ജോസ് പി. മാത്യു
ഭാരതസഭ സംഭാവന ചെയ്ത ഏറ്റവും ശ്രേഷ്ഠനായ അല്മായ പ്രേഷിതന്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് 115 സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുട്ടനാട്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം കടന്നുചെല്ലാത്ത ആധ്യാത്മിക-പ്രേഷിതരംഗങ്ങള്‍ കുറവാണ്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി ക്രിസ്തുവിനെ ആവേശത്തോടെ പ്രണയിച്ച കുടുംബസ്ഥനായിരുന്ന ആത്മീയതേജസാണ് തൊമ്മച്ചന്‍. വിശുദ്ധ ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെട്ടെങ്കില്‍ രണ്ടാം ഫ്രാന്‍സിസ് എന്ന് ഉറപ്പായും വിശേഷിപ്പിക്കാവുന്ന ആത്മീയ പ്രതിഭാസംതന്നെയാണ് കേരള അസീസി ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. 1908 നവംബര്‍ ഒന്നിന് ഇഹലോകവാസം വെടിഞ്ഞ തൊമ്മച്ചനെ ദൈവദാസന്‍ എന്ന പദവിയിലേക്കുയര്‍ത്തിക്കാണാന്‍ സുദീര്‍ഘമായ നൂറ്റിനാല് വര്‍ഷങ്ങള്‍ കേരള സഭയ്ക്ക് കാത്തിരിക്കേണ്ടിവന്നു.
ഫ്രാന്‍സിസ്‌കന്‍ അല്മായ മൂന്നാം സഭയുടെ കേരളത്തിലെ തുടക്കക്കാരന്‍ എന്ന നിലയിലാണ് തൊമ്മച്ചന്‍ മുഖ്യമായും അറിയപ്പെടുന്നത്. 1865-ല്‍ അദ്ദേഹം തുടങ്ങിയ ‘കയറുകെട്ടിയവരുടെ സംഘം’ എന്ന ആത്മീയ പ്രസ്ഥാനമാണ് പിന്നീട് കേരളസഭ ആകമാനം പടര്‍ന്ന ഫ്രാന്‍സിസ്‌കന്‍ അല്മായ മൂന്നാം സഭയായി പ്രയാണം തുടരുന്നത്. ഏറെ വെല്ലുവിളികളെ നേരിട്ടാണ് തൊമ്മച്ചന്‍ ഈ പ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടുവന്നത്. ദളിത് സമുദ്ധാരണത്തിനായി മൂന്നാംസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. ദളിതരെയും രോഗികളെയും വീട്ടില്‍ സ്വീകരിച്ചുള്ള പരിപാടികള്‍ സഹധര്‍മിണിയുടെപോലും പ്രതിഷേധത്തിനിടയാക്കി. തൊമ്മച്ചന്റെ നേതൃത്വത്തില്‍ മൂന്നാംസഭ കൈവരിച്ച നേട്ടത്തില്‍ അസൂയപൂണ്ട ചിലര്‍ അദ്ദേഹത്തിനെതിരെ വരാപ്പുഴ മെത്രാപ്പോലീത്തക്ക് കള്ളപ്പരാതി നല്‍കി. ഇത് രണ്ടുമാസം നീണ്ടുനിന്ന പള്ളിവിലക്കിലാണ് അവസാനിച്ചത്. തൊമ്മച്ചന്‍ ഈ തീരുമാനത്തെ ക്ഷമയോടെ ഉത്തമ ഫ്രാന്‍സിസ്‌കന്‍ ചൈതന്യത്തില്‍ സ്വീകരിക്കുകയും മൂന്നാംസഭയുടെ നേതൃസ്ഥാനത്തുനിന്നു പിന്‍മാറുകയും സിഎംഐ വൈദികരുടെ അഭ്യര്‍ത്ഥനപ്രകാരം മാന്നാനത്തെ ദളിതരുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുകയും ചെയ്തു. പള്ളിമുടക്ക് പിന്‍വലിക്കുകയും കള്ളഹര്‍ജി കൊടുത്തവര്‍ പശ്ചാത്തപിച്ച് തൊമ്മച്ചനോട് മാപ്പുപറയുകയും ചെയ്തതോടെ ആ അധ്യായം അടഞ്ഞു.
