Follow Us On

07

September

2024

Saturday

വീട്ടിലേക്കുള്ള യാത്രയാണ് എന്റെ വാര്‍ഷിക ധ്യാനം

വീട്ടിലേക്കുള്ള യാത്രയാണ് എന്റെ വാര്‍ഷിക ധ്യാനം

രഞ്ജിത്ത് ലോറന്‍സ്

സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതാനുഭങ്ങള്‍ ചാലിച്ചെഴുതുന്നതുകൊണ്ടാവണം, ഫാ. ജെന്‍സണ്‍ ലാസലെറ്റിന്റെ എഴുത്തിന് മനുഷ്യന്റെ ഗന്ധമാണുള്ളത്. ദുഃഖത്തിന്റെ ഇരുള്‍ വീണ വഴികളില്‍ തപ്പിത്തടയുന്നവര്‍ക്കും, പ്രതിസന്ധികളുടെ നിലയില്ലാക്കയങ്ങളില്‍ മുങ്ങിത്താഴുന്നവര്‍ക്കും ജീവനിലേക്കുള്ള വഴികാട്ടിയായി അദ്ദേഹത്തിന്റെ വാക്കുകള്‍ മാറുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും ധ്യാനഗുരുവും കൗണ്‍സിലറുമായ ഫാ. ജെന്‍സണ്‍ ലാസലെറ്റ്, ലാസലെറ്റ് സന്യാസ സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനം ചെയ്യുന്നു.

? ലാസലെറ്റ് സന്യാസ സഭ മലയാളികള്‍ക്ക് അത്ര പരിചിതമായ സന്യാസ സഭയല്ല. എന്തുകൊണ്ടാണ് അച്ചന്‍ ഈ സഭ തിരഞ്ഞെടുത്തത്?

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഞ്ഞിയും പയറുമാണ്. കാരണം വേറൊന്നുമല്ല. ചെറുപ്പത്തില്‍ അതെ കിട്ടുമായിരുന്നുള്ളു. രണ്ടിലും മൂന്നിലും ഒക്കെ പഠിക്കുന്ന കാലം മുതല്‍ സ്‌കൂളില്‍ കഞ്ഞിവയ്ക്കുന്ന ജോലിയായിരുന്നു അമ്മയ്ക്ക്. ചെറുപ്പത്തില്‍ തന്നെ അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്തിരുന്നെങ്കിലും പത്താം ക്ലാസില്‍ ജയിച്ചെന്ന് അറിഞ്ഞ സമയത്താണ് സെമിനാരിയില്‍ ചേരണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. ഞങ്ങളുടെ അയല്‍വാസിയും സണ്‍ഡേ സ്‌കൂള്‍ അധ്യാപകനുമായിരുന്ന ഷാജു പി.ഡിയാണ് എനിക്കുവേണ്ടി വിവിധ സന്യാസ സഭകളിലേക്ക് കത്തയക്കുന്നത്. ഈ മാതാവിന്റെ പടം കാണാന്‍ നല്ല സൗന്ദര്യമുണ്ടല്ലോ എന്ന് പറഞ്ഞ് ലാസലെറ്റ് സഭയിലേക്കും അദ്ദേഹം കത്തയച്ചു. അങ്ങനെ വളരെ യാദൃച്ഛികമായാണ് ഞാന്‍ സെമിനാരിയില്‍ ചേരുന്നത്. യഥാര്‍ത്ഥത്തില്‍ സെമിനാരി ജീവിതത്തിലാണ് എന്റെ ദൈവവിളി വളരുന്നത്.

? പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യത്തിലൂടെ അച്ചന്റെ ജീവിതത്തില്‍ ലഭിച്ച പ്രത്യേക അനുഗ്രഹങ്ങള്‍ പങ്കുവയ്ക്കാമോ?

