Follow Us On

22

February

2024

Thursday

ഹൃദയം

ഹൃദയം

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

വായിച്ചിട്ടുള്ളതില്‍ ഹൃദയത്തില്‍ തൊട്ട ചെറുകഥകളിലൊന്നാണ് ടി. പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി. മരണത്തിന്റെ മുന്നില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്. പുതിയ ഹൃദയത്തിനുടമയായ മനുഷ്യനെ കഥയുടെ അവസാനം വായനക്കാരന് കാണാം. മരിക്കാന്‍ പോകുന്ന കഥാനായകന് ജീവിക്കാനുള്ള പ്രകാശം നല്‍കുകയാണ് ആ പെണ്‍കുട്ടി ഈ കഥയിലൂടെ.

മനുഷ്യന്റെ കെട്ടുപിടഞ്ഞു കിടക്കുന്ന ജീവിതത്തില്‍ പ്രകാശം ആവശ്യമാണ്. മനസ് അസ്വസ്ഥമാണ് കഥാനായകന്. ആ അവസ്ഥയിലേക്ക് ഒരു ചിരിയുമായി ആ പെണ്‍കുട്ടി കടന്നുവരുന്നു. മായാത്ത ഓര്‍മ്മയായി അവള്‍ അയാളില്‍ ശേഷിക്കുന്നു. പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ആ കൗമാരക്കാരി ഒരു പ്രതീകമാണ്. അന്ധകാരം നിറഞ്ഞ ജീവിതത്തിലേക്ക് കടന്നുവരാന്‍ സാധ്യതയുള്ള പ്രകാശത്തിന്റെ പ്രതീകം. മരണ ആഭിമുഖ്യമല്ല ജീവിത ആഭിമുഖ്യമാണ് പ്രധാനം എന്ന് ആ പെണ്‍കുട്ടി അയാളെ ഓര്‍മിപ്പിച്ചു. അയാളുടെ കാത്തിരിപ്പിലേക്കാണ് അവള്‍ കടന്നുവന്നത്. മരണത്തിന്റെ ചിന്തയിലേക്ക് ജീവിതത്തിന്റെ പ്രകാശം. ഹൃദയങ്ങള്‍ തമ്മില്‍ സംസാരിക്കുന്ന ഭംഗി ഈ കഥയിലുണ്ട്.

സത്യത്തില്‍ ഹൃദയത്തില്‍ നിന്നാണ് കാര്യങ്ങള്‍ ചുരുങ്ങി പോകുന്നത്. സ്‌നേഹവും കരുണയുമെല്ലാം കുറയുന്നതും അതുകൊണ്ട് തന്നെ. ആത്മാര്‍ത്ഥമായ വാക്കും നോട്ടവുമൊക്കെ എന്നെ മറഞ്ഞിരിക്കുന്നു. ഹൃദയത്തിന്റെ ഓര്‍മകള്‍ സഞ്ചരിക്കുന്നത് കുരിശിലേക്കാണ്, നസ്രായന്റെ ഹൃദയത്തിലേക്ക്. ചങ്കിലെ നിണത്താല്‍ ആ സ്‌നേഹം ഹൃദയത്തിന്റെ ആഴം സംസാരിക്കുന്നുണ്ട്. കരുണയും ആര്‍ദ്രതയും എല്ലാം ഹൃദയത്തില്‍നിന്നാണ് അവന്‍ അടയാളപ്പെടുത്തുന്നത്. അതിന്റെ സൂചനയാണ് ഈ സ്‌നേഹവാക്യം ‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിങ്ങളുടെ ഹൃദയവും.’

