കെ.ജെ മാത്യു
മാനേജിംഗ് എഡിറ്റര്‍
ഒരു പുതുവര്‍ഷ യാത്ര ആരംഭിക്കുമ്പോള്‍, ഏതൊരു യാത്രയും സുഖകരവും ആസ്വാദ്യകരവും ആക്കാന്‍ ആവശ്യമായ ഒന്ന് മനസില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട ആ വാമൊഴി ഇതാണ് – ലെസ് ലഗേജ് മോര്‍ കംഫര്‍ട്ട്. മാറാപ്പുകളുടെ എണ്ണവും ഭാരവും കൂടുന്തോറും യാത്ര കൂടുതല്‍ ക്ലേശപൂര്‍ണവും ദുരിതം നിറഞ്ഞതുമാകുന്നു. കുറയുന്തോറും യാത്ര കൂടുതല്‍ സുഗമമവും ആസ്വാദ്യകരവുമാകുന്നു. ജീവിതയാത്രയില്‍ തികച്ചും അന്വര്‍ത്ഥമായ ഒരു പല്ലവിയാണിത്. അതിനാല്‍ വര്‍ഷാരംഭത്തില്‍ത്തന്നെ നമ്മുടെ ഭാണ്ഡങ്ങളുടെ കലവറ ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. നാം നിധിപോലെ സൂക്ഷിക്കുന്ന പലതും അനാവശ്യമായതും ചിലപ്പോള്‍ ഉപദ്രവകരമായതുമാണെന്ന് ആ കണക്കെടുപ്പ് വെളിവാക്കിത്തരും. അവ ഉപേക്ഷിക്കുവാന്‍ വിഷമം തോന്നുമെങ്കിലും നമ്മുടെ യാത്ര ആനന്ദകരമാക്കുവാന്‍ അവ ത്യജിക്കുവാന്‍ ദൃഢപ്രതിജ്ഞ എടുക്കുക. മൊബൈല്‍ ഫോണിന്റെ ഉപയോഗം ആയാസരഹിതമാക്കുവാന്‍ അനാവശ്യമായതും അത്യാവശ്യമില്ലാത്തുമായ ഡാറ്റ നാം ഡിലീറ്റ് ചെയ്യാറുണ്ടല്ലോ. പിന്നെ എന്തിന് ഇക്കാര്യത്തില്‍ വൈമനസ്യം കാണിക്കണം?
നമ്മുടെ മനസിന്റെ ഭാരം വര്‍ധിപ്പിക്കുന്ന അനേക ഭാണ്ഡങ്ങളില്‍ പ്രഥമസ്ഥാനീയനാണ് നീരസം, അനിഷ്ടം. നമ്മെ വേദനിപ്പിച്ചവരോട് തോന്നുന്ന ഒരു സ്വാഭാവിക നിഷേധവികാരമാണിത്. എന്നാല്‍ ചിലര്‍ അതിനെ ഉപേക്ഷിക്കാതെ മനസില്‍ ഓമനിക്കുകയും ലാളിക്കുകയും ചെയ്യുന്നു. അതിലൂടെ ഒരു രസം അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. പക്ഷേ, പാമ്പാട്ടി വിഷപ്പാമ്പിനെ തലോലിക്കുന്നതുപോലെയാണിത്. തികച്ചും അപകടകരമാണെന്ന് അറിയാമെങ്കിലും പലരും പോകുന്ന വഴിയാണിത്.
സാധാരണക്കാരെയും മഹത്തുക്കളെയും വേര്‍തിരിക്കുന്ന രേഖ വളരെ ലോലമാണ്. മനസുവച്ചാല്‍ ഏതു സാധാരണ മനുഷ്യനും ഈ ലൈന്‍ മറികടന്ന് ഒരു മഹാനായിത്തീരാം. പുതുവര്‍ഷം നല്‍കുന്ന ഒരു പ്രത്യാശ അതാണ്. ഏതു മനുഷ്യരെയുംപോലെത്തന്നെ മഹാന്മാര്‍ക്കും തങ്ങളുടെ മനസിനെ കുത്തിമുറിവേല്‍പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്താണ് അവരെ വ്യത്യസ്തരാക്കുന്നത്? അവര്‍ക്ക് ആ വെറുപ്പിന്റെ എവറസ്റ്റിനെ കീഴടക്കുവാന്‍ സാധിച്ചു എന്നതുതന്നെ.
ഇക്കാര്യത്തില്‍ പരാമര്‍ശവിധേയനാക്കേണ്ട ഒരു മഹാനാണ് നെല്‍സണ്‍ മണ്ടേല. സൗത്ത് ആഫ്രിക്കയിലെ കറുത്ത വംശജരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന്റെ പേരില്‍ വെള്ളക്കാര്‍ അദ്ദേഹത്തെ തടവിലടച്ചു. ഒന്നും രണ്ടും വര്‍ഷങ്ങളല്ല, നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍. തന്റെ ജീവിതത്തിന്റെ നല്ലകാലം ഇപ്രകാരം കവര്‍ന്നെടുത്ത അവരോടും സ്വാഭാവികമായും അദ്ദേഹത്തിന് ഉള്ളില്‍ വെറുപ്പു തോന്നിയിരുന്നു. മനസിലുള്ളത് മുഖത്ത് പ്രതിഫലിക്കുമല്ലോ. 1990 ഫെബ്രുവരി 11-ന് അദ്ദേഹം ജയില്‍ മോചിതനായപ്പോള്‍ അതു ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ ശ്രദ്ധിച്ചത് ആ കോപം നിറഞ്ഞ മുഖമായിരുന്നു.