ഫിലോസഫി പഠിക്കുന്ന സമയത്ത് മൂന്ന് വിഷയങ്ങള്‍ക്ക് ഞാന്‍ പരാജയപ്പെട്ടിരുന്നു. നാലാമത്തെ വിഷയത്തിന് കൂടി പരാജയപ്പെട്ടാല്‍ സെമിനാരിയില്‍ നിന്ന് പറഞ്ഞുവിടും. മിക്കവാറും അടുത്ത വിഷയത്തിനും തോല്‍ക്കും, സെമിനാരിയില്‍ നിന്ന് പറഞ്ഞുവിടുന്നതിന് മുമ്പ് ഞാന്‍ തന്നെ നിര്‍ത്തി പോയേക്കാം എന്ന ചിന്ത ഭരിക്കാന്‍ തുടങ്ങി. ഈ സമയത്ത് എന്റെ സ്പിരച്വല്‍ ഫാദറിനെ കാണാന്‍ പോയി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു-‘ അച്ചാ, ഞാന്‍ വീട്ടില്‍ പോവുകയാണ്. അച്ചന്‍മാരൊന്നും ശരിയല്ല.’ ‘നീ അച്ചന്‍മാരുടെ കാര്യം പറയാതെ നിന്റെ കാര്യം പറ’ എന്നായി അച്ചന്‍. ‘ഏയ് അച്ചന്‍മാര്‍ ശരിയാകാതെ ഞാന്‍ ഇവിടെ നിന്നിട്ട് എന്താ കാര്യം’, എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ജ്ഞാനിയായ ആ വൈദികന്‍ എന്നെ ചേര്‍ത്തുനിര്‍ത്തി വീണ്ടും പറഞ്ഞു, ‘നീ സത്യം പറ’. ഒടുവില്‍ ഞാന്‍ കാര്യം പറഞ്ഞു.

നീ എത്ര കൊന്ത ചൊല്ലാറുണ്ട് എന്ന് മാത്രമാണ് അന്ന് അദ്ദേഹം തിരിച്ചു ചോദിച്ച ഏക കാര്യം. സായാഹ്ന പ്രാര്‍ത്ഥനയുടെ സമയത്തുള്ള ഒരു കൊന്ത ചൊല്ലാറുണ്ടെന്ന് പറഞ്ഞു. അച്ചന്‍ സ്‌നേഹത്തോടെ എന്നോട് പറഞ്ഞു, ‘അതു പോരടാ മോനെ. നിന്നെ രക്ഷിക്കാന്‍ ഇനി മാതാവിന് മാത്രമേ കഴിയൂ. കഴിയുന്ന അത്ര കൊന്തകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കണം’. അന്ന് അച്ചനോട് യാത്ര പറഞ്ഞിറങ്ങി പോരുന്ന വഴിക്ക് ഒരു കൊന്ത ചൊല്ലി. പിന്നെ കളിക്കുമ്പോഴും നടക്കുമ്പോഴും ഒക്കെ കൊന്ത ചൊല്ലുന്നത് ശീലമാക്കി. അക്കാലത്ത് ഒരു ദിവസം 15 കൊന്തകള്‍ വരെ ചൊല്ലിയിട്ടുണ്ട്. ഏതായാലും അതിനു ശേഷം ജീവിതത്തില്‍ ഒരു പരീക്ഷയ്ക്ക് പോലും തോറ്റിട്ടില്ല.

? എങ്ങനെയാണ് എഴുത്തിന്റെ മേഖലയിലേക്ക് അച്ചന്‍ കടന്നുവരുന്നത്?

എഴുതിയ ഒരു ലേഖനമെങ്കിലും ശാലോം ടൈംസില്‍ പ്രസിദ്ധീകരിച്ചുവരണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഡീക്കനായിരിക്കുന്ന സമയത്ത് ഞാന്‍ സണ്‍ഡേ ശാലോമിന് എഴുതി നല്‍കിയ ഒരു കുറിപ്പ് മാസികയിലേക്ക് എടുക്കുകയാണ് എന്ന് പറഞ്ഞ് ശാലോമില്‍നിന്ന് അറിയിപ്പ് ലഭിക്കുന്നത്. അത് എനിക്ക് വലിയ സന്തോഷം നല്‍കിയ അനുഭവമായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ സ്വപ്‌നങ്ങളുണ്ടല്ലോ. ഈ സ്വപ്‌നമൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്നാല്‍ നമ്മള്‍ മനസില്‍ താലോലിക്കുന്ന സ്വപ്‌നങ്ങള്‍പോലും ദൈവം അത്ഭുതകരമായി സാക്ഷാത്കരിച്ചു നല്‍കും.

