Follow Us On

16

January

2025

Thursday

പ്ലേറ്റോയിലെ ക്രിസ്മസ് കളര്‍ഫുള്ളാണ്… ദൈവാലയത്തിന് ഇപ്പോള്‍ മേല്‍ക്കൂരയുണ്ട്‌

പ്ലേറ്റോയിലെ ക്രിസ്മസ് കളര്‍ഫുള്ളാണ്… ദൈവാലയത്തിന് ഇപ്പോള്‍ മേല്‍ക്കൂരയുണ്ട്‌

ജോസ്/നൈജീരിയ: മേല്‍ക്കൂരയുള്ള ദൈവാലയത്തില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് നൈജീരിയയിലെ പ്ലേറ്റോയിലുള്ള വിശ്വാസികള്‍. മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണാവുന്ന ദൈവാലയത്തിലായിരുന്നു കഴിഞ്ഞ ക്രിസ്മസ് രാവില്‍ അവര്‍ ഒത്തുകൂടിയത്. ഇവിടുത്തെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്നു നടത്തിയ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരംകൂടിയാണ് ദൈവാലയത്തിന്റെ മുകളില്‍ ഉയര്‍ന്നുനില്ക്കുന്ന മേല്‍ക്കൂര. അതിനാല്‍ത്തന്നെ ഈ വര്‍ഷത്തെ ക്രിസ്മസ് ഇവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും സമയമാണ്.
2021-ലെ ഈസ്റ്റര്‍ കാലത്ത് ഫുലാനി തീവ്രവാദികള്‍ ഈ ദൈവാലയം അഗ്നിക്കിരയാക്കുകയായിരുന്നു. എന്നാല്‍, മേല്‍ക്കൂരയില്ലാത്തതിന്റെ പേരില്‍ ദൈവാലയത്തിലെ ആരാധന മുടങ്ങുകയോ ആരാധനക്ക് എത്തുന്നവരുടെ എണ്ണം കുറയുകയോ ചെയ്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വെയിലിനും മഴയ്ക്കുമൊന്നും ഇവരുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

തീവ്രവാദികളുടെ ആക്രമണത്തില്‍ ദൈവാലയം മാത്രമല്ല, അനേകരുടെ സര്‍വസമ്പാദ്യങ്ങളും അന്നു നഷ്ടപ്പെട്ടിരുന്നു. ഗ്രാമവാസികള്‍ക്ക് ഒന്നാകെ പലായനം ചെയ്യേണ്ടി വന്നു. പലര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെയും വര്‍ഷങ്ങള്‍ക്കൊണ്ട് സ്വരുക്കൂട്ടി സമ്പാദിച്ചതും ജീവനോപാധികളും തീവ്രവാദി ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. നിരവധി സ്ത്രീകള്‍ വിധവകളും അനേകം കുട്ടികള്‍ അനാഥരുമായി.
അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണിന്റെ (ഐസിസി) നേതൃത്വത്തിലാണ് ദൈവാലയത്തിന്റെ മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയത്. തീവ്രവാദികളുടെ ആക്രമണം വീണ്ടും ഉണ്ടാകില്ലെന്ന പ്രത്യാശയോടെ സമാധാനം നിറഞ്ഞ ക്രിസ്മസ് ആഘോഷത്തിനായി തയാറെടുക്കുകയാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹം.
മേല്‍ക്കൂര നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ക്രിസ്മസിന് മുന്നോടിയായി നടത്തിയ പ്രാര്‍ത്ഥനകളില്‍ ദൈവാലയം നിറഞ്ഞുകവിയുന്ന വിധത്തിലായിരുന്നു വിശ്വാസികളുടെ സാന്നിധ്യം.

മേല്‍ക്കൂര പുനഃസ്ഥാപിച്ച ദൈവാലയം കാണാന്‍ ഭാഗ്യം നല്‍കിയ ദൈവത്തിന് അവര്‍ ഒരുമിച്ചു നന്ദിപറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറയാത്തവരായി ദൈവാലയത്തില്‍ ആരും ഉണ്ടായിരുന്നില്ല. ദൈവാലയത്തിന് മേല്‍ക്കൂര നിര്‍മിച്ച സാഹചര്യത്തില്‍ ക്രിസ്മസ് രാവില്‍ അകലെയുള്ള ഗ്രാമങ്ങളില്‍നിന്നുപോലും ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി ഇവിടേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ദൈവാലയം മാത്രമല്ല, വിശ്വാസത്തിന്റെ നേര്‍സാക്ഷ്യംകൂടിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?