ഇരിട്ടി: കര്‍ഷകന് ഇനി രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണ് കര്‍ഷകന്റെ പുതിയ രാഷ്ട്രീയമെന്നും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക അതിജീവന യാത്ര ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണം മൂലം ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് സര്‍ക്കാരും വനം വകുപ്പുമാണ് ഉത്തരവാദികള്‍. കര്‍ഷകരോടുള്ള അവഗണനയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര പീഡനവും നിമിത്തം ജീവിതം ദുസഹമായിരിക്കുകയാണ്; മാര്‍ പാംപ്ലാനി പറഞ്ഞു.
ജാഥാ ക്യാപ്റ്റനും എകെസിസി ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. സണ്ണി ജോസഫ് എംഎല്‍എ, എകെസിസി ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, പ്രഫ. ജോബി കാക്കശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉളിക്കലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ ജോസ് ആത്രശേരിയുടെ കുഴിമാടത്തില്‍ സമ്മേളനത്തിന് മുമ്പ് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ഇരിട്ടി പട്ടണത്തില്‍ നടന്ന ബഹുജന റാലിക്ക് ശേഷമാണ് പൊതുസമ്മേളനം നടന്നത്.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ 11 മുതല്‍ 22 വരെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക അതിജീവന യാത്ര നടത്തുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *