Follow Us On

22

February

2024

Thursday

പിശാചുക്കളുടെ പേടിസ്വപ്നമായ ഭൂതോച്ഛാടകന്‍

പിശാചുക്കളുടെ പേടിസ്വപ്നമായ   ഭൂതോച്ഛാടകന്‍

സ്വന്തം ലേഖകന്‍

പൈശാചിക ബാധയുള്ളവര്‍ സാധാരണയായി പ്രകടിപ്പിക്കുന്ന ചില അമാനുഷിക കാര്യങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേല്‍അമോര്‍ത്ത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പിശാച് ബാധിതര്‍ വായുവില്‍ ഉയര്‍ന്നു നിന്നിട്ടുള്ള അനുഭവവും ഒരു സ്ത്രീ പല്ലി പോകുന്നതുപോലെ ഭിത്തിയിലൂടെ സഞ്ചരിച്ചതും ഫാ. അമോര്‍ത്ത് പറഞ്ഞ സംഭവങ്ങളില്‍ ഉള്‍പ്പെടുന്നു. പിശാചുബാധയുള്ളവര്‍ തുപ്പുന്നത് സാധാരണ സംഭവമാണെന്നും എന്നാല്‍ ചില സമയത്ത് അവരുടെ വായില്‍ നിന്ന് മെറ്റല്‍ കഷണങ്ങള്‍ പുറത്തു വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതൊക്കയാണെങ്കിലും സാത്താനേ താങ്കള്‍ ഭയപ്പെടുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയായിരുന്നു ഏറ്റവും ശ്രദ്ധേയം. ”ഒരിക്കലും ഇല്ല. അവന്‍ എന്നെയാണ് ഭയപ്പെടുന്നത്” എന്നായിരുന്നു അത്. വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന 30 വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം ശരാശരി 300 ഭൂതോച്ഛാടനങ്ങള്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് നടത്തി.

മരണശേഷവും തുടരുന്ന പോരാട്ടം
ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് ഇറ്റാലിയന്‍ സ്വദേശിനിയായ യുവതിയെ ഭൂതോച്ഛാടനത്തിന് വിധേയമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലാണ്. 1973 ല്‍ പുറത്തിറങ്ങിയ ‘ദി എക്‌സോര്‍സിസ്റ്റ്’ എന്ന ഹോളിവുഡ് സിനിമയുടെ സംവിധായകനായ വില്യം ഫ്രൈഡ്കിന്‍ ഫാ. അമോര്‍ത്തിന്റെ അനുവാദത്തോടെ 2016 മെയ് ഒന്നിന് ക്യാമറയില്‍ പകര്‍ത്തിയതാണ് ഈ ഭൂതോച്ഛാടനത്തിന്റെ ദൃശ്യങ്ങള്‍. ഈ ഇറ്റാലിയന്‍ സ്വദേശിനി ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ അടുക്കല്‍ നടത്തിയ പത്താമത്തെ ഭൂതോച്ഛാടന സെഷനായിരുന്നു അത്. അവളെ ബാധിച്ചിരുന്ന തിന്മയുടെ ശക്തി ആ ഭൂതോച്ഛാടനത്തിലും പൂര്‍ണമായി വിട്ടുപോയില്ല. ഒരു പക്ഷേ താനേറ്റെടുത്ത ജോലി മറ്റാരെങ്കിലുമായിരിക്കും പൂര്‍ത്തിയാക്കുകയെന്ന് ആ സെഷന് ശേഷം 91-ാം ജന്മദിനം ആഘോഷിച്ച ഫാ. അമോര്‍ത്ത് പറയുകയുണ്ടായി. ആ വാക്കുകള്‍ ഒരു പ്രവചനമായിരുന്നു. ആ വര്‍ഷം തന്നെ സെപ്റ്റംബര്‍ 16-ന് ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഫാ. അമോര്‍ത്ത് അന്തരിച്ചു. മരിക്കുന്നതിന് മുമ്പ് അന്ന് ഭൂതോച്ഛാടനവേളയില്‍ സന്നിഹിതനായിരുന്നു റോബര്‍ട്ടോയോട് ഫാ. അമോര്‍ത്ത് ഇപ്രകാരം പറഞ്ഞു -‘മരിച്ചു കഴിയുമ്പോള്‍ സാത്താനെതിരായുള്ള പോരാട്ടം ഞാന്‍ കൂടുതല്‍ ശക്തമാക്കും.’

