‌ലഹേമിന്റെ മാറില്‍ വെള്ളക്കച്ചകളില്‍ പൊതിഞ്ഞ് പുല്‍ത്തൊഴുത്തില്‍ കിടത്തിയ ലോകരക്ഷകനെ ആടും ആട്ടിടയരും ജ്ഞാനികളും അവരുടെ കഴുതകളും തിരിച്ചറിഞ്ഞു, പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ചു. ഗാഗുല്‍ത്തായുടെ താഴ്‌വരയില്‍ വെള്ളക്കച്ചയില്‍ പൊതിഞ്ഞവന്റെ ശരീരം സുഗന്ധതൈലങ്ങള്‍ പൂശി അടക്കുമ്പോഴും അവന്‍ ദരിദ്രനായിരുന്നു. ഓശാന പാടി എതിരേറ്റവര്‍പോലും അവനെ തിരിച്ചറിഞ്ഞില്ല.

പങ്കുവയ്ക്കാന്‍ മടിക്കാതിരുന്നവര്‍

കുഞ്ഞിക്കാര്യങ്ങളിലൂടെ അനേകരുടെ ഹൃദയങ്ങളില്‍ വലിയ സ്ഥാനം നേടിയ ദൈവമാണ് നമ്മുടെ ദൈവം. ദാരിദ്ര്യംമൂലം കഷ്ടതയനുഭവിക്കുന്ന വിധവയുടെ അടുക്കലേക്കാണ് വിശപ്പടക്കാന്‍ ഏലിയ പ്രവാചകന്‍ അയക്കപ്പെടുന്നത്. അവള്‍ അവള്‍ക്കുള്ളത് പങ്കുവച്ചപ്പോള്‍ ക്ഷാമത്തില്‍നിന്ന് അവളുടെ കുടുംബവും രക്ഷപ്പെട്ടു.

അഞ്ചപ്പവും രണ്ടുമീനും പങ്കുവയ്ക്കാന്‍ ആ കൊച്ചുബാലന്‍ കാണിച്ച സന്മനസില്‍നിന്നാണ് കര്‍ത്താവ് ആയിരങ്ങളുടെ വിശപ്പടക്കിയത്. ഇല്ലായ്മയില്‍നിന്ന് ദൈവത്തിന് സമര്‍പ്പിച്ച വിധവയെയാണ് കര്‍ത്താവ് പ്രശംസിക്കുന്നത്. ആത്മപ്രശംസ നടത്തിയ ധനികനെ അല്ല തന്നെത്തന്നെ താഴ്ത്തിയ പാപിയായ ചുങ്കക്കാരനെയാണ് കര്‍ത്താവ് അനുഗ്രഹിക്കുന്നത്. ഇതാ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞ് തല കുനിക്കുന്ന മറിയത്തെയാണ് കര്‍ത്താവ് തിരഞ്ഞെടുക്കുന്നത്. മോശയുടെ നിയമപ്രകാരം ശുദ്ധീകരണത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ആട്ടിന്‍കുട്ടിയെ ബലി കഴിച്ചല്ല, പകരം ഒരുജോടി പ്രാവുകളെ ബലികഴിച്ചാണ് അവര്‍ അവനെ വീണ്ടെടുക്കുന്നത്. കാരണം യേശുവിന്റെ മാതാപിതാക്കള്‍ ധനികരല്ലായിരുന്നു.

