Follow Us On

16

January

2025

Thursday

ഒരു മിഷനറിയുടെ കരങ്ങളിലേക്ക് വീണ്ടും സഭയുടെ സാരഥ്യം

ഒരു മിഷനറിയുടെ കരങ്ങളിലേക്ക്  വീണ്ടും സഭയുടെ സാരഥ്യം

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ
(കെസിബിസി പ്രസിഡന്റ്)

അപ്പസ്‌തോലിക സഭയായ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണം ചെയ്ത് ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്.
കേരള കത്തോലിക്കാ സഭയ്ക്കും ഭാരത സഭയ്ക്കും വിശിഷ്യാ സീറോ മലബാര്‍ സഭയ്ക്കും ഈ വന്ദ്യപിതാവിന്റെ മേജര്‍ ആര്‍ച്ചുബിഷപ് എന്നുള്ള ശുശ്രൂഷയില്‍ വലിയ അഭിനന്ദനങ്ങളും ആശംസകളും കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി നേരുന്നു. കേരള കത്തോലിക്കാ സഭയുടെ എല്ലാവിധ പ്രാര്‍ത്ഥനാമംഗളങ്ങളും അഭിനന്ദനങ്ങളും സഹകരണവും അദ്ദേഹത്തെ അറിയിക്കുകയും ചെയ്യുന്നു. സീറോമലബാര്‍ സഭയെ സംബന്ധിച്ച് സഭയുടെ സാരഥ്യം ഒരു മിഷനറിയുടെ കൈകളിലേക്ക് ഇതാ വീണ്ടും എത്തുന്നു.

തക്കല രൂപതയുടെ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ശുശ്രൂഷക്കുശേഷം വ്യത്യസ്തമായ ഭൂപ്രദേശത്തില്‍നിന്ന്, ഷംഷാബാദില്‍നിന്ന് സഭയ്ക്ക് ഒരു പുതിയ മേലധ്യക്ഷനെ ലഭിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ വലിയ നടത്തിപ്പും വെളിച്ചവും ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചതുപോലെതന്നെ തുടര്‍ന്നും ആത്മാവിന്റെ ചൈതന്യത്താല്‍ സഭ മുഴുവനും നിറയപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
അപ്പസ്‌തോലികമായ സീറോമലബാര്‍ സഭയുടെ നായകത്വം വലിയൊരു ഉത്തരവാദിത്വമാണ്.

ഈ സന്ദര്‍ഭത്തില്‍ പിതാവിനെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ജനനവും ബാല്യവും പഠനവും ദൈവവിളിയും വൈദികപരിശീലനവും പൗരോഹിത്യ സ്വീകരണവും തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായുള്ള നിയമനവുമെല്ലാം പരിശോധിക്കുമ്പോള്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്.
സഭ അദ്ദേഹത്തെ ഏല്‍പിച്ചിട്ടുള്ള എല്ലാ തലങ്ങളിലും ആത്മാര്‍ത്ഥമായ സമര്‍പ്പണബുദ്ധിയോടുകൂടി അദ്ദേഹം തന്നെത്തന്നെ സഭാശുശ്രൂഷയ്ക്കായി വിട്ടുകൊടുത്തിട്ടുണ്ട്. അതിന്റെ സദ്ഫലങ്ങള്‍ അദ്ദേഹം ശുശ്രൂഷിച്ച എല്ലാ തലങ്ങളിലും പ്രകടമാണ്.

