വിക്ടര്‍ ഫ്രാങ്കിന്റെ അതിമനോഹരമായ ഒരു പുസ്തകമാണ് The man’s search for meaning. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അനുഭവിക്കേണ്ടിവന്ന കടുത്ത യാതനകളുടെയും വേദനകളുടെയും അതിജീവനത്തിന്റെയും കഥയാണ് ഈ പുസ്തകം പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തപ്പോഴും തടവറയില്‍നിന്ന് എന്നെങ്കിലും പുറത്ത് കടക്കാനാകുമെന്നും, എന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് എഴുത്തുകാരനെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്.
നമ്മള്‍ ഒരു പുതുവത്സരത്തിലാണ്. മാറി ചിന്തിക്കുവാനും മാറ്റങ്ങള്‍ വരുത്തുവാനും മാറി നടക്കുവാനുമുള്ള സമയമാണിത്. എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (സഭാ. 3:1). ഏറെ ഉള്ളതും എന്നാല്‍ തീരെയില്ല എന്നു പരാതിപ്പെടുന്ന ഒന്നുമാണ് സമയം. നഷ്ടമാക്കിയാല്‍ തിരിച്ചുപിടിക്കാന്‍ പറ്റില്ല. ഓര്‍ക്കുക, സമയവും കാലവും ആര്‍ക്കുംവേണ്ടി കാത്തിരിക്കില്ല.
രണ്ടാമത് അവസരമില്ല
കമ്പ്യൂട്ടറില്‍ undo, delete, backspace, എന്നിങ്ങനെ ഓപ്ഷനുകള്‍ കൊടുത്തിരിക്കുന്നത് എത്ര പ്രയോജനകരമാണ്. കമ്പ്യൂട്ടറില്‍ മാത്രമല്ല ജീവിതത്തിലും ചിലപ്പോള്‍ ഓപ്ഷനുകള്‍ വേണമെന്ന് ആഗ്രഹിച്ചു പോകാറില്ലേ..? ചെയ്തുപോയതെല്ലാം ഒരിക്കല്‍ കൂടി തിരുത്തുവാനും നന്നാക്കുവാനും മാറി ചിന്തിക്കുവാനും ഒക്കെയായിട്ട് ഒരു ചാന്‍സ് കൂടി ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ? എന്നാല്‍ അത് വെറും ആഗ്രഹം മാത്രമാണ്. നഷ്ടമായവയെ കുറിച്ച് ഓര്‍ത്ത് വിലപിക്കുവാന്‍ ഇനി സമയമില്ല, മാറ്റങ്ങള്‍ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രതീക്ഷ കൈവിടാതെ മാറി ചിന്തിക്കാം. മാറ്റങ്ങള്‍ ഇല്ലാത്തതായി ഒന്നുമില്ല, അതുകൊണ്ട് നമുക്കും മാറ്റങ്ങള്‍ക്ക് വിധേയരാകാം.
പുതുവര്‍ഷത്തില്‍ ധാരാളം തീരുമാനങ്ങള്‍ എടുത്തിരിക്കാം. എന്നാല്‍, അവയെല്ലാം നിറവേറ്റുന്നതിലാണ് കാര്യം. ജീവിതത്തില്‍ കാര്യമായി മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞാല്‍ പഴമക്കാര്‍ പറയും, ഇടയ്‌ക്കൊക്കെ മുറിയില്‍ കിടക്കുന്ന കട്ടിലും മേശയും അലമാരിയുമൊക്കെ പിടിച്ച് മാറ്റി ഇടണം, അപ്പോള്‍ തന്നെ ജീവിതത്തില്‍ ചെറിയൊരു മാറ്റം ഉണ്ടാകും എന്ന്. ഓരോ പുതുവത്സരവും പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇരുട്ട് നിറഞ്ഞ തുരങ്കത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ അപ്പുറത്ത് എത്തിച്ചേരുമെന്നും അവിടെ പ്രകാശം കാണുവാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് ആ യാത്ര പൂര്‍ത്തിയാക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്.
