Follow Us On

23

November

2024

Saturday

മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത

മലയാള സിനിമയിലെ ക്രൈസ്തവ  വിരുദ്ധത

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

കൊന്തയിട്ട വട്ടിപ്പലിശക്കാരനും കുരിശു ധരിച്ച വാടകക്കൊലയാളികളും ആയിരുന്നു പണ്ട് മലയാള സിനിമകളിലെ ക്രൈസ്തവ വിരുദ്ധതയ്ക്ക് ആധാരമായി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഉള്‍ചേര്‍ത്തിരുന്നതെങ്കില്‍ ഇന്ന് വിശുദ്ധ പാരമ്പര്യങ്ങളും ക്രൈസ്തവ പഠനങ്ങളും പരിഹാസവും അവഹേളനവും മേമ്പൊടി ചേര്‍ത്ത് പരസ്യ തന്ത്രത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് ചെയ്യുന്ന ശൈലി കൂടി വരുകയാണ്. വൈദികരെയും സന്യസ്തരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമകളും മലയാള സിനിമയില്‍ വര്‍ധിച്ചു വരുന്നു. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന സീനുകളിലും തിരക്കഥയിലും നിറഞ്ഞാടുന്ന ക്രൈസ്തവ വിരുദ്ധത യാദൃച്ഛികമെന്ന് കരുതി തള്ളിക്കളയാവുന്നവയല്ല. ഈ രണ്ടു സിനിമകളുടേയും മുഖ്യധാരാ അണിയറപ്രവര്‍ത്തകര്‍ ക്രൈസ്തവരാണെന്നതും ഗൗരവതരമായി കാണേണ്ടതുണ്ട്.

വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുന്ന ആന്റണി
മലയാളത്തിലെ പല ബ്ലോക്ക് ബ്ലസ്റ്റര്‍ സിനിമകളുടേയും സംവിധായകനായ ജോഷിയുടെ സിനിമയാണ്, ആന്റണി. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വിശുദ്ധമായി കാണുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുന്ന രംഗം ഉള്‍പ്പെടുത്തിക്കൊണ്ട് ഈ സിനിമ ക്രൈസ്തവവിരുദ്ധതയുടെ സര്‍വ്വസീമകളും ലംഘിച്ചു. സിനിമയിലെ മുഖ്യ കഥാപാത്രമായ അവറാനെ അവതരിപ്പിച്ച വിജയരാഘവന്‍, എപ്പോഴും കൈവശം വെച്ചിരുന്ന വിശുദ്ധ ബൈബിളിന്റെ പേജുകള്‍ തോക്കിന്റെ ആകൃതിയില്‍ മുറിച്ചു മാറ്റി, തോക്കെന്ന ആയുധത്തിന്റെ സംരക്ഷിത കവചമായി വിശുദ്ധ ഗ്രന്ഥത്തെ മാറ്റിയത്, എന്ത് നിര്‍വൃതിയ്ക്കു വേണ്ടിയാണെന്നത്, സംവിധായകന്‍ വിശദീകരിച്ചേ മതിയാകൂ.

ആ സീന്‍ കുത്തിക്കയറ്റതിലൂടെ വിശുദ്ധ ഗ്രന്ഥത്തിന്റെ പവിത്രതയാണ് സംവിധായകന്‍ കളങ്കപ്പെടുത്തിയത്. ചെമ്പന്‍ വിനോദ് അവതരിപ്പിച്ച, സിനിമയിലെ ഫാ.പോളെന്ന വികാരിയച്ചനെ മദ്യപാനിയായും പുകവലിക്കാരനായും അവതരിപ്പിച്ചതിനും ന്യായീകരണമില്ല. പള്ളിയുടെയും കപ്പേളയുടെയും പശ്ചാത്തലത്തില്‍ കുറെയധികം സിനിമകള്‍ ആരംഭിച്ചിട്ടുള്ള ജോഷി എന്ന സംവിധായകനില്‍നിന്നും ഒരിക്കലും ഇത്തരത്തിലുള്ള അനൗചിത്യം മലയാള സിനിമകപ്രേക്ഷകര്‍ പ്രതീക്ഷിച്ചില്ല.

