Follow Us On

12

August

2025

Tuesday

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം: കെസിബിസി

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം: കെസിബിസി
കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്‍  സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. അതിവേഗം മാറിവരുന്ന സാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഗൗരവത്തോടെ കാണണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കെസിബിസി സമ്മേനം ഓര്‍മിപ്പിച്ചു.
സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും സമ്മേളനം വിലയിരുത്തി.
കേരള സഭാനവീകരണത്തിന്റെ രണ്ടാം ഘട്ടമായ 2024 ‘യുവജന വര്‍ഷമായി’ ആചരിക്കാന്‍ തീരുമാനിച്ചു. വൈദിക-സന്യസ്ത രൂപീകരണത്തില്‍ കാലോചിതമായ നവീകരണം ആവശ്യമാണ്. അതിന് സഹായകരമായ പദ്ധതികള്‍ സെമിനാരികളിലും സന്യസ്ത പരിശീലനകേന്ദ്രങ്ങളിലും ക്രമീകരിക്കണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു. ഇടവകകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും പുതിയ ‘ലൗദാത്തേ ദേവും’ എന്ന രേഖയില്‍ പരിസ്ഥിതിയുടെ ശുശ്രൂഷകര്‍ എന്ന നിലയില്‍ മനുഷ്യര്‍ വര്‍ത്തിക്കണം എന്ന് ഓര്‍മപ്പെടുത്തുന്നുണ്ടെന്ന് കെസിബിസി ചൂട്ടിക്കാട്ടി.
കുസാറ്റ് അപകടത്തില്‍പ്പെട്ടവരുടെ ചികിത്സയ്ക്കാവശ്യമായ ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്ത കെസിബിസി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മാസങ്ങളായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ശമനം ഉണ്ടായിട്ടില്ലായെന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്നു വിലയിരുത്തിയ സമ്മേളനം അവിടെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. കൃഷികള്‍ നശിപ്പിക്കുന്നവയും സമൂഹത്തിന്റെ സമാധാനം കെടുത്തുന്നവയുമായ ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?