മൂന്നാംസഭയുടെ നേതൃത്വത്തിലേക്ക് തിരിച്ചുവന്ന തൊമ്മച്ചന്‍ സഭാംഗങ്ങള്‍ക്കായി ഒരു നിയമാവലി രൂപീകരിക്കുകയും അതിന് മെത്രാപ്പോലീത്ത അംഗീകാരം നല്‍കുകയും ചെയ്തു. പൂന്തോപ്പില്‍ മൂന്നാം സഭയ്ക്കായി ഒരു പ്രാര്‍ത്ഥനാലയം നിര്‍മിച്ചു. പിന്നീട് ഈ ആലയം മൂന്നാംസഭയുടെ ആസ്ഥാനമായി മാറി. തൊമ്മച്ചന്റെ സംഘടനാപാടവവും സംഘാതമായ ആത്മീയ പ്രവര്‍ത്തനങ്ങളും പരിത്യാഗപുണ്യപ്രവൃത്തികളും പ്രാര്‍ത്ഥനയ്ക്കും സര്‍വോപരി ഫ്രാന്‍സിസ് പുണ്യവാളന്റെ സ്വര്‍ഗീയ മധ്യസ്ഥവും സഭാധികാരികളുടെ നിര്‍ലോഭ പ്രോത്സാഹനങ്ങളും മൂന്നാംസഭയെ ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തിലെ എണ്ണപ്പെട്ട അല്മായ സംഘടനയാക്കി മാറ്റി. റീത്തുഭേദമന്യേ മൂവായിരത്തിലധികം അംഗങ്ങള്‍ ആ കാലഘട്ടത്തില്‍ മൂന്നാം സഭയില്‍ പ്രവര്‍ത്തിച്ചിരുന്നു.
വിശുദ്ധ ഫ്രാന്‍സിസ് വനിതകള്‍ക്കായി ആരംഭിച്ച ഫ്രാന്‍സിസ്‌കന്‍ രണ്ടാം സഭയാണ് ക്ലാരസഭ. കേരളത്തിലെ ക്ലാരസഭ (എഫ്‌സിസി) പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ മൂന്നാം സഭോദ്യാനത്തില്‍ വിരിഞ്ഞ നറുമലരാണ്. ഫ്രാന്‍സിസ്‌കന്‍ ദാരിദ്ര്യത്തിലും എളിമയിലും ഒരു സമൂഹമായി നാഥനെ അടുത്തനുകരിച്ച് ജീവിക്കന്‍ ആഗ്രഹം പ്രകടിപ്പിച്ച പാലാ പള്ളി മൂന്നാം സഭാംഗങ്ങളായ ഏതാനും ഭക്തസ്ത്രീകളാണ് ക്ലാരസഭയുടെ ആദ്യഅംഗങ്ങള്‍. ക്ലാരസഭയെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുത്തതും അവരെ പരിശീലിപ്പിച്ചതും തൊമ്മച്ചനാണ്. പഴേകൊട്ടാരത്തില്‍ ഇട്ടിയേപ്പ് പാലായിലെ തന്റെ പുരയിടത്തില്‍ നിര്‍മിച്ചു നല്‍കിയ ചെറിയ വീട്ടിലാണ് ഈ അര്‍ത്ഥിനികള്‍ 1875 മുതല്‍ 1883 വരെ താമസിച്ചത്. മൂന്നാം സഭാനിയമാവലിയനുസരിച്ചാണ് അവര്‍ ജീവിച്ചത്. പിന്നീട് ഏതാനുംപേര്‍കൂടി ഈ സമൂഹത്തില്‍ ചേര്‍ന്നു. 1888 ഡിസംബര്‍ നാലിന് കോട്ടയം വികാരി അപ്പസ്‌തോലിക്ക ചാള്‍സ് ലവീഞ്ഞ് എട്ട് അര്‍ത്ഥിനികള്‍ക്ക് സഭയുടെ ഔദ്യോഗികവസ്ത്രം നല്‍കിക്കൊണ്ട് ഈ സന്യാസ സമൂഹത്തിന് കേരളത്തില്‍ അംഗീകാരം നല്‍കി.
പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ മൂന്നാം സഭയിലൂടെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചൈതന്യം പകര്‍ന്നു നല്‍കി പരിപോഷിപ്പിച്ചില്ലായിരുന്നെങ്കില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഈ സഭ കേരളക്കരയില്‍ യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ദിവ്യകാരുണ്യ ആരാധനാ സഭ (എസ്എബിഎസ്) യുടെ സ്ഥാപനത്തിനും നിര്‍ണായക സംഭാവന നല്‍കിയത് പുത്തന്‍പറമ്പില്‍ തൊമ്മച്ചനാണ്. സഭയുടെ ആദ്യ അംഗങ്ങളാകാന്‍ പരിശീലനം നേടിക്കൊണ്ടിരുന്ന വല്ലയില്‍ ഫിലോമിനയും (ഷന്താളമ്മ) കൂട്ടരും 1908 ജനുവരി 29-ന് എടത്വായില്‍ എത്തിയപ്പോള്‍ അന്നത്തെ എടത്വാ വികാരി ഫാ. തോമസ് കുര്യാളശേരിക്ക് ഇവരെ താമസിപ്പിക്കാന്‍ സ്വന്തം ഭവനം തൊമ്മച്ചന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അച്ചന്റെ നിര്‍ദേശപ്രകാരം തൊമ്മച്ചന്റെ തൊഴുത്ത് നവീകരിച്ച് വിട്ടുകൊടുക്കുകയും അര്‍ത്ഥിനികള്‍ അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് സഭാസ്ഥാപനത്തിനുള്ള തടസങ്ങള്‍ നീങ്ങാന്‍ തൊമ്മച്ചന്‍ സ്വര്‍ഗത്തിലിരുന്ന് മാധ്യസ്ഥം വഹിക്കുകയും കാര്യം സാധിക്കുകയും ചെയ്തതായി ആരാധനാസഭാ സ്ഥാപനചരിത്രം സാക്ഷിക്കുന്നു.
ജാതിവ്യവസ്ഥയും അടിമത്തവും കൊടികുത്തിവാണ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദളിതരുടെയും മറ്റു പിന്നോക്കക്കാരുടെയും ഉന്നമനത്തിനായി യത്‌നിച്ചയാളാണ് തൊമ്മച്ചന്‍. ‘കയറുകെട്ടിയവരുടെ സംഘം’ സ്ഥാപിച്ചതിന്റെ ഒരു ലക്ഷ്യം ഇതായിരുന്നു. തിരുനാള്‍ ദിനങ്ങളിലും കൊയ്ത്തുകാലത്തും കുട്ടനാട്ടില്‍ എത്തിയിരുന്ന ദളിത് സഹോദരങ്ങളെ അവരുടെ താല്‍ക്കാലിക ഷെഡുകളിലും മറ്റും ചെന്നുകണ്ട് ശുശ്രൂഷിച്ചിരുന്നു. തിരുനാളിനെത്തുന്ന രോഗികളായ ഭിക്ഷക്കാരെ ശുശ്രൂഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കും പുതുക്രിസ്ത്യാനികള്‍ക്കുമായി പ്രത്യേക ധ്യാനങ്ങള്‍ സംഘടിപ്പിച്ചു. പൂന്തോപ്പില്‍ സ്ഥാപിച്ച ‘ധര്‍മ്മവീട്’ ദളിതര്‍ക്കായി കേരളത്തില്‍ അംഗീകരിക്കുന്ന ആദ്യ ആതുരാലയമായിരുന്നു. മൂന്നാം സഭാംഗങ്ങളാണ് ഇവിടുത്തെ ശുശ്രൂഷ നിര്‍വഹിച്ചിരുന്നത്. പൂന്തോപ്പില്‍ അദ്ദേഹം സ്ഥാപിച്ച പള്ളിക്കൂടം വിദ്യാഭ്യാസ മേഖലയിലെ ഒരു കുതിച്ചുചാട്ടത്തിന് മുന്നോടിയായിരുന്നു.
തികഞ്ഞ താപസനായിരുന്ന തൊമ്മച്ചന്‍ ഗുഹകളിലും വനാന്തരങ്ങളിലും ധ്യാനനിരതനാകുമായിരുന്നു. തന്റെ താപസ-പ്രേഷിതയാത്രകളില്‍ ചെന്നിടങ്ങളിലും തങ്ങിയ സ്ഥലങ്ങളിലുമൊക്കെ സഭാ-വിശ്വാസ സമൂഹങ്ങള്‍ രൂപപ്പെട്ടുവരുകയും പിന്നീട് അത് ഇടവകാദൈവാലയങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തു. പഴയ കൊരട്ടി (എരുമേലി), മാരായമുറ്റം, പൂന്തോപ്പ് എന്നീ ദൈവാലയങ്ങള്‍ അപ്രകാരം രൂപപ്പെട്ടതാണ്.
ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അല്മായ ശാക്തീകരണത്തിനായി ഏറെ മുറവിളികളുയരുന്ന ഈ കാലഘട്ടത്തില്‍ ഈ വിശുദ്ധജന്മം സഭയുടെ ഔദ്യോഗിക വിശുദ്ധരുടെ പട്ടികയില്‍ ഇടം കണ്ടെത്താനായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണം.
Leave a Comment
Your email address will not be published. Required fields are marked with *