രചന മേഖലയില്‍ വഴിത്തിരിവായ പുസ്തകമായിരുന്നു ‘ക്രിസ്തുവിന്റെ പാദങ്ങള്‍’. ആ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ആദ്യ മാസം തന്നെ ആയിരം കോപ്പികള്‍ വിറ്റഴിഞ്ഞു. ഇപ്പോള്‍ ആ പുസ്തകത്തിന്റെ നാലാമത്തെ പതിപ്പാണ് വിപണിയിലുള്ളത്. ഏഴ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആറു മലയാളം പുസ്തകങ്ങളും ഒരു ഇംഗ്ലീഷ് പുസ്തകവും. സോഫിയ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ക്രിസ്തുവിന്റെ തണലില്‍’ എന്ന പുസ്തകമാണ് അവസാനമായി പ്രസിദ്ധീകരിച്ച പുസ്തകം. ആ പുസ്തകം മുഴുവന്‍ ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ ഇരുന്ന് എഴുതിയതാണ്. ഇപ്പോള്‍ പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

? സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ വ്യക്തി എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സുവിശേഷവത്കരണത്തിന്റെ സാധ്യതകളെ അച്ചന്‍ എങ്ങനെയാണ് നോക്കി കാണുന്നത്?

ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ വന്നു. തൃശൂരില്‍ നിന്നാണ് വിളിച്ചത്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് – ”അച്ഛാ ഞാനിന്ന് ആത്മഹത്യ ചെയ്യുവാനാണ് വീട്ടില്‍ നിന്നിറങ്ങിയത്. തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കണമെന്ന് തോന്നി അവിടെയെത്തി പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് അവിടെ ആരോ വച്ചിട്ടുപോയ ‘ക്രിസ്തുവിന്റെ പാദങ്ങള്‍’ എന്ന അച്ചന്റെ പുസ്തകം കാണുന്നത്. അത് വായിച്ചപ്പോള്‍, ആത്മഹത്യ ചെയ്യാന്‍ എനിക്ക് തോന്നിയില്ല.”

ഇത്തരത്തിലുള്ള ചില സാക്ഷ്യങ്ങളാണ് എന്നെ എഴുത്തിന്റെ മേഖലയില്‍ ഇന്നും പിടിച്ചുനിര്‍ത്തുന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അലയുന്ന അനേകരുണ്ട്. ചിലപ്പോള്‍ എഫ്എമ്മിലൂടെ ഒരു ഗാനം കേള്‍ക്കുമ്പോഴായിരിക്കും, ചിലപ്പോള്‍ ഒരു പ്രസംഗം കേള്‍ക്കുമ്പോഴായിരിക്കും, ചിലപ്പോള്‍ ഒരു ആശയം കേള്‍ക്കുമ്പോഴായിരിക്കും അവരുടെ അപ്പോഴുള്ള പ്രതിസന്ധിക്ക് ഉത്തരം ലഭിക്കുന്നത്. സുവിശേഷവേല എന്ന് പറയുന്നത് ദൈവത്തെ കൊടുക്കുന്ന ശുശ്രൂഷയാണ്. രക്തദാനത്തെക്കാള്‍ വലിയ ദാനമാണ് മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവേല.

? യേശുവിന്റെ തിരുശരീരവും തിരുരക്തവും വിശുദ്ധ ബലിയിലൂടെ വിശ്വാസികള്‍ക്കായി പങ്കുവച്ച് നല്‍കുന്ന അച്ചന്‍ സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് നല്‍കിക്കൊണ്ടാണ് യേശുവിന്റെ മാതൃക പിന്‍ചെല്ലിയത്? എങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്?