എന്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുഖം കോപാക്രാന്തമായിരുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം സത്യസന്ധമായിത്തന്നെ മറുപടി നല്‍കി. ”ആ നടുമുറ്റത്തുകൂടി നടന്നുപോകുമ്പോള്‍ എന്റെ വിചാരം ഇങ്ങനെയായിരുന്നു: എന്നില്‍നിന്ന് എല്ലാം അവര്‍ കവര്‍ന്നെടുത്തു. എന്റെ പ്രസ്ഥാനം തകര്‍ന്നു. എന്റെ സുഹൃത്തുക്കളേറെയും കൊല്ലപ്പെട്ടു. ഇപ്പോള്‍ അവര്‍ എന്നെ മോചിതനാക്കുന്നു. എനിക്ക് ബാക്കിയായി ഒന്നും അവശേഷിക്കുന്നില്ല.” വെള്ളക്കാരോടുള്ള വെറുപ്പ് മനസില്‍ നിറഞ്ഞതുകൊണ്ടാണ് മോചനത്തിന്റെ ആനന്ദം അനുഭവിക്കുവാന്‍ സാധിക്കാത്തവിധത്തില്‍ അദ്ദേഹത്തിന്റെ മുഖം കോപാവേശത്താല്‍ നിറഞ്ഞത്. ഈ അനുഭവത്തില്‍ നെല്‍സണ്‍ മണ്ടേല മറ്റേതു മനുഷ്യനെപ്പോലെ സാധാരണക്കാരനാണ്.
എന്നാല്‍ സാധാരണക്കാര്‍ ഈ വെറുപ്പിന്റെ റൂബിക്കണ്‍ നദിയില്‍ മുങ്ങിത്താഴുമ്പോള്‍, അദ്ദേഹം ആ റൂബിക്കണ്‍ മറികടന്നു. അതാണ് അദ്ദേഹത്തെ മഹാനാക്കിയത്. അദ്ദേഹത്തിന്റെ മനഃസാക്ഷിയുടെ സ്വരം അദ്ദേഹം കേട്ടു, അത് അനുസരിച്ചു. അത് ഇതായിരുന്നു: ”നീ ഇപ്പോള്‍ സ്വതന്ത്രനാകുമ്പോള്‍ അവരുടെ തടവുകാരനാകുവാന്‍ അനുവദിക്കരുത്.” അതായത് ശരീരം മാത്രമേ തടവറയില്‍നിന്ന് പുറത്തുവന്നുള്ളൂ, മനസ് ഇപ്പോഴും ജയിലില്‍ത്തന്നെയാണ് – വെറുപ്പിന്റെ.
വെള്ളക്കാര്‍ക്ക് തന്റെ ശരീരത്തെ മാത്രമേ മോചിപ്പിക്കുവാന്‍ സാധിച്ചുള്ളൂ; മനസിനെ തടവറയില്‍നിന്ന് മോചിപ്പിക്കണമെങ്കില്‍ താന്‍തന്നെ തീരുമാനിക്കണം എന്ന് തിരിച്ചറിഞ്ഞ മണ്ടേല അതിനുള്ള ഉറച്ച തീരുമാനമെടുത്തു. അതിന് അദ്ദേഹം ചെയ്തത് അന്യാദൃശ്യമായ ഒരു കാര്യമായിരുന്നു – തന്റെ ജീവിതത്തെ തകര്‍ത്തുതരിപ്പണമാക്കിയ വെള്ളക്കാരോട് ഹൃദയപൂര്‍വം, നിരുപാധികം ക്ഷമിക്കുക.
തന്റെ തീരുമാനം അദ്ദേഹം പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്തു. 1994-ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം അധികാരത്തിലെത്തി. ഒറ്റയ്ക്ക് ഭരിക്കുവാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം രൂപീകരിച്ചത് ഒരു കൂട്ടുഗവണ്‍മെന്റായിരുന്നു, വെള്ളക്കാരെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ട്. അതില്‍ തന്നെ തടവിലിട്ട മുന്‍ പ്രസിഡന്റും അംഗമായിരുന്നു. ആ സത്യപ്രതിജ്ഞാചടങ്ങില്‍ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെ കൂട്ടത്തില്‍ അദ്ദേഹത്തെ തടവിലിട്ട പാര്‍ട്ടിയുടെ നേതാക്കളും ജയിലില്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയ ജയില്‍ അധികാരികളുമുണ്ടായിരുന്നു. അതേ, ക്ഷമിക്കുമ്പോള്‍ നാം തടവറയില്‍നിന്ന് മോചിതരാകുന്നു, ഒപ്പം മറ്റുള്ളവരും. പുതുവര്‍ഷാരംഭത്തില്‍ മണ്ടേലയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം: ”നമുക്ക് ക്ഷമിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കുവാന്‍ സാധിക്കുകയില്ല.” ആന്തരിക സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് നമുക്കു പുതുവര്‍ഷ ബസില്‍ കയറാം. ഏവര്‍ക്കും ശുഭയാത്ര!
Leave a Comment
Your email address will not be published. Required fields are marked with *