ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി
സെമിനാരിയിലെ ബ്രദേഴ്‌സിന്റെ രൂപികരണവുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടിയില്‍ സംബന്ധിക്കാന്‍ അടുത്തിടെ അവസരം ലഭിച്ചിരുന്നു. ഓരോരുത്തരുടെയും അജപാലന ശുശ്രൂഷയില്‍ ഉണ്ടായിട്ടുള്ള ഒരു ഹൃദയസ് പര്‍ശിയായ അനുഭവം ഗ്രൂപ്പില്‍ അവതരിപ്പിക്കണമായിരുന്നു. സെമിനാരിയില്‍ എനിക്കുണ്ടായ ഒരനുഭവമായിരുന്നു ഞാന്‍ പങ്കുവച്ചത്. എന്റെ ആത്മീയ ജീവിതത്തെ വളരെ അധികം പ്രചോദിപ്പിച്ച ഒന്നായിരുന്നത്. സെമിനാരിയിലെ എന്റെ ആ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതമായിരുന്നു. പൊതുവായിട്ടുള്ള പ്രാര്‍ത്ഥനാ സമയം കൂടാതെ ദിവസവും ഉറങ്ങുന്നതിന് മുമ്പായി അദ്ദേഹം ചാപ്പലില്‍ വന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. വ്യക്തിപരമായി ദിവ്യകാരുണ്യ ഈശോയൊടൊപ്പം ഏറെ സമയം ചെലവഴിക്കുന്ന അദ്ദേഹത്തിന്റെ ആത്മീയ ജീവിതം എനിക്ക് വിസ്മയമായിരുന്നു.
വേര്‍പാട് അപ്രതീക്ഷിതം
ആ ദിവസങ്ങളിലാണ് ഈ ബ്രദറിനെ വല്ലാതെ ഉലച്ച ഒരു സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ അവിചാരിതമായ വേര്‍പാടായിരുന്നത്. വ്യക്തിജീവിതത്തിലുണ്ടായ നഷ്ടം ആ സഹോദരന് താങ്ങാവുന്നതിലും അധികമായിരുന്നു. തലേവര്‍ഷം നോവ്യഷേറ്റിലായിരിക്കുമ്പോള്‍ പിതാവും അകാലത്തില്‍ വേര്‍പിരിഞ്ഞിരുന്നു. കോവിഡ് മഹാമാരിയുടെ സമയമായിരുന്നതിനാല്‍ വീട്ടിലേക്ക് പോകാനോ പിതാവിനെ അവസാനമായി ഒരു നോക്ക് കാണാനോ കഴിഞ്ഞില്ല.
സെമിനാരിയില്‍നിന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് 24 മണിക്കൂറിനടുത്ത് യാത്ര ഉണ്ടായിരുന്നു. ബ്രദര്‍ വീട്ടില്‍ എത്തിയതിന് ശേഷം മാത്രം സംസ്‌ക്കാരം നടത്താവൂ എന്ന് സെമിനാരിയില്‍ നിന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ വികസനം ഇനിയും എത്തിയിട്ടില്ലാത്ത ആ ഗ്രാമത്തില്‍ മൃതശരീരം 24 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം വീട്ടില്‍ എത്തിയപ്പോഴേക്കും സംസ്‌കാരം കഴിഞ്ഞിരുന്നു. അങ്ങനെ ഒരു വര്‍ഷത്തെ ഇടവേളയില്‍ ദൈവസന്നിധിയിലേക്ക് യാത്രയായ പിതാവിനെയും ജേഷ്ഠനെയും അവസാനമായി ഒരുനോക്ക് കാണാനോ അന്ത്യചുംബനം നല്‍കാനോ സാധിച്ചില്ല. ആ ദിവസങ്ങളില്‍ ഈ സഹോദരനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ അദ്ദേഹം എങ്ങനെയായിരിക്കും വേദനാജനകമായ അനുഭവങ്ങളെയൊക്കെ സ്വീകരിച്ചിട്ടുണ്ടാവുക എന്ന ആവലാതി മനസിലുണ്ടായിരുന്നു. ഈ ദുരിത മുഖത്ത് നിസഹായനായി അദ്ദേഹം ദൈവത്തെ പഴിച്ചോ എന്നൊരു ചോദ്യം മനസില്‍ ഉയര്‍ന്നിരുന്നു. അദ്ദേഹം പഴയതുപോലെ ഇനിയും പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ മനസില്‍ അസ്വസ്ഥത സൃഷ്ടിച്ചു.