ഞങ്ങളുടെ കമ്മ്യൂണിറ്റി മീറ്റിംഗില്‍ ഒരിക്കല്‍ അവയവദാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നപ്പോഴാണ് അവയവദാനം നടത്തിയാലെന്ത് എന്ന ചിന്ത മനസില്‍ വരുന്നത്. ഈ ചിന്തയെക്കുറിച്ച് എന്റെ ഒരു അടുത്ത സുഹൃത്തുമായി പങ്കുവച്ചു. ” അച്ചന്‍ ഇതിനെക്കുറിച്ച് ആരോടും പറയരുത്. ഇത് ദൈവഹിതമാണെന്നുണ്ടെങ്കില്‍ അതിന് വേണ്ട സാഹചര്യങ്ങളും വ്യക്തിയും അച്ഛന്റെ മുമ്പിലെത്തും” എന്നാണ് ആ സുഹൃത്ത് എന്നോട് പറഞ്ഞത്. അത് എനിക്ക് സ്വീകാര്യമായി തോന്നി. ഞാന്‍ പിന്നെ ഈ കാര്യം ആരോടും സംസാരിച്ചില്ല.

2019 ഒക്‌ടോബര്‍ മാസത്തില്‍ എന്റെ ഇടവകദൈവാലയത്തില്‍ ദിവ്യബലി കഴിഞ്ഞ് പ്രാര്‍ത്ഥനാഗ്രൂപ്പിലെ ഒരു ചേട്ടന്റെ കൂടെ യാത്ര ചെയ്യാനിടയായി. ആ യാത്രയ്ക്കിടയില്‍ വൃക്ക രോഗിയായ ഒരു പെണ്‍കുട്ടിയുടെ ഫഌക്‌സ് കാണിച്ചുകൊണ്ട് ആ ചേട്ടന്‍ ഇങ്ങനെ പറഞ്ഞു-”രണ്ട് വൃക്കകളും തകരാറിലായ ഈ പെണ്‍കുട്ടി സാമ്പത്തികമായ സഹായം തേടുന്നുണ്ട്. ഇതുവരെ ആരുടെയും വൃക്ക കിട്ടിയില്ല.” അത് എനിക്ക് ഒരു ‘സ്പാര്‍ക്കായിരുന്നു. ഇത് എന്തിനാണ് എന്നോട് പറയുന്നത്?. തുടര്‍ന്ന് അദ്ദേഹം ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും എന്നോട് പറഞ്ഞു. 27 വയസു മാത്രമേ ഉള്ളൂ. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്യണം. ഞങ്ങളുടെ ഇടവകയില്‍ തന്നെയുള്ള കുട്ടിയാണെങ്കിലും ഈ പെണ്‍കുട്ടിയെയോ അവളുടെ വീട്ടുകാരെയോ ഞാനറിയുകയില്ല. പെണ്‍കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് അറിയുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അന്വേഷിച്ച് അത് ഒ പോസിറ്റീവ് ഗ്രൂപ്പാണെന്ന് പറഞ്ഞു. എന്റെ ബ്ലഡ് ഗ്രൂപ്പ്.

ഇത് കര്‍ത്താവിന്റെ ഹിതമാണെന്ന് എനിക്ക് ബോധ്യമായി. എനിക്ക് വൃക്ക കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിച്ചു. ‘ജെന്‍സനച്ചാ ഉറപ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കരുത്. അച്ചന്‍ സീരിയസാണോ?’ എന്ന് ചോദിച്ച് വികാരിയച്ചനായ സണ്ണി കളമ്പനാംതടത്തിലാണ് പിന്നീട് എന്നെ വിളിക്കുന്നത്. ഞാന്‍ സീരിയസാണെന്ന് അച്ചനോട് പറഞ്ഞു. ഇത് നിസാര കാര്യമല്ലെന്നും അതിന് കുറെ കടമ്പകളുണ്ടെന്നും അച്ചന്‍ മുന്നറിയിപ്പ് നല്‍കി. അതിനെല്ലാം ഞാന്‍ സമ്മതം പ്രകടിപ്പിച്ചതോടെ അച്ചന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചു സംസാരിച്ചു. അവര്‍ക്കും സന്തോഷമായി. 2021 സെപ്റ്റംബര്‍ 27 -ന് ലൂര്‍ദ് ആശുപത്രിയില്‍ വച്ച് വൃക്ക മാറ്റി വച്ചു.

