Follow Us On

02

May

2024

Thursday

ഈ ഉണ്ണി വളരില്ലേ…?

ഈ ഉണ്ണി വളരില്ലേ…?

 ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഒരു ഡിസംബര്‍ മാസം. ആഫ്രിക്കയിലെ ടാന്‍സാനിയയിലെ ഒരു കുഞ്ഞു ഗ്രാമത്തിലാണ്. നമ്മുടെ നാട്ടിലെപോലെ അത്ര കളര്‍ഫുള്‍ ഡിസംബര്‍ അല്ല അവിടം. നാട്ടിലെ ഡിസംബര്‍ നിറങ്ങളിലും ദീപങ്ങളിലും കുളിച്ചുനില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാണ്. ഡിസംബര്‍ മാസത്തിന് അല്ലെങ്കിലും ഒരു പ്രത്യേക ഭംഗിയാണ്. ആഫ്രിക്കയിലെ ആ ഗ്രാമത്തിലെ പള്ളിയില്‍ അവര്‍ മെനഞ്ഞെടുത്ത ഒരു നക്ഷത്രം-അത്രേയുള്ളു അവരുടെ ഡിസംബര്‍. ഗ്രാമത്തില്‍നിന്ന് കുറെ ദൂരം ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ ഒരു മസായി ഗോത്ര ഗ്രാമമുണ്ട്. ഗ്രാമത്തിലെ പള്ളിയിലെ പാതിരാ കുര്‍ബാനയ്ക്ക് ശേഷം ആ ഗോത്രത്തിലെ കുറച്ച് ആളുകള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോയി.

മാസത്തില്‍ ഒരു പ്രാവശ്യം മാത്രമേ അങ്ങോട്ടേക്ക് പോകാന്‍ സാഹചര്യങ്ങള്‍ ഉള്ളൂ. അവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും വൈദികരുടെ അഭാവം തന്നെയാണ് പ്രശ്‌നം. പല ഗ്രാമങ്ങളിലേക്കും ഇങ്ങനെ പോകേണ്ടതുണ്ട്. അങ്ങോട്ടേക്ക് പോകാന്‍ തയാറെടുത്തപ്പോള്‍ വികാരിയച്ചന്‍ ഒരു കുഞ്ഞുണ്ണിശോയെ എന്റെ കൈകളില്‍ തന്നു. ഒരു ചെറിയ ഉണ്ണിശോയുടെ രൂപം. ജീപ്പിലാണ് യാത്ര. ദുര്‍ഘടമായ വഴി. വഴിയെന്ന് പറയാന്‍ പറ്റില്ല. ഉണ്ണി എന്റെ കൈകളില്‍ ഉണ്ട്. ഞങ്ങള്‍ ആ ഗോത്ര ഗ്രാമത്തില്‍ എത്തുമ്പോള്‍ അവരുടെ കുഞ്ഞു പള്ളിക്കു മുന്നില്‍ എല്ലാവരും ഞങ്ങളെ കാത്തുനില്ക്കുന്നുണ്ട്. നമ്മുടെ നാട്ടിലെപോലത്തെ പള്ളിയെന്നൊന്നും പറയാന്‍ പറ്റില്ല. ഷീറ്റുകള്‍കൊണ്ട് നാലുവശവും മറച്ചിരിക്കുന്ന ഒരു കുഞ്ഞു സ്ഥലം. ഡാന്‍സും പാട്ടുകളുമായി അവര്‍ ഉണ്ണീശോയെ വരവേറ്റു. ആദ്യമായാണ് ആ വര്‍ഷം ഉണ്ണിശോയുടെ രൂപം അവിടെ എത്തിക്കുന്നത്. അവരില്‍ പലരും, പ്രത്യേകിച്ച് കുട്ടികള്‍ ആദ്യമായാണ് ഉണ്ണിശോയുടെ ഒരു രൂപം കാണുന്നത്. ആ കൗതുകം അവരുടെ കണ്ണുകളില്‍ കാണാമായിരുന്നു.