പ്രശസ്ത വചനപ്രഘോഷകനായിരുന്ന ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇപ്രകാരം പറയുന്നു: ”ആയിരം പുല്‍ക്കൂടുകളില്‍ ഉണ്ണി പിറന്നാലും നമ്മുടെ ഹൃദയത്തില്‍ ഉണ്ണി പിറക്കുന്നില്ലെങ്കില്‍ ക്രിസ്മസ് വ്യര്‍ത്ഥമാണ്.” കര്‍ത്താവ് അരുളി ചെയ്യുന്നു, ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തന്റെ ജീവിതത്തില്‍ ഉടനീളം അടിച്ചമര്‍ത്തപ്പെട്ടവരോടും ദരിദ്രരോടും അവന്‍ കരുണ കാണിച്ചു. എളിമപ്പെടലിന്റെയും ഇല്ലാതാക്കിന്റെയും പങ്കുവയ്ക്കലിന്റെയും ഓര്‍മയാണ് ക്രിസ്മസ് പറഞ്ഞുവയ്ക്കുന്നത്. അതിന്റെ പൂര്‍ത്തീകരണമാണ് കാല്‍വരി.

മൂന്നു സ്വപ്‌നങ്ങള്‍

പുഴവക്കത്ത് വളര്‍ന്നു പന്തലിച്ച മൂന്നു മരങ്ങളുടെ കഥയുണ്ട്. മൂന്നു മരങ്ങള്‍ക്കും വ്യത്യസ്ത സ്വപ്‌നങ്ങള്‍ ആയിരുന്നു. ആദ്യത്തെ മരത്തിന് വലിയൊരു വീടിന്റെ ഭാഗങ്ങളായി മാറുവാനായിരുന്നു താല്‍പര്യം. കുറച്ചു തച്ചന്മാര്‍ വന്ന് ആ മരം മുറിച്ച് വലിയൊരു കാലിത്തൊഴുത്ത് ഉണ്ടാക്കി. രണ്ടാമത്തെ മരത്തിന് വലിയൊരു കപ്പല്‍ ആകുവാന്‍ ആയിരുന്നു ആഗ്രഹം. അത് കുറെ മുക്കുവന്മാര്‍ മുറിച്ചുകൊണ്ടുപോയി ചെറിയ വള്ളങ്ങള്‍ ഉണ്ടാക്കി. മൂന്നാമത്തെ മരത്തിന് എല്ലാവരും എപ്പോഴും ഉറ്റുനോക്കുന്ന വലിയൊരു കൊടിമരം ആകുവാനായിരുന്നു താല്‍പര്യം. എന്നാല്‍ കുറച്ചു പട്ടാളക്കാര്‍ വന്ന് ആ മരം മുറിച്ച് ഒരു കുരിശ് ഉണ്ടാക്കി…
കഥയുടെ അവസാനം നാം കണ്ടുമുട്ടുമ്പോള്‍ ആ മൂന്ന് മരങ്ങള്‍ക്കും അറിഞ്ഞോ അറിയാതെയോ കര്‍ത്താവിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുവാന്‍ സാധിച്ചു.

ആദ്യത്തെ മരംകൊണ്ട് തീര്‍ത്ത കാലിത്തൊഴുത്തിലാണ് കര്‍ത്താവ് പിറന്നത്. രണ്ടാമത്തെ മരംകൊണ്ട് തീര്‍ത്ത വള്ളങ്ങളില്‍ ഒന്നിലാണ് അവിടുന്ന് സഞ്ചരിച്ചത്. മൂന്നാമത്തെ മരംകൊണ്ട് നിര്‍മിച്ച കുരിശിലാണ് കര്‍ത്താവ് ക്രൂശിക്കപ്പെട്ടത്. അതിലേക്കാണ് ഇന്ന് നാം ഉറ്റുനോക്കുന്നത്.
ഇതുപോലെയാണ് ജീവിതവും. നമ്മുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വിപരീതമായിട്ടായിരിക്കും ജീവിതം മുന്നോട്ടുപോകുക. വിജയത്തിലും പരാജയത്തിലും കര്‍ത്താവിനോടു ചേര്‍ന്നുനില്ക്കാന്‍ സാധിക്കണം. നമുക്ക് സ്വയം വിട്ടുനല്‍കാം, അവിടുന്ന് വേണ്ട സമയത്ത് നമ്മെ ഉയര്‍ത്തിക്കൊള്ളും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?