വൃക്ക മാറ്റി വച്ച് കഴിഞ്ഞ് ആ പെണ്‍കുട്ടി പറഞ്ഞ ആദ്യ വാക്കുകള്‍ ഇങ്ങനെയായിരുന്നു – ”ഇപ്പോള്‍ ഭാരമില്ലാത്ത ഒരു പറവയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.”കാരണം രണ്ടര വര്‍ഷത്തിനുശേഷമായിരുന്നു അവളുടെ ശരീരത്തില്‍നിന്ന് യൂറിന്‍ പുറത്തുപോയത്.
കിഡ്‌നി നല്‍കിയതിനുശേഷം ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി കൂടെ പറയാം. കിഡ്‌നി സ്വീകരിച്ച പെണ്‍കുട്ടിക്ക് ചില കോംപ്ലിക്കേഷന്‍സ് ഉണ്ടായ അവസരത്തില്‍ പ്രാര്‍ത്ഥനയില്‍ വളര്‍ന്ന ഒരു വ്യക്തി, ഈ കിഡ്‌നി നല്‍കിയത് ദൈവഹിതമായിരുന്നോ എന്ന സന്ദേഹം പ്രകടിപ്പിച്ചു. ബൈബിളില്‍ എവിടെയാണ് അവയവദാനത്തെക്കുറിച്ച് പറയുന്നത് എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഈ വാക്കുകള്‍ എന്നില്‍ വലിയ കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചു. വലിയ വേദനയോടെ ഞാന്‍ വിശുദ്ധ ഗ്രന്ഥം തുറന്നപ്പോള്‍ എനിക്ക് കിട്ടിയത് യോഹന്നാന്‍ 15:13 വാക്യമായിരുന്നു -” സ്‌നേഹിതര്‍ക്കു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല.” എല്ലാ സന്ദേഹങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു അത്.

? ആന്ധ്രാപ്രദേശില്‍ മിഷനറിയായി സേവനം ചെയ്ത നാളുകളിലെ അനുഭവങ്ങള്‍ വിവരിക്കാമോ?

എംഎ മലയാളം പഠിക്കണം. നല്ല ധ്യാനഗുരുവാകണം എന്നതായിരുന്നു പൗരോഹിത്യം സ്വീകരിച്ചശേഷം എന്റെ ഏറ്റവും വലിയ സ്വപ്‌നം. അങ്ങനെയിരിക്കെയാണ് ‘ആന്ധ്രായിലേക്ക് പോകണം. അവിടെ സഭയ്ക്കുവേണ്ടി മിഷന്‍ ആരംഭിക്കണം’ എന്ന് പ്രൊവിന്‍ഷ്യാള്‍ അച്ചന്‍ എന്നോട് ആവശ്യപ്പെടുന്നത്. അത് എനിക്ക് ഉള്‍ക്കൊള്ളാനായില്ല. എങ്കിലും അനുസരണത്തിന്റെ പേരില്‍ ഞാന്‍ ആ നിര്‍ദേശം സ്വീകരിച്ചു ആന്ധ്രയിലേക്ക് പോയി.
അവിടെ വച്ചാണ് എന്റെ ജീവിതത്തിലെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഭാഷ വശമില്ലാതിരുന്ന ഞാന്‍ തെലുങ്ക് പഠിച്ച് തെലുങ്ക് ഭാഷയില്‍ നൈറ്റ് വിജില്‍ വരെ നടത്തി. രാത്രി ഒന്‍പത് മണിക്ക് തുടങ്ങും, പുലര്‍ച്ചെ അഞ്ച് മണി വരെ തുടരും. അങ്ങനെ ഇടവക കെട്ടിപ്പടുക്കാന്‍ ദൈവം എന്നെ ഉപകരണമാക്കി. സ്ഥലം വാങ്ങി.