ഫാ. അമോര്‍ത്തിന്റെ മരണശേഷം ആ ഇറ്റാലിയന്‍ യുവതിയെ മറ്റൊരു വൈദികന്റെ പക്കല്‍ ഭൂതോച്ഛാടനത്തിന് വിധേയമാക്കി. ഭൂതോച്ഛാടനത്തിന്റെ സമയത്ത് ഫാ. അമോര്‍ത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചപ്പോള്‍ ‘അദ്ദേഹത്തെ വിളിക്കരുത്’എന്ന് പറഞ്ഞുകൊണ്ട് അവള്‍ അലറിക്കരഞ്ഞു. പൈശാചികശക്തികളുടെ പേടിസ്വപ്‌നമായിരുന്ന ഫാ. അമോര്‍ത്ത് മരണമടഞ്ഞ് ദൈവസന്നിധിയിലെത്തിയതോടെ കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നത്.

ഫെറാറി കാറുകളുടെ നാട്ടില്‍നിന്ന്
1925 മെയ് ഒന്നിന് ഇറ്റലിയിലെ മൊഡേണയിലാണ്, ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജനനം. ഇന്ന് ഫെറാറി കാറുകളുടെ ജന്മസ്ഥലമായി പേരെടുത്ത നഗരമാണ് മൊഡേണ. ചെറുപ്പത്തില്‍ മാതാപിതാക്കളോടൊപ്പം ദൈവാലയത്തില്‍ പോകുമായിരുന്നെങ്കിലും മിക്കപ്പോഴും ഉറങ്ങിപ്പോകുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പവോലോ റൊഡാരി എന്ന മാധ്യമപ്രവര്‍ത്തകന് അയച്ച കത്തില്‍ ഫാ. അമോര്‍ത്ത് പറയുന്നുണ്ട്. ദൈവാലയത്തില്‍ വച്ച് ബഹളമുണ്ടാക്കാതെ കിടന്നുറങ്ങുന്നതിനാല്‍ അമ്മ അദ്ദേഹത്തിന് മിഠായി സമ്മാനമായി നല്‍കിയിരുന്നത്രെ. എങ്കിലും ചെറുപ്പത്തില്‍ തന്നെ കുമ്പസാരമെന്ന കൂദാശയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഗബ്രിയേല്‍ ആഴ്ചയിലൊരിക്കലെങ്കിലും കുമ്പസാരിക്കുന്നത് പതിവാക്കി. 1937-ല്‍ 12-ാമത്തെ വയസില്‍ വൈദികനാകുവാനാണ് തന്നെ ദൈവം വിളിച്ചിരിക്കുന്നതെന്ന തിരിച്ചറിവ് ഗബ്രിയേലിന് ലഭിച്ചെങ്കിലും വൈദികവൃത്തിയിലേക്ക് കടന്നുവരുന്നതിന് മുമ്പ് പല ജീവിതാനുഭവങ്ങളിലൂടെയും ദൈവം അദ്ദേഹത്തെ നയിച്ചു.

1948-ല്‍ ഫാസിസ്റ്റ് സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിതനായ ഗബ്രിയേല്‍ അവിടെ നിന്ന് ഒളിച്ചോടി ഒരു കത്തോലിക്ക സന്നദ്ധപ്രവര്‍ത്തകന്‍ നേതൃത്വം നല്‍കുന്ന വിമത സൈന്യത്തില്‍ ചേര്‍ന്നു. ആ സൈന്യത്തിന്റെ ഭാഗമായി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടിയ ഗബ്രിയേല്‍ 20-ാമത്തെ വയസില്‍ തന്നെ ആര്‍മി മേജറിന് തുല്യമായ ബറ്റാലിയന്‍ കമാന്‍ഡര്‍ എന്ന പദവിയിലെത്തി. ഭാവിയില്‍ പൈശാചിക ശക്തികള്‍ക്കെതിരെ നേരിട്ട് നടത്താനിരിക്കുന്ന അനവധി പോരാട്ടങ്ങള്‍ക്കുള്ള പരിശീലനമായി അന്ന് തിന്മയുടെ ശക്തികള്‍ക്കെതിരായി മെഷീന്‍ ഗണ്ണും റൈഫിളുകളും ഉപയോഗിച്ച് നടത്തിയ കായികപോരാട്ടം മാറി. യുദ്ധത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമായ ഗബ്രിയേല്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി. അങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നടത്തിയ സേവനത്തിന് ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്ന് 1954-ല്‍ വൈദികനായി അഭിഷിക്തനാകുന്നത്.