അവന്റെ ഹൃദയം മുഴുവനും ചുറ്റുമുള്ളവരിലായിരുന്നു. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മീതെ നടക്കാനുള്ള ബലവും ഈ ഹൃദയത്തിന്റെ നിറവില്‍നിന്നുതന്നെ. ഒടുവില്‍ ഇതെന്റെ ശരീരമെന്ന് പറഞ്ഞ് വാഴ്ത്തുമ്പോഴും, എല്ലാം ഹൃദയത്തില്‍ നിന്നാണ് എന്നതിന്റെ തെളിവാണ്. ഇന്ന് ഹൃദയത്തില്‍നിന്ന് ‘ഒരു ഹായ്’ കേട്ടിട്ട് കാലങ്ങളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടുന്ന ‘ഹായ്’കള്‍ക്ക് എന്തുമാത്രം ഹൃദയമുണ്ടെന്ന് ആര്‍ക്കറിയാം. നേരിട്ട് കാണുമ്പോള്‍ ഒന്ന് പുഞ്ചിരിക്കാന്‍പോലും കഴിയാത്ത ഇത്തരം പ്രകടനങ്ങള്‍ക്ക് ഹൃദയമില്ല. ദൂരങ്ങളിലിരുന്ന് ‘ഹായ്’ പറയുന്ന നമ്മുടെ ഹൃദയം മറ്റു കോണിലുള്ളവരെ തൊടേണ്ട സമയമായി. ചുരുക്കത്തില്‍ കുറച്ചുകാലം ഫേസ്ബുക്കും ഇന്‍സ്റ്റയുമൊക്കെ ഒന്ന് Sign Out ചെയ്യാന്‍ സമയമായി. ലൈഫ് ബുക്കിലെ ചങ്ങാതിമാര്‍ക്കൊപ്പം കരം പിടിച്ചു നടക്കാനും കുശലം പറയാനും നേരമായി.

കടലിന്റെ മര്‍മ്മം അറിഞ്ഞതുകൊണ്ടാവാം ഈശോ അതിനെ ശാന്തമാക്കിയത്. അതിനാലാവണം വലയെറിയാനുള്ള വശം അവന്‍ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കുന്നത്. ഇന്ന് ഈ കടലില്‍ വലയെറിയാനുള്ള വശമറിയാതെ പലരും ക്ഷീണിക്കുന്നുണ്ട്. ഇടത്തോ … അതോ വലത്തോ….? കടലിന്റെ ഹൃദയമറിയാത്ത ഈ യാത്രയില്‍, ഈ ജീവിതത്തില്‍ നാം തനിച്ചാകുന്നു. ജീവിതത്തിന്റെ അംശമെന്നോണം ഒരല്പം നന്ദി നല്ലതാണ്. അതിനേ ഹൃദയങ്ങളെ തൊടാന്‍ സാധിക്കൂ. ആരുടെയും സ്പര്‍ശനമില്ലാതെ ആരും ഒന്നും ആകുന്നില്ല. സ്‌നേഹത്തിന്റെ, കരുണയുടെയൊക്കെ മിച്ചമുള്ള ഒരു കുഞ്ഞു ഹൃദയം മതി ഈ തിരക്കുള്ള ഭൂമിയില്‍ ഗുരുവിനോട് ചേര്‍ന്ന് നില്‍ക്കാന്‍. അതെ ഹൃദയത്തില്‍ നിന്നാണ് ഇതൊക്കെ പരക്കുന്നത്, സ്‌നേഹത്തിന്റെ, കരുണയുടെ, നന്ദിയുടെ സുഗന്ധങ്ങള്‍.

തിരക്കില്‍ കൈവിട്ടുപോയ ബലൂണ്‍ എത്തി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ മകനെ തിരയുന്ന അപ്പന്റെ ഹൃദയം. കൈവിട്ടുപോകുന്ന സ്വത്താണ് മകന്‍. അവനുവേണ്ടി ഹൃദയമാണ് പരതുന്നത്. കൈവിട്ടു പോകുമ്പോഴേ ഈ ബന്ധങ്ങളുടെയൊക്കെ വിലയറിയൂ. ഇനിയും ഈ കൂട്ടത്തില്‍ തപ്പിയെടുക്കാന്‍ ഒരു കൂട്ടം പേരുണ്ട്. പലപ്പോഴായി ഞാന്‍ കൈവിട്ടു കളഞ്ഞ ചിലര്‍. ഈ കൂട്ടത്തില്‍ എവിടെയോ അവര്‍ ഒറ്റയ്ക്ക് നില്‍പ്പുണ്ട്. ഹൃദയംകൊണ്ട് ഞാനൊന്ന് പരതട്ടേ…

‘കുറേനാള്‍ മുമ്പാണ്. ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോല്‍ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോള്‍ ഓര്‍ക്കുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്നു നിനക്ക് കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്’
– പെരുമ്പടവം ശ്രീധരന്‍ (ഒരു സങ്കീര്‍ത്തനംപോലെ)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?