ആറേഴ് വര്‍ഷം വികാരിയായി സേവനം ചെയ്തു. വലിയ സ്‌കൂള്‍ സ്ഥാപിച്ചു. വലിയ പ്രസ്ഥാനമായി ആ മിഷന്‍ വളര്‍ന്നു. ആന്ധ്രയില്‍ വച്ചാണ് ഞാന്‍ ആദ്യമായി ധ്യാനിപ്പിക്കുന്നത്. ആന്ധ്രയില്‍ വച്ചാണ് എന്റെ ആദ്യത്തെ പുസ്തകമിറങ്ങുന്നത്. നമ്മള്‍ നമ്മുടെ സ്വപ്‌നങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ ദൈവം ദൈവത്തിന്റെ സ്വപ്‌നങ്ങള്‍ നമ്മിലൂടെ പൂര്‍ത്തീകരിക്കുകയും നമ്മുടെ സ്വപ്‌നങ്ങള്‍ സഫലീകരിക്കുകയും ചെയ്യും. എനിക്ക് മലയാളം പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ മലയാളം പഠിക്കാതെ തന്നെ എഴുത്തിന്റെ മേഖലയിലും ധ്യാനത്തിന്റെ മേഖലയിലും ദൈവം എന്നെ ഉയര്‍ത്തി. അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്. അനുസരിച്ചോ, അവിടെ അഭിഷേകം ഉണ്ടാകും.

‘എന്റെ സ്വപ്‌നങ്ങള്‍ തന്‍ ചിറകുകള്‍ കൊത്തിയരിഞ്ഞ്
എന്റെ മനക്കോട്ടകള്‍ തന്‍ മണ്‍കുടിലുകള്‍ ചവിട്ടിമെതിച്ച്,
എന്റെ മോഹങ്ങള്‍ തന്‍ മണ്‍ചിരാതില്‍ തിരിനാളങ്ങള്‍ ഊതിക്കെടുത്തി,
എന്റെ ദൈവമിന്നെന്നോടു ചൊല്ലി,
കുഞ്ഞേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു….”
(ക്രിസ്തുവിന്റെ പാദങ്ങള്‍)

? ഇന്ന് ദൈവവചനം കേള്‍ക്കാനും പഠിക്കാനു മൊക്കെ ധാരാളം അവസരങ്ങളുണ്ട്. എങ്കിലും എന്തുകൊണ്ടാണ് മനുഷ്യരുടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കാത്തത്?

കോവിഡിനുശേഷമുള്ള ഈ കാലംപോലെ വചനപ്പെരുമഴയുണ്ടായ കാലം സഭയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. യൂട്യൂബ് ചാനലുകള്‍, വാട്ട്‌സാപ്പ് കൂട്ടായ്മകള്‍ മറ്റ് മാധ്യമങ്ങള്‍ എന്നിവയിലൂടെയെല്ലാം ധാരാളമായി വചനം പങ്കുവയ്ക്കപ്പെടുന്നു.
ഒരു വ്യക്തി എന്ന നിലയില്‍ ചില നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുന്നുണ്ടോ, പറയുന്നത് ജീവിക്കാന്‍ കഴിയുന്നുണ്ടോ എന്നുള്ളതാണ് ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളി. ഒരുപക്ഷേ ക്രിസ്തുവിന്റെ ജീവിതത്തില്‍ ഏറ്റവും വേദനാജനകമായ ഒരു സംഭവമായിരുന്നു പത്രോസിനെ നോക്കി ‘സാത്താനേ നീ ദൂരെ പോവുക’ എന്ന് പറഞ്ഞ സംഭവം. ക്രിസ്തു അവിടെ പത്രോസിനെ തിരുത്തുകയാണ്. നല്ല അപ്പന്റെ സ്ഥാനത്തുനിന്ന്. ഇന്നത്തെ തലമുറയില്‍ അത്തരത്തിലുള്ള തിരുത്തലുകള്‍ നടക്കുന്നില്ല എന്നുള്ളത് വളരെ വ്യക്തമാണ്. ഒരു ‘സുഖിപ്പിക്കല്‍’ (കോംപ്രമൈസിങ്ങ്) തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നത്. പണ്ട് കുട്ടികളെ തിരുത്തുവാന്‍ അപ്പനമ്മമാര്‍ക്ക് മടിയില്ലായിരുന്നു. സ്ട്രിക്റ്റ് ആകേണ്ടിടത്ത് സ്ട്രിക്റ്റ് ആകുക തന്നെ വേണം.

ഒരു മനുഷ്യന്റെ തച്ചുടക്കപ്പെടേണ്ട ഏറ്റവും വലിയ വിഗ്രഹം സല്‍പ്പേരാണ്. കാരണം നമ്മുടെ നിലപാടുകളില്‍ നാം എന്തിനാണ് വെള്ളം ചേര്‍ക്കുന്നത് ? – നമ്മുടെ പേര് നിലനിര്‍ത്താന്‍. സല്‍പ്പേര് എന്ന വിഗ്രഹം തച്ചുടക്കാതെ ഒരാള്‍ക്ക് ആത്മീയ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കില്ല. പ്രശസ്തരായ ഏത് ആത്മീയ ഗുരുക്കന്‍മാരെ എടുത്ത് നോക്കിയാലും ഇത് സത്യമാണെന്ന് കാണാം. കുടുംബജീവിതത്തിലായാലും ചില നഷ്ടങ്ങള്‍ ആവശ്യമാണ്. പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യുവാന്‍ മക്കള്‍ തുനിഞ്ഞപ്പോള്‍ പാപം ചെയ്യാന്‍ ഇടവരാതെ അവരുടെ പ്രാണന്‍ എടുക്കാനാണ് റീത്ത പുണ്യവതി ദൈവത്തോട് ആവശ്യപ്പെട്ടത്. സ്‌നേഹിക്കുന്നു എന്ന് കരുതി എല്ലാത്തിനോടും കണ്ണടയ്ക്കരുത്. കുട്ടികളെ അപ്പനമ്മമാര്‍ ഭയക്കുന്ന ഈ കാലഘട്ടത്തില്‍ ആര് അവരെ തിരുത്തും എന്ന ചോദ്യമുയരുന്നു. നന്മയോട് യേസ് പറയാനും തിന്മയോട് നോ പറയാനുമുള്ള ആര്‍ജ്ജവം നാം കാണിക്കണം.
പരിശുദ്ധ അമ്മയുടെ ഒറ്റ ചോദ്യത്തിനുശേഷം പിന്നെ ഈശോ ‘പുറം ലോകം കാണുന്നത്’ മുപ്പതാമത്തെ വയസിലാണ്. അതും അമ്മ ഇറങ്ങാന്‍ പറഞ്ഞപ്പോള്‍. മറിയം പിടിച്ച ആ പിടി ഇന്ന് പല കുടുംബങ്ങളിലും ഇല്ല.

? അച്ചനെഴുതിയ ‘ഡാഡ് വെന്‍ ആര്‍ യു കമിംഗ് ഹോം’? എന്ന ഇംഗ്ലീഷ് പുസ്തകം ഏറെ കാലിക പ്രസക്തിയുള്ള പുസ്തകമാണ്. അതിനെക്കുറിച്ച്?

തീസിസിന്റെ ഭാഗമായി ഭാര്യാഭര്‍ത്താക്കന്‍മാര്‍ അകന്നു കഴിയുന്ന (ജോലിയുടെ ആവശ്യങ്ങള്‍ക്കായി) കുടുംബങ്ങളെക്കുറിച്ച് പഠനം നടത്തിയതിന്റെ വെളിച്ചത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഡാഡ് വെന്‍ ആര്‍ യു കമിംഗ് ഹോം’. ഇത്തരം കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് തീരുമാനം എടുക്കാനുള്ള കഴിവ് കുറവായിരിക്കും. അപ്പന്‍മാരുടെ ശകാരം കേള്‍ക്കാതെ വളരുന്ന കുട്ടികള്‍ക്ക് ചെറിയ ഒരു ശകാരമോ പ്രതിസന്ധിയോപോലും താങ്ങാനാവാതെ വരുന്നു. പല കുടുംബങ്ങളിലും അപ്പന്‍ വല്ലപ്പോഴും വരുന്ന ഒരതിഥി മാത്രമാണ്.