ഐക്യവും പ്രേഷിതത്വവും അനിവാര്യം

മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ സേവനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാരായ സെമിനാരി വിദ്യാര്‍ത്ഥികള്‍ സന്തോഷപൂര്‍വം സംസാരിക്കു ന്നത് കേട്ടിട്ടുണ്ട്. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാന്‍ എന്ന നിലയി ല്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ കേരളസഭ പ്രത്യേകമായി സജീവമായ ഓര്‍ മയില്‍ നിലനിര്‍ത്തുന്ന ഒരു യാഥാര്‍ ത്ഥ്യമാണ്. ഷംഷാബാദ് രൂപതയെന്ന സീറോ മലബാര്‍ സഭയുടെ മിഷനറി രൂപതയില്‍ പ്രഥമ മെത്രാനായി അ ദ്ദേഹം നിയോഗിതനാകുമ്പോള്‍ (ഏതാ ണ്ട് ആറുവര്‍ഷത്തോളമാകുന്നു ഈ ശുശ്രൂഷയില്‍ അദ്ദേഹം വ്യാപൃതനായിട്ട്) മലബാര്‍ സഭയിലെ മിഷ ന്‍ പ്രവര്‍ ത്തനങ്ങള്‍ക്കുതന്നെ പുതിയ ദിശാബോധവും വ്യക്തിത്വവും പ്രത്യേകമാംവിധം അദ്ദേഹം ഇതിനോടകംത ന്നെ സമ്മാനിച്ചിട്ടുണ്ട് എന്നതാണ് വ സ്തുത. അദ്ദേഹത്തിന്റെ ഈ സമര്‍പ്പണത്തിന് സഭ എപ്പോഴും വലിയ ആദരവും പ്രശംസയും നല്‍കിയിട്ടുണ്ട്. ഈ അനുമോദനങ്ങളൊക്കെ നല്‍കുന്നതിന്റെ പുറകിലെ ഘടകം ഒരു വ്യക്തിക്ക് സഭയോടുള്ള ബന്ധം എങ്ങനെയിരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

ചരിത്രമുഹൂര്‍ത്തം
സീറോമലബാര്‍ സഭയുടെ ഒരു മകനായി ജനിച്ച്, വളര്‍ന്ന്, സീറോമലബാ ര്‍ സഭയുടെ പൗരോഹിത്യ പരിശീലനത്തിലേര്‍പ്പെട്ട്, ഈ സഭയുടെ പൗരോഹിത്യ ശുശ്രൂഷയില്‍ തനതായ ശൈ ലിയില്‍ വളര്‍ന്ന് തൃശൂരിന്റെ സാംസ് കാരിക പൈതൃകത്തില്‍ അടിയുറച്ച്, തൃശൂരിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലെ സാധാരണ ത്വം കൈമുതലാക്കിയുള്ള റാഫേല്‍ തട്ടില്‍ പിതാവിന്റെ വളര്‍ച്ചയും സമര്‍ പ്പണത്തിലെ ഉയര്‍ച്ചയും ഏവരും ശ്രദ്ധയോടെ സൂക്ഷിച്ചുനോക്കുന്ന ഒരു ഘടകമാണ്. എല്ലാ മനുഷ്യരോടും തുറവിയുള്ള സമീപനം എക്കാലത്തും പിതാ വ് നിലനിര്‍ത്തിയിരുന്നു. ഇതര സഭകളോട്, ഇതര സമുദായങ്ങളോട്, ഇതര മതങ്ങളോട് എല്ലാ മനുഷ്യരോടും സംഭാഷണത്തിനുള്ള സന്നദ്ധത എപ്പോഴും കൈമുതലായിട്ടുള്ള പിതാവ്, തനിക്ക് ലഭിച്ചിട്ടുള്ള സംഭാഷണത്തിന്റെ അവസരങ്ങളൊന്നും നഷ്ടമാക്കിയിട്ടില്ല. മാത്രമല്ല സംഭാഷണങ്ങളുടെ ഒരു ദേശമാണ് നമ്മുടേത്. സംഭാഷണം കൂടാതെയുള്ള സുവിശേഷവ്യാപനം അസാധ്യമാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയില്‍, ഭാരത കത്തോലിക്കാ മെത്രാ ന്‍ സമിതിയില്‍ പിതാവ് ഇടപെട്ടിട്ടുള്ളതൊക്കെ ഞാനോര്‍ക്കുന്നു. അദ്ദേ ഹത്തെ പ്രത്യേകമായി ഏല്‍പിച്ചിട്ടുള്ള ചുമതലകളില്‍ പിതാവ് പുലര്‍ത്തിയിട്ടുള്ള സഭാദര്‍ശനവും സഭാതുറവിയും എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തോടൊരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വലിയ സന്തോഷം എല്ലാവരും പ്രകടിപ്പിക്കുന്നതും നമുക്ക് ബോധ്യപ്പെടു ന്ന വസ്തുതയാണ്. വ്യക്തിപരമായ അദ്ദേഹത്തിന്റെ സമര്‍പ്പണം അദ്ദേഹ ത്തെ വലിയ ഉത്തരവാദിത്വത്തിലേക്ക് എത്തിച്ചു എന്നതാണ് പരമാര്‍ത്ഥം. സീറോമലബാര്‍ സഭയുടെ പ്രത്യേകതയാര്‍ന്ന ഒരു ചരിത്രമുഹൂര്‍ത്തത്തിലാ ണ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സഭയുടെ തലവനും പിതാവുമായി ചുമതലയേല്‍ക്കുന്നത്. ഒരു വലിയ അപ്പസ്‌തോലിക സഭയുടെ അധ്യക്ഷനാണ് പിതാവ്.

ദൈവം സംസാരിക്കുന്ന സമയം
ലോകമെമ്പാടും മിഷനറിമാരെ അയച്ചിട്ടുള്ള ഒരു സഭാചരിത്രവും സഭയുടെ അനന്യതയും ഈ സഭയ്ക്ക് കൈമുതലായിട്ടുണ്ട്. ദൈവവിളികളാല്‍ സമ്പന്നമായ ഒരു സഭ. വിശ്വാസചൈതന്യത്താല്‍ മഹത്വീകരിക്കപ്പെട്ട കുടുംബങ്ങളുള്ള ഒരു സഭ. പൗരസ്ത്യ കത്തോലിക്കാ സഭകളില്‍ ഉക്രെയ്ന്‍ സഭയ്ക്ക് പിന്നിലായി ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള ഒരു സഭ എന്നതും ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കുന്ന ഘടകമാണ്. സീറോമലബാര്‍ സഭ ഭാരതമണ്ണിലും വിദേശങ്ങളിലും എല്ലാ ഭൂഖണ്ഡങ്ങളിലും നിര്‍വഹിച്ചിട്ടുള്ള സുവിശേഷ ശുശ്രൂഷകളാണ് ഈ സഭയുടെ മഹത്വീകരണത്തിന്റെ അടിസ്ഥാനം. സുവിശേഷം പ്രസംഗിക്കുന്നതിനെക്കാള്‍, സുവിശേഷധര്‍മം അനുഷ്ഠിക്കുന്നതിനെക്കാള്‍ സഭയില്‍ വേറെ എന്താണ് നമുക്ക് മഹത്വം നല്‍കുക. മഹത്വീകരിക്കപ്പെടുന്നത് സുവിശേഷവുമായി ചേര്‍ന്നാണ്, സുവിശേഷത്തെ ആധാരമാക്കിയാണ് എന്ന വസ്തുതയ്ക്ക് പ്രാധാന്യമേറുകയാണ്.

വിശുദ്ധ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ സുവിശേഷം ഞാന്‍ പ്രസംഗിക്കുന്നുവെങ്കില്‍ അതിലെനിക്ക് ഒന്നും മേന്മ പറയാനില്ല. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് മഹാദുരിതം. സുവിശേഷം പ്രസംഗിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ മുന്‍ഗണനാക്രമങ്ങള്‍ മാറുകയാണ്. സുവിശേഷത്തിനും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നാം കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ നമ്മുടെ മുമ്പിലുള്ള വിഷയങ്ങളില്‍ ഏറ്റവും ഗൗരവമായി പരിഗണിക്കേണ്ട വിഷയം ഏതാണെന്ന് നമ്മുടെ മനഃസാക്ഷിയില്‍ ദൈവം നമ്മോട് സംസാരിക്കും. ആയതിനാല്‍ മിഷന്‍ പ്രദേശത്തുനിന്നുള്ള ഒരു മേലധ്യക്ഷന്‍ എന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ വലിയ പരിഗണനാവിഷയമായി വീണ്ടും മിഷന്‍ പ്രവര്‍ത്തനങ്ങളും മിഷന്‍ ധര്‍മവും മുന്നിലേക്ക് വരുന്നു എന്നത് വലിയ പ്രതീക്ഷ നല്‍കുന്ന വസ്തുതയാണ്.

കര്‍ത്താവിന്റെ കരംപിടിക്കുന്നവര്‍ക്ക് വിജയം
ഇതൊരു പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയാണ്. സഭയുടെ പൈതൃകവും സഭയുടെ പ്രേഷിതത്വവും ഒരുമിച്ച് മനസിലാക്കപ്പെടേണ്ടതാണ്. മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോ മലബാര്‍ സഭയുടെ പൗരസ്ത്യ പൈതൃകത്തെക്കുറിച്ച് തികച്ചും ബോധവാനും അതില്‍ അഭിമാനിക്കുന്നവനുമാണ് എന്നത് പരമാര്‍ത്ഥമാണ്. ഇപ്പോള്‍ മിഷന്‍രൂപതയിലെ ശുശ്രൂഷ അദ്ദേഹത്തെ വലിയൊരു മിഷനറിയായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ അര്‍ത്ഥവത്തായ ഒരു കൂടിച്ചേരലായി ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നു. ഭാരിച്ച വെല്ലുവിളികള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ട് എന്നത് മറക്കുന്നില്ല. എന്നാല്‍ മേജര്‍ ആര്‍ച്ചുബിഷപ്പായുള്ള പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യത്തെ പരസ്യസംഭാഷണത്തില്‍ സൂചിപ്പിച്ചതുപോലെ അവസാനം തീര്‍ച്ചയായും ദൈവത്തിന്റെ പദ്ധതിപ്രകാരം പൂര്‍ത്തിയാക്കപ്പെടും. ഒരുദിവസംകൊണ്ട് എല്ലാം അവസാനിക്കുമെന്ന് നാം കരുതേണ്ടതില്ല. ഒരു ദിവസവും ഒന്നിന്റെ പൂര്‍ത്തീകരണവും അവസാനവുമല്ല.

പിതാവിന്റെ ഭാരിച്ച ഉത്തരവാദിത്വം എങ്ങനെയാണ് നിര്‍വഹിക്കുക. തികച്ചും ദൈവാശ്രയബോധത്തില്‍ മുന്നേറുന്ന പിതാവ്, കര്‍ത്താവിന്റെ കരം പിടിച്ച് ഈ സഭയെ നയിക്കും. കര്‍ത്താവിന്റെ കരം പിടിക്കുന്നവര്‍ക്ക് ആത്യന്തികമായ വിജയമുണ്ടാകും. ഇത് നമ്മുടെ വിശ്വാസത്തിന്റെ വിഷയമാണ്. ഇത് നമ്മുടെ അടിസ്ഥാനപരമായ ബോധ്യത്തിന്റെ വിഷയമാണ്. ആയതുകൊണ്ട് കര്‍ത്താവിന്റെ കരം പിടിച്ച് നടക്കുന്നതിന്, ഈ സഭ ഒന്നായി തീരുമാനിക്കുന്ന സമയംകൂടിയാണിത്. ഒരു വ്യക്തി സഭയെ നയിക്കുന്നു എന്നത് സാങ്കേതികമായി പറയാം എങ്കിലും സഭ ഒന്നായി കര്‍ത്താവിനോടൊപ്പം നടക്കുന്ന മനോഹരമായ ഒരു കാഴ്ചയ്ക്കാണ് പുതിയ തിരഞ്ഞെടുപ്പ് അര്‍ത്ഥം കാണേണ്ടതും അതിനായി മുമ്പോട്ട് കാലെടുത്ത് വയ്‌ക്കേണ്ടതും.

താലന്തുകള്‍ നല്‍കുന്ന ഓര്‍മപ്പെടുത്തലുകള്‍
മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് യാഥാര്‍ത്ഥ്യബോധത്തോടുകൂടി ഈ വിഷയങ്ങളെ കാണും എന്നത് സഭ ഒന്നായി പ്രതീക്ഷിക്കുന്ന, സഭ ഒന്നായി ശ്രദ്ധിക്കുന്ന വിഷയമാണ്. സഭയിലെ ഇപ്പോഴത്തെ ചില പ്രതിസന്ധികള്‍, പരിഹാരം കാണേണ്ടുന്ന ചില വിഷയങ്ങള്‍, സഭയിലെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കേണ്ട ആവശ്യകത, കത്തോലിക്കാ കെട്ടുറപ്പ് ഉറപ്പാക്കേണ്ടുന്ന ഘടകങ്ങള്‍, കത്തോലിക്കാ സഭയുടെ ആത്മീയ ശിക്ഷണക്രമം, ആത്മീയമായ പക്വത, ശൈലി ഇവയെല്ലാം ഉറപ്പിക്കേണ്ടതായ ശുശ്രൂഷകൂടി പിതാവിലേക്ക് വരുകയാണ്. കത്തോലിക്കാ സഭയുടെ ഉള്ളിലെ ആത്മീയത ഉറപ്പിക്കുന്നതിന് നേതൃത്വം കൊടുക്കാന്‍ പിതാവിന് തീര്‍ച്ചയായും സാധിക്കും. എന്നാല്‍ അത് പൂര്‍ണമാകുന്നത് സഭ മുഴുവനും പിതാവിനോടൊപ്പം നടക്കുമ്പോഴാണ്. അദ്ദേഹത്തെ ഒറ്റയ്ക്ക് വിടാതെ, അദ്ദേഹത്തെ അനുഗമിക്കണം, അദ്ദേഹത്തോട് ഒപ്പം നടക്കണം. മറ്റുള്ളവര്‍ കൂടെയുണ്ട് എന്ന് പിതാവ് ഉറപ്പു വരുത്തണം.

ഈ സഭയുടെ ഐക്യവും സഭയുടെ പ്രേഷിതത്വവും സീറോ മലബാര്‍ സഭയ്‌ക്കെന്നല്ല, കത്തോലിക്കാ സഭയ്ക്ക് അനിവാര്യമാണ്. താലന്ത് ലഭിച്ചവനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ നമ്മുടെ മനസിലിരിക്കട്ടെ. അഞ്ച് കിട്ടിയവന്‍ അഞ്ചുകൂടി സമ്പാദിക്കണം എന്നത് ഓര്‍മയില്‍ ഉണ്ടാകണം.
നിലത്ത് കുഴിച്ചിട്ടവന്‍ ഒന്നും സമ്പാദിച്ചില്ല എന്നു മാത്രമല്ല, യജമാനന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചുകൂടി സംശയം ഉളവാക്കുന്നതുപോലെ പ്രവര്‍ത്തിച്ചതിന്റെ ഒരു ഓര്‍മപ്പെടുത്തലും ഉണ്ട്. ധാരാളമായി ലഭിച്ചു, അതിനെക്കാള്‍ ധാരാളമായി കൊടുക്കുന്നതിന് കടപ്പെട്ടിരിക്കുന്ന ഒരു വിശ്വാസസമൂഹം – അതിന്റെ മുന്നിലാണ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സഭയുടെ തലവനും പിതാവുമായി നില്‍ക്കുന്നത് എന്നത് ഞങ്ങളേവരും സ്‌നേഹത്തോടും ശ്രദ്ധയോടുംകൂടി കാണുന്നു.
ഒരിക്കല്‍കൂടി കേരള കത്തോലിക്കാ സഭയുടെ എല്ലാ സ്‌നേഹവും അഭിവാദ്യവും അര്‍പ്പിക്കുന്നു. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന അപ്പസ്‌തോലികമായ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നാമത്തില്‍ തട്ടില്‍ പിതാവിനെ അഭിവാദ്യം ചെയ്യുന്നു.

ഒരു സഹോദരി സഭ എന്ന നിലയില്‍ സീറോമലബാര്‍ സഭ നാളിതുവരെയും നല്‍കിയിട്ടുള്ള പ്രോത്സാഹനത്തിനും കരുതലിനും പ്രത്യേകമായി നന്ദി പറയുകയും ഞങ്ങളുടെ സഹകരണവും പ്രാര്‍ത്ഥനയും സ്‌നേഹവും ഒന്നുകൂടി ആവര്‍ത്തിച്ച് അറിയിക്കുകയും ചെയ്യുന്നു. സീറോമലബാര്‍ സഭയെന്ന നമ്മുടെ കര്‍ത്താവിന്റെ സഭ, അപ്പസ്‌തോലികമായ സഭ, മാര്‍ത്തോമാശ്ലീഹായുടെ പൈതൃകമേറുന്ന ഈ സഭ എല്ലാ അര്‍ത്ഥത്തിലും ഒരുമയിലും തെളിമയിലും സുവിശേഷസാക്ഷ്യത്തിലും ഏറെ മുന്നേറുവാന്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ നേതൃത്വം ഇടയാകട്ടെ എന്ന് ഹൃദയപൂര്‍വം പ്രാര്‍ത്ഥിക്കുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?