വിശുദ്ധ പാദ്രെ പിയോയുടെ ശിഷ്യത്വം
വൈദികനായ കാലഘട്ടത്തില്‍ മാതൃഭക്തനായ ഫാ. അമോര്‍ത്ത് മെഡ്ജുഗോറിയയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ പഠിക്കാനാണ് ഏറെ സമയം ചിലവഴിച്ചത്. 1959 -ല്‍ അദ്ദേഹം ഫാത്തിമ സന്ദര്‍ശിച്ചു. ഫാത്തിമയില്‍ നിന്നുള്ള മറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ക്കൂടെ സഞ്ചരിച്ച ഫാ. അമോര്‍ത്ത് വിശുദ്ധ പാദ്രെ പിയോ താമസിച്ചിരുന്ന ആശ്രമത്തിലും പോകാനിടയായി. ഇവിടെ വച്ച് വിശുദ്ധ പാദ്രെ പിയോയാണ് സാത്താന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആദ്യമായി ഫാ. ഗബ്രിയേല്‍ അമോര്‍ത്തിനോട് സംസാരിക്കുന്നത്. പലപ്പോഴും നായയുടെ രൂപത്തിലും മറ്റും സാത്താന്റെ ആക്രമണത്തിനിരയായിരുന്ന വിശുദ്ധ പാദ്രെ പിയോ സാത്താന്‍ മനുഷ്യരെ ഭയപ്പെടുത്താനുപയോഗിക്കുന്ന പല തന്ത്രങ്ങളെക്കുറിച്ചും ഫാ. അമോര്‍ത്തിനെ ബോധ്യപ്പെടുത്തി.

പിന്നീട് 61 – ാമത്തെ വയസില്‍ റിട്ടയര്‍മെന്റിനോട് അടുക്കുന്ന പ്രായത്തിലാണ് ഭൂതോച്ഛാടകനായ ഫാ. അമാന്റിനിയുടെ അസിസ്റ്റന്റായി ഫാ. അമോര്‍ത്ത് നിയമിതനാകുന്നത്. ലോകം മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന ഒരു ദൈവിക ശുശ്രൂഷക്ക് അവിടെ തുടക്കം കുറിക്കുകയായിരുന്നു. 1986 മുതല്‍ 1992 വരെയുള്ള കാലഘട്ടത്തില്‍ ഫാ. അമാന്റിനിയുടെ ശിക്ഷണത്തില്‍ ഭൂതോച്ഛാടനത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ഫാ. അമോ ര്‍ത്ത് അഭ്യസിച്ചു. എത്ര ശക്തമായ സാത്താന്റെ ബാധയാണെങ്കിലും ക്രിസ്തുവിന്റെ ശക്തിക്ക് മുന്നില്‍ അവയെല്ലാം ആത്യന്തികമായി പരാജയപ്പെടുമെന്നായിരുന്നു ഫാ. അമാന്റിനി തന്റെ ശിഷ്യനെ പഠിപ്പിച്ചത്. കത്തോലിക്ക സഭയുടെ കര്‍ശനമായ ചട്ടങ്ങ ള്‍പ്രകാരവും കാനന്‍ നിയമങ്ങള്‍ക്ക് അനുസൃതമായും ഭൂതോച്ഛാടനം നടത്താന്‍ ഫാ. അമോര്‍ത്ത് അഭ്യസിച്ചു. 14 വയസുള്ള ഒരു പെണ്‍കുട്ടിയുടെ ഭൂതോച്ഛാടനമായിരുന്നു ഫാ. അമോര്‍ത്ത് ആദ്യമായി ഒറ്റക്ക് നടത്തിയ ഭൂതോച്ഛാടനം. ഫാ. അമാന്റിനി രോഗബാധിതനായ സമയത്താണ് അദ്ദേഹത്തിന് അതിനുള്ള അവസരം ലഭിച്ചത്.

ഫാ. അമാന്റിനിയുടെ മരണശേഷം വത്തിക്കാന്റെ മുഖ്യ ഭൂതോച്ഛാടകനായി അദ്ദേഹം നിയമിതനായി. 1986-ല്‍ ആരംഭിച്ച ആ ശുശ്രൂഷയിലൂടെ ആയിരങ്ങള്‍ സാത്താന്റെ പിടിയില്‍ നിന്ന് മോചിതരായി. സാത്താനെ ഭയപ്പെടുകയല്ല മറിച്ച് നാം ദൈവത്തിന്റെ പക്ഷത്താണ് എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വാക്കുക ള്‍ ഓര്‍മിപ്പിക്കുന്നു -”സാത്താന്‍ ചില പോരാട്ടങ്ങളില്‍ വിജയിച്ചേക്കാം. ചിലപ്പോള്‍ പ്രധാനപ്പെട്ട പോരാട്ടങ്ങളില്‍ പോലും. പക്ഷേ ഒരു കാര്യം ഓ ര്‍മിക്കുക. ആത്യന്തികമായി ഈ യുദ്ധത്തില്‍ അവന്‍ ഒരിക്കലും വിജയിക്കുകയില്ല. നിങ്ങള്‍ ദൈവത്തിന്റെ പക്ഷത്താണോ സാത്താന്റെ പക്ഷത്താണോ എന്ന് തീരുമാനിക്കുക. ഒരുവ ന്‍ യേശുവിന്റെ കൂടെയല്ലാത്തപ്പോള്‍ അവന്‍ സാത്താന്റെ കൂടെയാണ്.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?