അപ്പനില്‍നിന്ന് പഠിക്കേണ്ട, അപ്പന്‍ ചേര്‍ത്തുനിര്‍ത്തേണ്ട കുറെ അനുഭവങ്ങള്‍ മക്കള്‍ക്ക് നഷ്ടപ്പെടുന്നു. അപ്പന്റെ നെഞ്ചിന്റെ ചൂട്, ശകാരത്തിന്റെ ചൂട്, വടിയുടെ ചൂട് ഒന്നും അറിയാതെ മക്കള്‍ വളര്‍ന്നു വരുന്നു. ഭാര്യ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ജീവിതപങ്കാളിയുടെ ചുമലോ സ്പര്‍ശനമോ ശ്രവണമോ ഒക്കെയാണ്. അതുപോലെതന്നെ കുടുംബത്തിലെ അപ്പനും അമ്മയും ഒരാവശ്യനേരത്ത് നോക്കുന്നതും മക്കളിലേക്കാണ്. അത് പ്രകൃതിയുടെ നിയമമാണ്. ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ട വില നല്‍കാതിരിക്കുമ്പോഴും ആ കുടുംബത്തില്‍ അപ്പന്‍ കരിന്തിരി കെടുകയാണ് ചെയ്യുന്നത്. എന്റെ കൂട്ടുകാരന്‍, അപ്പന്‍ മരിച്ചശേഷം പറഞ്ഞത് – ‘അപ്പന്‍ ചുമ്മാ വീട്ടില്‍ ഇരുന്നാല്‍ മതിയായിരുന്നു. അപ്പന്‍ ഒരു തണലാണച്ചാ’ എന്നായിരുന്നു.

തൃശൂര്‍ ജില്ലയില്‍ മൂന്നുമുറി ഗ്രാമത്തിലെ ചെന്ദ്രാപ്പിന്നി ജേക്കബ് മറിയംകുട്ടി ദമ്പതികളുടെ നാലുമക്കളില്‍ രണ്ടാമനായി 1978-ല്‍ ഫാ. ജെന്‍സണ്‍ ലാസലെറ്റ് ജനിച്ചു. 2005-ല്‍ തിരുപ്പട്ടം സ്വീകരിച്ചു. ലാസലെറ്റ് സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിലെ അംഗങ്ങളില്‍ ഒരുപക്ഷേ ഏറ്റവും ചെറിയ വീട് പ്രൊവിന്‍ഷ്യാളായ ഫാ. ജെന്‍സണ്‍ ലാസലറ്റിന്റേതായിരിക്കും. ജെന്‍സനച്ചന്‍ കിഡ്‌നി നല്‍കിയ സര്‍ജറിക്ക് ശേഷം, വിശ്രമത്തിനായി ഈ വീട്ടിലേക്കാണ് പോയത്. സന്യാസ സഭ ഒരുക്കിയ എല്ലാ സൗകര്യങ്ങളും വേണ്ടെന്നുവച്ചുകൊണ്ട് വീട്ടിലെ വളരെ ചെറിയ മുറിയിലാണ് അന്ന് അച്ചന്‍ കിടന്നത്. അറ്റാച്ച്ഡ് ബാത്ത്‌റൂം ഒന്നും ഇല്ല. അതിന് അച്ചന്‍ പറഞ്ഞ ന്യായം ഇങ്ങനെയായിരുന്നു – ”എന്റെ അമ്മ എനിക്ക് ജന്മം നല്‍കിയിട്ട് വിശ്രമിച്ചത് ഇവിടെയാണ്. എന്റെ അമ്മയുടെ യൂട്രസ് നീക്കം ചെയ്തശേഷം വിശ്രമിച്ചത് ഇവിടെയാണ്. എന്റെ വിശ്രമവും ഇവിടെ തന്നെ മതി. വീട്ടിലേക്കുള്ള യാത്രയാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ഷിക ധ്യാനം.’ വിട്ടുവീഴ്ച ഇല്ലാത്ത ഇത്തരം നിലപാടുകളിലൂടെ, പ്രഘോഷിക്കുന്നതോടൊപ്പം ജീവിക്കാനുമുള്ളതാണ് സുവിശേഷമെന്ന് ജെന്‍സനച്ചന്‍ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?