വേദനകളുടെ നടുവിലെ നാടകം
കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് ബ്രദര്‍ സെമിനാരിയില്‍ തിരികെ എത്തിയത്. ഞങ്ങളുടെ സെമിനാരി ഒരുക്കിയിരുന്ന വാര്‍ഷിക നാടകത്തില്‍ ആ സഹോദരനും അഭിനയിക്കുന്നുണ്ടായിരുന്നു. ഭാവാഭിനയവും നൃത്തവുമൊക്കെ ആവശ്യമായ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. സെമിനാരിയിലേക്ക് തിരികെ വന്ന ദിവസം തന്നെ ഉച്ചയ്ക്ക് നാടക പരിശീലനത്തിന് ബ്രദര്‍ വന്നിരുന്നു. തന്റെ കഴിവിന്റെ പരാമാവധി ശ്രമിക്കുന്നുണ്ടായിരുനെങ്കിലും ഹൃദയത്തില്‍ തളംകെട്ടി നില്‍ക്കുന്ന ദുഃഖം മുഖത്തും ചലനങ്ങളിലും പ്രകടമായിരുന്നു. അന്നത്തെ പരിശീലനത്തിനുശേഷം കുറച്ച് ദിവസം പരിശീലനത്തില്‍ നിന്ന് മാറിനില്‍ക്കുവാനും മനസ് ശാന്തമായെങ്കില്‍ മാത്രം നാടകത്തില്‍ അഭിനയിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു.
പരിശീലനത്തില്‍ സാധാരണപോലെ പങ്കുകൊള്ളാമെന്നും അഭിനയം സാവധാനം മെച്ചപ്പെടുമെന്നും ബ്രദര്‍ ഉറപ്പ് നല്‍കിയത് എന്നെ അത്ഭുതപ്പെടുത്തി. അനുദിനം തന്റെ അഭിനയവും നൃത്തവും മെച്ചപ്പെടുത്തുന്ന ബ്രദറിനെയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ കണ്ടത്. ഇനിമുതല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പുള്ള വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്ക് ഇനി ബ്രദര്‍ വരുമോ എന്ന ഒരു സന്ദേഹം എനിക്കുണ്ടായിരുന്നു. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് വരുക മാത്രമല്ല നേരത്തെതിലും കൂടുതല്‍ സമയം ദിവ്യകാരുണ്യ ഈശോയോടൊപ്പം ചെലവഴിക്കാന്‍ തുടങ്ങി.
ദൈവം നല്‍കിയ തിരിച്ചറിവ്
ഈ അനുഭവത്തിന്റെ വിവിധ തലങ്ങള്‍ ആ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു. അതും പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു. എന്തുകൊണ്ടാണ് ഈ പ്രത്യേക അജപാലന അനുഭവം തിരെഞ്ഞെടുക്കാന്‍ കാരണമെന്ന് ചര്‍ച്ചക്കിടയില്‍ ഒരു വൈദികന്‍ എന്നോട് ചോദിച്ചു. ആ ചോദ്യം എന്റെ ഭൂതകാലത്തിലേക്ക് എന്നെ തിരികെകൊണ്ടുപോയി. എന്റെ പിതാവ് അവിചാരിതമായി കാന്‍സര്‍ വന്ന് മരിച്ചപ്പോള്‍ അതിന് കാരണക്കാരനായി ഞാന്‍ ദൈവത്തെ കാണുകയും, ദൈവത്തോട് ക്ഷമിക്കാനാവാതെ അകന്ന് നിന്ന ദിനങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിരുന്നു. ആ ഓര്‍മകളുടെ പശ്ചാത്തലത്തില്‍ നിന്നതുകൊണ്ടാണ് എന്റെ മനസില്‍ സംശയങ്ങള്‍ ഉണ്ടായത്.
ദുരന്തങ്ങള്‍ ഒന്നിന് പിറകെ വന്നിട്ടും ദൈവത്തോട് കൂടുതല്‍ ചേര്‍ന്നുനിന്ന ഈ സഹോദരന്റെ ആത്മീയ ജീവിതം ദൈവമെനിക്ക് നല്‍കിയ തിരിച്ചറിവായിരുന്നു. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ദൈവത്തെ തിരിച്ചറിയാതെ, സഹനവേളകളില്‍ നാമൊക്കെ ചോദിക്കുക നീ എവിടെയായിരുന്നു എന്നാണ്. എന്റെ സഹനങ്ങളില്‍, നൊമ്പരങ്ങളില്‍ നീ എന്നെ ഒറ്റക്കാക്കി എന്ന കുറ്റപ്പെടുത്തലുകള്‍ ചിലപ്പോഴെങ്കിലും നമ്മുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ടാവാം. ആ നിര്‍ണായക നിമിഷങ്ങളില്‍കൂടെ നടക്കുന്ന, ദൈവത്തെ നാം തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് കുറ്റപ്പെടുത്തലുകള്‍ ഉയരുന്നത്.
പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവത്തിന്റെ കൂടെയല്ല, ദൈവം നമ്മോട് കൂടെയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അബാ പിതാവില്‍ ആശ്രയിക്കാം. തന്റെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് എല്ലാം നന്മയ്ക്കായ് പരിണമിപ്പിക്കുന്ന ദൈവ പിതാവിന്റെ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ച് മുമ്പോട്ടുപോകാം.
Leave a Comment
Your email address will not be published. Required fields are marked with *