Follow Us On

20

September

2024

Friday

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം
 തൃശൂര്‍: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന യാത്രയ്ക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
സ്വീകരണ സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ കടബാധ്യതകളുടെ പേരില്‍ ഇനിയൊരു ആത്മഹത്യയും ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന്  ജാഥ ക്യാപ്റ്റനും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റുമായ ബിജു പറയന്നിലം പറഞ്ഞു. കൃഷിനാശം മൂലം ലോണ്‍ അടയ്ക്കാന്‍ കഴിയാത്തവരുടെ കടങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഈ ലോണുകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, ഫാ. ഫിലിപ്പ് കവിയില്‍, രാജീവ് കൊച്ചുപറമ്പില്‍, കെ.എം ഫ്രാന്‍സിസ്, ജോര്‍ജ് കോയിക്കല്‍, ജോസുകുട്ടി ഒഴുകയില്‍, എന്‍.പി ജാക്‌സണ്‍, ഡോ. ജോബി കാക്കശേരി എന്നിവര്‍ പ്രസംഗിച്ചു. പുതുക്കാട്, ഇരിഞ്ഞാലക്കുട തുടങ്ങി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി.
   വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക, റബര്‍ നാളികേരം തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതിജീവന യാത്ര നടത്തുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?