സ്വവര്‍ഗാനുരാഗത്തെ ന്യായീകരിക്കുന്ന ‘കാതല്‍ – ദ കോര്‍’
സ്വവര്‍ഗാനുരാഗം മുഖ്യ പ്രമേയമാക്കിയും ക്രൈസ്തവനാമധാരികളേയും കുടുംബത്തെയും പ്രധാന കഥാപാത്രങ്ങളാക്കിയും റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് ‘കാതല്‍ – ദ കോര്‍’. സ്വവര്‍ഗാനുരാഗത്തെ ഒരു സ്വാഭാവിക പ്രതിഭാസമായി അവതരിപ്പിച്ച് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമൂഹം നിലകൊള്ളണം എന്ന സന്ദേശം നല്‍കാനാണ് സംവിധായകന്‍ ജിയോ ബേബി സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്.
ക്രൈസ്തവ കുടുംബ പശ്ചാത്തലത്തില്‍ മാത്യു ദേവസി, ഓമന ഫിലിപ്പ് എന്നിവരുടെ കഥ പറയുന്നതോടൊപ്പം തന്നെ ക്രൈസ്തവ സമൂഹത്തിനും ക്രൈസ്തവ വിശ്വാസത്തിനും വിരുദ്ധമായ പ്രത്യക്ഷവും പരോക്ഷവുമായ ആശയപ്രചാരണങ്ങള്‍ക്കാണ്, മുഖ്യ കഥാപാത്രങ്ങളിലൂടെ സംവിധായകനും കഥാകൃത്തുക്കളും ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ക്രൈസ്തവ ധാര്‍മിക മൂല്യങ്ങളെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം ചലച്ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് തോന്നുംവിധമാണ് സിനിമ പുരോഗമിക്കുന്നത്. ദൈവവിശ്വാസികളായി കാണിക്കുന്ന മാത്യുവിന്റെയും ഓമനയുടെയും മകള്‍ പള്ളിയില്‍ കയറാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് മാത്രമല്ല, അപ്പന്റെ സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി ചിത്രീകരിച്ചതിലൂടെ എന്ത് സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തം.

‘ഭിന്ന ലൈംഗിക അഭിമുഖ്യമുള്ളവര്‍ക്ക് തങ്ങളുടെ ശാരീരിക – മാനസിക അവസ്ഥകളില്‍ മാറ്റം വരുത്താന്‍ കഴിയാത്തപക്ഷം, അവര്‍ ആയിരിക്കുന്ന അവസ്ഥയെ കരുണയോടെ കാണണം’ എന്നതാണ് ഈ വിഷയത്തിലുള്ള സഭയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും നിലപാട്. സ്വവര്‍ഗരതിയെ സാമാന്യവല്‍ക്കരിക്കുന്ന, പ്രോല്‍സാഹിപ്പിക്കുന്ന, പുരോഗമനപരമായി ചിത്രീകരിക്കുന്ന കാതല്‍ എന്ന സിനിമ സമൂഹത്തിന് ഒന്നടങ്കം തെറ്റായ സന്ദേശം നല്‍കുന്നു.
വിവാദങ്ങളുടെ മറവില്‍ കുറഞ്ഞ കാലത്തേക്ക് ചെറിയ ഉതപ്പുകളുണ്ടാക്കാന്‍ ഒരുപക്ഷേ ഇത്തരം സിനിമകള്‍ക്കും അതിനു ശ്രമിച്ചവര്‍ക്കും കഴിഞ്ഞേക്കാം. പക്ഷേ സ്ഥായിയായി അതിന് നിലനില്‍പ്പില്ലെന്ന് ചരിത്രം സാക്ഷിക്കുന്നു. ഇവിടെ ആക്ഷേപ രൂപത്തിലൂടെ കൈവെച്ചിരിക്കുന്നത് സഹനത്തിന്റെ ആള്‍രൂപവും ദൈവവുമായ ക്രിസ്തുവിന്റെ അനുയായികളെയാണെന്നതുകൊണ്ടു തന്നെ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും ഭയക്കേണ്ടതില്ല….

ഇരുകൈകളും ഇരുകാലുകളുമായി നിങ്ങള്‍ക്കീ സമൂഹത്തില്‍ സൈ്വര്യമായി ജീവിക്കാം. ഭയലേശമില്ലാതെ നിങ്ങള്‍ക്ക് കേരളത്തിന്റെ നിരത്തുകളിലിറങ്ങി നടക്കാം. അത് നിങ്ങള്‍ സിനിമയിലൂടെ അവഹേളിച്ച അതേ, പാരമ്പര്യം പഠിപ്പിച്ച ക്ഷമയുടെയും അവധാനതയുടെയും മാത്രം പേരിലാണ്. ഇത്തരം ജിമ്മിക്കുകള്‍ ദൈവജനത്തിന്റെ മനസുകളിലെ വിശുദ്ധ ഗ്രന്ഥത്തോടും പാരമ്പര്യത്തോടുമുള്ള ഭക്തിയും ബഹുമാനവും ഒരു കടുകുമണിയുടെയളവു പോലും കുറയ്ക്കില്ലെന്നു കൂടി ഓര്‍ക്കുന്നത് നന്ന്. ആര്‍ഷ ഭാരത സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന ചില മാനവിക മൂല്യങ്ങളുണ്ട്. അതില്‍ ധാര്‍മികതയ്ക്കും സ്‌നേഹത്തിനും മൂല്യങ്ങള്‍ക്കും വലിയ പ്രസക്തിയുമുണ്ട്. ആ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ചുള്ളതാണ്, സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കേണ്ടതില്ലെന്ന ഈയടുത്ത നാളിലുണ്ടായ സുപ്രീം കോടതിയുടെ ആഖ്യാനം. നന്‍മയുടെയും ധാര്‍മികതയുടെയും കാമ്പുകള്‍, ഈ സമൂഹത്തില്‍ അവശേഷിക്കുന്നുണ്ടെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണത്. ആ ധാര്‍മികത തീര്‍ക്കുന്ന മാനവികതയുടെ പക്ഷം ചേരുകയെന്നത്, കാലം നമ്മില്‍ നിന്നാവശ്യപ്പെടുന്ന കാവ്യനീതിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?