Follow Us On

21

November

2024

Thursday

‘ക്ഷമിക്കുന്ന സ്‌നേഹം’ ഓസ്‌കറില്‍ മുത്തമിടുമോ?

‘ക്ഷമിക്കുന്ന സ്‌നേഹം’ ഓസ്‌കറില്‍ മുത്തമിടുമോ?

മുംബൈ: ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ കഥ പറയുന്ന ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കറില്‍ മുത്തമിടുമോ എന്നറിയാന്‍ ദിവസങ്ങളുടെ കാത്തിരിപ്പുമാത്രം. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ലോക സിനിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കര്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു.
ഓസ്‌കര്‍ അവാര്‍ഡിലേക്കായി സബ്മിറ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് സിനിമകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 120 സിനിമകളില്‍ ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസും ഉള്‍പ്പെട്ടിട്ടുണ്ട്. അക്കാദമി അംഗങ്ങള്‍ വോട്ടുചെയ്ത് ഫൈനലിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതാണ് അടുത്ത ഘട്ടം. നോമിനേഷന്‍ വോട്ടിംഗ് ജനുവരി 11 മുതല്‍ 16 വരെ നടക്കും. അതില്‍നിന്നുള്ള നാമനിര്‍ദ്ദേശങ്ങള്‍ 23-ന് പ്രഖ്യാപിക്കും.

ഗോള്‍ഡ്‌സ്‌പെയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് വുമന്‍സ് സിനിമയായി ആയി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിലിംസ് ഇന്റര്‍നാഷണല്‍, ജെയ്‌സല്‍മെര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് വുമന്‍സ് പുരസ്‌കാരം, എന്നിങ്ങനെ 36 രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഈ സിനിമയ്ക്ക് ലഭിച്ചുകഴിഞ്ഞു. നിരവധി അപൂര്‍വ്വതകളുടെ പട്ടികയിലേക്ക് സിനിമ ഇതിനകം ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്യ മലയാളം സിനിമ എന്ന ഖ്യാതിയും ഇനി ഫെയ്‌സ് ഓഫ് ഫെയ്‌സ് ലെസിന് സ്വന്തം. സംവിധായന്‍ ഡോ. ഷെയ്‌സന്‍ പി. ഔസേപ്പ് അടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ചെയ്തു. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് ഡീനും സിനിമ ടെലിവിഷന്‍ വിഭാഗം മേധാവിയും തൃശൂര്‍, ചാലക്കുടി സ്വദേശിയുമാണ് ഡോ. ഷെയ്‌സന്‍.
സിസ്റ്റര്‍ റാണി മരിയ ആദിവാസികളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുന്നത്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞിരുന്നവരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി സിസ്റ്റര്‍ റാണി മരിയ ഏറ്റെടുത്ത ത്യാഗങ്ങളും പ്രതിസന്ധികളെ വിശ്വാസംകൊണ്ട് നേരിട്ട സന്ദര്‍ഭങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നെങ്കിലും അന്തിമ ലിസ്റ്റില്‍ ഇടംപിടിക്കാനായില്ല. പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. സിനിമയിലെ ‘ഏക് സപ്‌ന മേരാ സുഹാന, ജല്‍താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയില്‍ തയാറാക്കിയ പാട്ടുമാണ് അവാര്‍ഡ് പട്ടികയില്‍ ഇടംനേടിയിരുന്നത്.
യു.കെ, യുഎസ്എ, അയര്‍ലന്റ്, ജര്‍മ്മനി, ഓസ്ട്രിയ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണെന്ന് സംവിധായകന്‍ ഡോ. ഷെയ്‌സന്‍ പി. ഔസേപ്പ് സണ്‍ഡേ ശാലോമിനോടു പറഞ്ഞു. ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസിന്റെ പ്രിവ്യൂ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാഗസിന്റെ മുന്‍ ഇന്ത്യന്‍ ചീഫ് എഡിറ്റര്‍ മോഹന്‍ ശിവാനന്ദ് നടത്തിയ ആദ്യപ്രതികരണം, ”ഈ സിനിമ ഒരു ഓസ്‌കര്‍ അര്‍ഹിക്കുന്നു” എന്നായിരുന്നു. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നുള്ള കാത്തിരിപ്പിരിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തരും പ്രേക്ഷകരും. മാര്‍ച്ച് 10-നാണ് അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?