കാക്കനാട്: സിനഡാലിറ്റിയുടെ യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടു സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനംചെയ്തു. മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനം ഏറ്റെടുത്തതിനുശേഷം വിളിച്ചു ചേര്‍ത്ത മുപ്പത്തിരണ്ടാമതു സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനഡാലിറ്റിയുടെ ചൈതന്യം സഭാജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്വാംശീകരിക്കേണ്ടതുണ്ട്. അതിനായി പരസ്പരം കേള്‍ക്കാനും അതുവഴി മറ്റുള്ളവരെ മനസിലാക്കാനും സാധിക്കണം. പരസ്പരം മനസിലാക്കുന്നതിലൂടെയും ബഹുമാനിക്കുന്നതിലൂടെയും മാത്രമേ സിനഡാലിറ്റി വിഭാവനം ചെയ്യുന്ന ഒരുമിച്ചുനടക്കല്‍ അര്‍ഥപൂര്‍ണ്ണമാവുകയുള്ളുവെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ജനുവരി എട്ടിന് ആരംഭിച്ച മുപ്പത്തിരണ്ടാം സിനഡിന്റെ ഒന്നാം സമ്മേളനം തിരഞ്ഞെടുപ്പുനടപടികള്‍ പൂര്‍ത്തിയായതോടെ ജനുവരി 10-ന് സമാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണു തിരഞ്ഞെടുപ്പു പ്രഖ്യാപനവും പുതിയ മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെ സ്ഥാനാരോഹണവും സഭയുടെ കേന്ദ്ര കാര്യാലയത്തില്‍ ജനുവരി 11-ന് നടത്തിയത്.
ജനുവരി 12-ന് രാവിലെ ആരംഭിച്ച സിനഡു സമ്മേളനം 13-ന് വൈകുന്നേരം ആറിന് സമാപിക്കും. സഭാസിനഡിന്റെ അടുത്ത സമ്മേളനം ഓഗസ്റ്റ് മാസത്തില്‍ നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *