Follow Us On

01

May

2024

Wednesday

ദൈവം അയച്ച മാലാഖ

ദൈവം അയച്ച  മാലാഖ

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
(കോഴിക്കോട് രൂപതാ മെത്രാന്‍, കേരള ലത്തീന്‍ കത്തോലിക്കാ സഭാധ്യക്ഷന്‍).

വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം കനിഞ്ഞു നല്‍കിയ ഉത്തരമാണ് സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെ കാലത്തിന്റെ ഗതിയനുസരിച്ച് ദൈവമയച്ച മാലാഖയാണ് വലിയ ഇടയന്‍. ആടുകളുടെ ഗന്ധം ഉണ്ട് അദ്ദേഹത്തിന്, യേശുവിനെ രക്ഷകനാണെന്ന് പ്രഖ്യാപിക്കുന്ന ധീരതയും അഗ്നിയുമുണ്ട് ആ വാക്കുകളില്‍, വേദനിക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കാണുമ്പോള്‍ ദൈവസ്‌നേഹത്താല്‍ അവരെ ആശ്ലേഷിക്കുന്ന വിശാല ഹൃദയവുമുണ്ട് അദ്ദേഹത്തിന്. തീര്‍ച്ചയായും ദൈവം തന്ന സമ്മാനം. വിശ്വാസ സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയ്ക്ക് അവിടുന്ന് കൊടുത്ത ഉത്തരമാണ് ഈ ഇടയന്‍.

വിശ്വാസചൈതന്യം ഹൃദയത്തില്‍ കത്തിജ്വലിപ്പിക്കുകയും, അഗാധമായ പാണ്ഡിത്യംകൊണ്ടും വിശ്വാസ സാക്ഷ്യംകൊണ്ടും ജനഹൃദയങ്ങളില്‍ ഇടംതേടുകയും ചെയ്ത തട്ടില്‍ പിതാവ് ലാളിത്യത്തിന്റെ മുഖമുദ്രയുള്ള ഇടയനാണ്. സഭയെ ഒരു കുടുംബമായി കണ്ടുകൊണ്ട് കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഐക്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടെ നയിക്കണം എന്ന പിതാവിന്റെ വലിയ സ്വപ്‌നം അദ്ദേഹം ജീവിതത്തില്‍ മുറുകെ പിടിക്കുന്ന മുഴുവന്‍ ബോധ്യവും കാഴ്ചപ്പാടുമാണ്.

കുടുംബത്തില്‍നിന്ന്, പ്രത്യേകിച്ച് അമ്മയില്‍നിന്നും ലഭിച്ച ജപമാല ഭക്തി പിതാവിനെ പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കി മാറ്റി. പരിശുദ്ധ അമ്മയോടുള്ള ആഴമേറിയ സ്‌നേഹം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ ദൈവം അദ്ദേഹത്തിലൂടെ സീറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല ഭാരത കത്തോലിക്കാ സഭയ്ക്കും ആഗോള കത്തോലിക്ക സഭയില്‍തന്നെ ധാരാളം അത്ഭുതങ്ങള്‍ നടത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം. വ്യക്തിബന്ധങ്ങളെ അങ്ങേയറ്റം പരിപോഷിപ്പിക്കുന്ന ജീവിതശൈലിയാണ് റാഫേല്‍ തട്ടില്‍ പിതാവ് എന്നും സ്വീകരിച്ചിട്ടുള്ളത്. അഭിവന്ദ്യ പിതാക്കന്മാരുമായും പുരോഹിതരുമായും സമര്‍പ്പിതരുമായും ദൈവജനവുമായി ആഴമേറിയ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം ഭാവിയില്‍ ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

വിശ്വാസ ചൈതന്യത്തില്‍ നാളിതുവരെ സീറോ മലബാര്‍ സഭയെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്ത മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ പാത പിന്തുടരുമ്പോള്‍ ആ വലിയ നേതൃത്വഗുണങ്ങള്‍ ഏറ്റെടുത്തുകൊണ്ട് വിശ്വാസ സമൂഹത്തെ ഒറ്റക്കെട്ടായി നയിക്കുവാനും സ്വര്‍ഗീയ ജറുസലേമിലേക്കുള്ള ഒരു തീര്‍ത്ഥാടക സഭയെ വാര്‍ത്തെടുക്കുന്നതിനുമുള്ള കൃപകള്‍ ദൈവം അദ്ദേഹത്തിന് പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. കോഴിക്കോട് രൂപതയുടെയും കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെയും പ്രത്യേക ആശംസകളും മംഗളങ്ങളും നേരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?