കോഴിക്കോട്: വടക്കന്‍ കേരളത്തിലെ പ്രഥമ ബസിലിക്കയായി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തിയതായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അറിയിച്ചു. മയ്യഴി അമ്മയുടെ ദേവാലയം എന്നാണ് മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രം അറിയപ്പെടുന്നത്. ശതാബ്ദി നിറവിലായ കോഴിക്കോട് രൂപതയ്ക്കു ലഭിച്ച അംഗീകാരവും, 2023 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന ക്രിസ്മസ് സമ്മാനവുമായി രൂപത ഇതിനെ സ്വീകരിക്കുന്നുവെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്‍കിയ സമ്മാനമാണ് ഈ ബസിലിക്ക പദവി. വടക്കന്‍ കേരളത്തില്‍ ഇതുവരേയും ഒരു ദേവാലയവും ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. മലബാറിന്റെ മണ്ണിലെ പ്രഥമ ബസിലിക്കയായി ഇനി മുതല്‍ മാഹി തീര്‍ഥാടനകേന്ദ്രം അറിയപ്പെടും. കേരളത്തിലെ പതിനൊന്നാമത്തെ ബസിലിക്കയാണ് മാഹി സെന്റ് തെരേസാസ് ഷ്രൈന്‍.
രാജ്യത്തെ ചരിത്രപ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഫ്രഞ്ച് ഭരണപ്രദേശമായിരുന്ന മയ്യഴിയിലെ അമ്മത്രേസ്യയുടെ ദൈവാലയം. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി കേരളത്തിലെ മലബാര്‍ മേഖലയിലുള്ള മാഹിയില്‍ 1736-ല്‍ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. 1736-ല്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788-ല്‍ ആബി ദുഷേനിന്‍ ദേവാലയം പുതുക്കിപ്പണിതു. 1855-ല്‍ പണിതീര്‍ത്ത മണിമാളികയില്‍ ഫ്രഞ്ച് മറീനുകള്‍ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956-ല്‍ ദൈവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010-ല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിപുലമായ രീതിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
ദേവായത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ആവിലായിലെ വിശുദ്ധ തെരേസയുടെ തിരുസ്വരൂപം കൊണ്ടുവന്ന പോര്‍ച്ചുഗീസ് കപ്പല്‍ മാഹി തീരത്ത് എത്തിയപ്പോള്‍ നിശ്ചലമായെന്നും അവിടെ രൂപം ഇറക്കണമെന്ന ദര്‍ശനമുണ്ടായെന്നുമാണ് പാരമ്പര്യം.
ബസിലിക്കയായി ഉയര്‍ത്തപ്പെട്ട മാഹിയിലെ അമ്മ ത്രേസ്യായുടെ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ കഴിയുമെന്നതാണ് ബസിലിക്ക പദവി നല്‍കുന്ന മറ്റൊരു സവിശേഷത. ബസിലിക്കയുടെ മധ്യസ്ഥയായ അമ്മ ത്രേസ്യയുടെ തിരുന്നാള്‍ ദിവസം, വിശുദ്ധരായ പത്രോസ്- പൗലോസ് അപ്പസ്തോലന്മാരുടെ തിരുന്നാള്‍ ദിനം, ബസിലിക്കയായി ഉയര്‍ത്തപ്പെട്ട വാര്‍ഷിക ദിനം എന്നീ ദിവസങ്ങളില്‍ ദണ്ഡവിമോചനം അനുവദിക്കും.
Leave a Comment
Your email address will not be published. Required fields are marked with *