ഞങ്ങള്‍ സന്തോഷത്തോടെ ക്രിസ്മസ് കുര്‍ബാന അര്‍പ്പിച്ചു. എല്ലാവരും പാട്ടുകളും ഡാന്‍സുമായി വന്ന് ഉണ്ണീശോയെ വണങ്ങി. പതിവുപോലെ സൗഹൃദ വര്‍ത്തമാനങ്ങള്‍ക്ക് ശേഷം ഞാന്‍ പോകാന്‍ തുടങ്ങി. ഉണ്ണീശോയെ കൈകളില്‍ എടുത്ത് ജീപ്പില്‍ കയറി. മസായി ഗോത്രത്തിലെ ഒരു കുഞ്ഞു പയ്യന്‍ എന്റെ അടുത്ത് വന്ന് എന്തോ പറയാനുള്ള പോലെ നിന്നു. വന്നപ്പോള്‍ മുതല്‍ ഞാന്‍ അവനെ ശ്രദ്ധിക്കുന്നുണ്ട്. അവനും ആദ്യമായി ഉണ്ണിശോയുടെ രൂപം കണ്ട കൂട്ടത്തില്‍ ഉള്ളതാണ്. ആ ഗ്രാമം വിട്ട് പുറത്ത് പോകാത്തവന്‍. ലോകം എന്താണെന്ന് അറിയാത്തവന്‍. ഞാന്‍ അവനോട് കാര്യം അന്വേഷിച്ചു. ആദ്യം അവന്‍ പറഞ്ഞില്ല. എന്റെ കൈകളിലുള്ള ഉണ്ണീശോയെ തന്നെ നോക്കി നില്‍ക്കുവാണ് ആശാന്‍. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഭാഷയില്‍ അവന്‍ എന്നോട് ചോദിച്ചു, ‘അടുത്ത വര്‍ഷം വേറെ രൂപമായിരിക്കില്ലേ, ഈ ഉണ്ണി വളരില്ലേ..?’ ചിരിച്ചുകൊണ്ട് ഞാന്‍ അവനെ നോക്കി. ‘ഈശോയുടെ പിറവിയുടെ ഒരു ഓര്‍മയ്ക്കായി അല്ലെ ഇതൊക്കെ നമ്മള്‍ കാണുന്നത്’ എന്നൊക്കെ പറഞ്ഞ് ഞാനും അവിടുത്തെ ദൈവാലയ സഹായിയും ഇതേകുറിച്ച് പറഞ്ഞു കൊടുത്തു. ജീപ്പില്‍ തിരിച്ചു പോന്നപ്പോള്‍ ആ ചോദ്യം എന്റെ കൂടെ തന്നെ പോന്നു. കൈകളില്‍ ഉള്ള ഉണ്ണീശോയുടെ രൂപം. ചിരിച്ചുകൊണ്ട് കണ്ണ് തുറന്ന് കിടക്കുന്ന ഉണ്ണി.

ഇന്നും ഓര്‍ക്കുന്നു പിന്നീട് അവിടെ ആ ഗോത്ര ഗ്രാമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ചെന്ന ഓരോ പ്രാവശ്യവും ആ കുഞ്ഞു പയ്യനെ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. എന്തെങ്കിലുമൊക്കെ അവനോട് ചോദിക്കുമായിരുന്നു. അവനും എന്തൊക്കെയോ പറയാന്‍ ഉണ്ടായിരുന്നു, ചോദ്യങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുമനസുകളില്‍ നിന്ന് വരുന്ന ചില ചോദ്യങ്ങള്‍ക്ക്, അവരുടെ കൗതുകങ്ങള്‍ക്ക് നമ്മുടെ ആത്മീയതയെ തന്നെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ആ വര്‍ഷത്തെ ഞാന്‍ കേട്ട മനോഹരമായ പള്ളി പ്രസംഗം അവന്റെ ആ ചോദ്യമായിരുന്നു. ആഫ്രിക്കയിലെ ആ കുഞ്ഞു ഗോത്ര ഗ്രാമത്തിലെ പയ്യന്റെ ചോദ്യം.

അത്ര നിസാരമല്ല ആ ചോദ്യമെന്ന് എനിക്ക് തോന്നി. ‘ഈ ഉണ്ണി വളരില്ലേ..?’ അവന്‍ പറഞ്ഞത് സത്യമല്ലേ..! ഉണ്ണി വളരണമല്ലോ..! ഓരോ ക്രിസ്മസും ഓര്‍മിപ്പിക്കുന്നത് അതുതന്നെയല്ലേ… അവന്‍ എന്നില്‍ വളരേണ്ടതിന്റെ ഓര്‍മപ്പെടുത്തല്‍. അവന്‍ എന്നില്‍ ജനിക്കേണ്ടതിന്റെ അടയാളപ്പെടുത്തല്‍. നിറങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും പുല്‍ക്കൂടുകള്‍ക്കും അപ്പുറം ക്രിസ്മസ് സഞ്ചരിക്കട്ടെ. ഞാനെന്ന മനുഷ്യനില്‍ ഈ ലോകത്തിന്റെ ഉടയവന്‍ ജനിച്ചു വീഴുന്ന ആ മനോഹര നിമിഷത്തിലേക്ക് ഈ ക്രിസ്മസ് സഞ്ചരിക്കട്ടെ. ദൂരെയുള്ള അവന്റെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചുകൊണ്ട് ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍. ‘ഈ ഉണ്ണി വളരില്ലേ..?’

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?