കോട്ടയം: വിജയപുരം രൂപത സഹായമെത്രാനായി ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വിമലഗിരി കത്തീഡ്രലില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിനെ സ്ഥാ നചിഹ്നങ്ങള്‍ അണിയിച്ചു. രൂപത ചാന്‍സലര്‍ റവ. ഡോ.ജോസ് നവ്, മാര്‍പാപ്പയുടെ നിയമന ഉത്തരവ് വായിച്ചു. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു.
ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ നിലവില്‍ വിജയപുരം രൂപതാ വികാരി ജനറാളാണ്. ഇടുക്കി ജില്ലയിലെ പാമ്പനാര്‍ സേക്രഡ് ഹാര്‍ട്ട് ഇടവകാംഗവും മഠത്തിപ്പറമ്പില്‍ അലക്‌സാണ്ടറുടെയും പരേതയായ ത്രേസ്യാമ്മയുടെയും ഏക മകനുമാണ്. 1996 ഡിസംബര്‍ 27ന് ഡോ. പീറ്റര്‍ തുരുത്തിക്കോണത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ സെന്റ് ആന്‍സെല്‍മോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആരാധനാക്രമത്തില്‍ ബിരുദാനന്തര ബിരുദവും ഉര്‍ബാനിയ യൂ ണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേ ടിയിട്ടുണ്ട്. നിയുക്ത സഹായ മെത്രാന്റെ സ്ഥാനരോഹണ ചടങ്ങുകള്‍ ഫെബ്രുവരി 12-ന് വിമലഗിരി കത്തീഡ്രലില്‍ നടക്കും. കോട്ടയം, ഇടുക്കി ജില്ലകള്‍ പൂര്‍ണമായും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഭാഗികമായും ഉള്‍ക്കൊള്ളുന്നതാണ് വിജയപുരം രൂപത.
Leave a Comment
Your email address will not be published. Required fields are marked with *