ആകുലതകളോട് വിടപറയാം
ഒരു ഗ്രാമത്തില്‍ അതിശക്തമായ ഭൂമികുലുക്കം ഉണ്ടായി. ഗ്രാമത്തിലെ നഴ്‌സറി സ്‌കൂള്‍ ഭൂമികുലുക്കത്തില്‍ തകര്‍ന്നുവീണു. മുപ്പതോളം കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയിലായി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിന്റെ ഒടുവില്‍ അവരെ സുരക്ഷിതരായി പുറത്തുകൊണ്ടുവന്നു. അവരോട് ഒരു പത്രറിപ്പോര്‍ട്ടര്‍ ചോദിച്ചു, കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നപ്പോള്‍ പേടിയൊന്നും തോന്നിയില്ലേ? അതിനു മറുപടിയായി ഒരു കുട്ടി പറഞ്ഞു, എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞങ്ങളെ തേടിപ്പിടിച്ചു രക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കൂട്ടുകാരോടും അതു പറഞ്ഞു ഞാന്‍ അവരെ ധൈര്യപ്പെടു ത്തിയിരുന്നു. ആ കുട്ടിയുടെ പിതാവ് തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചതും. പ്രതീക്ഷകളും സ്വപ്നങ്ങളും കൈവിടാതെ നമുക്ക് മുന്നേറാം, എങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാനാകൂ. ഇന്നലെകളെ കുറിച്ച് ദുഃഖിക്കുകയോ നാളെകളെക്കുറിച്ച് അകുലപ്പെടുകയോ വേണ്ട.
കഴിവുകള്‍ കുഴിച്ചിടരുത്
ധനികനായ കര്‍ഷകന് മഹാമടിയന്മാരായ രണ്ടാണ്‍മക്കള്‍ ഉണ്ടായിരുന്നു. സമ്പത്ത് ധൂര്‍ത്തടിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. താന്‍ സമ്പാദിച്ചതെല്ലാം മക്കള്‍ നശിപ്പിക്കും എന്ന് തിരിച്ചറിഞ്ഞ പിതാവ് മക്കളെ ഒരു പാഠം പഠിപ്പിക്കുവാന്‍ തീരുമാനിച്ചു. തന്റെ മരണക്കിടക്കയില്‍ രണ്ടു മക്കളെയും വിളിച്ച് നമ്മുടെ വയലില്‍ ഒരിടത്തായി വളരെയധികം വിലമതിക്കുന്ന കുറേ രത്‌നങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നുണ്ടെന്ന് അവരോട് പറഞ്ഞു. ഉടനെതന്നെ പിതാവ് മരിക്കുകയും ചെയ്തു.
ഒട്ടും മടിച്ചുനില്‍ക്കാതെ മക്കള്‍ രണ്ടുപേരും വയല്‍ മുഴുവന്‍ കിളച്ചുമറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. നിരാശയിലും ദേഷ്യത്തിലും അവര്‍ പണിയായുധങ്ങള്‍ ഉപേക്ഷിച്ച് വീടിന്റെ മുറ്റത്ത് സൂക്ഷിച്ചിരുന്ന വിത്തുകളും വളങ്ങളും വയലിലേക്ക് വലിച്ചെറിഞ്ഞിട്ട് അവിടെ നിന്നുപോയി. ദിവസങ്ങള്‍ക്കുശേഷം അവസാന പരിശ്രമം എന്നോണം അവര്‍ ഒന്നുകൂടെ അവസാനമായി വയല്‍ കിളച്ചുമറിക്കുവാനായി വയലിലേക്ക് തിരിച്ചെത്തി. അപ്പോള്‍ അവരുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല, തങ്ങള്‍ തട്ടിത്തെറിപ്പിച്ച വിത്തുകളും ധാന്യ മണികളും മുളച്ചുനില്‍ക്കുന്നു. പിതാവ് വയലില്‍ സൂക്ഷിച്ചിരുന്ന രത്‌നങ്ങള്‍ എന്താണെന്ന് അപ്പോഴാണ് അവര്‍ക്ക് മനസിലായത്.
നമ്മുടെ ജീവിതത്തിലും ഇതുപോലെ ചില മാറ്റങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ട്. ഈ പുതുവത്സരത്തില്‍ ഇതുപോലെ മാറ്റങ്ങള്‍ക്ക് വിധേയരാകാം. ലഭിച്ചിരിക്കുന്ന ദാനങ്ങളും കഴിവുകളും ദൈവ മഹത്വത്തിനായി ഉപയോഗിക്കാം. വിവേക ശൂന്യനായ ഭൃത്യനെപോലെ കഴിവുകള്‍ കുഴിച്ചിടാതിരിക്കാം, അപ്പോള്‍ അവ 100 മേനിയും 60 മേനിയും 30 മേനിയും ഫലം പുറപ്പെടുവിക്കും.
Leave a Comment
Your email address will not be published. Required fields are marked with *