Follow Us On

23

June

2024

Sunday

അന്നുകേട്ടത് ദൈവത്തിന്റെ സ്വരം

അന്നുകേട്ടത്  ദൈവത്തിന്റെ സ്വരം

ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി

സാവൂള്‍ രാജാവാകുന്നതിനുമുമ്പ് ചെയ്തിരുന്ന ജോലി അപ്പന്റെ കഴുതകളെയും കന്നുകാലികളെയും മേയ്ക്കുക എന്ന ഉത്തരവാദിത്വമായിരുന്നു. രാജാവാകാന്‍ പോകുന്ന വ്യക്തിക്ക് സൈനിക പരിശീലനം നല്‍കുന്നതിനുപകരം എന്തിനാണ് കഴുതകളുടെ പുറകെ വിട്ടതെന്ന് നമ്മള്‍ ചിന്തിച്ചേക്കാം. അപ്പന്റെ കഴുതകളെ നോക്കാന്‍ അയച്ചതിന്റെ കാരണം പിന്നീടാണ് മനസിലാകുന്നത്. ആ കുന്നിന്‍ പ്രദേശങ്ങള്‍ മുഴുവന്‍ പരിചയപ്പെടാനായിരുന്നത്. അക്കാലങ്ങളില്‍ അവിടെയായിരുന്നു യുദ്ധങ്ങള്‍ നടന്നിരുന്നത്. വിജയിക്കണമെങ്കില്‍ ആ കുന്നും മലകളുമൊക്കെ പരിചിതമായിരിക്കണം. അതിന് ദൈവം നല്‍കിയ പരിശീലനമായിരുന്നത്.

എന്നതുപോലെ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മേജര്‍ ആര്‍ച്ചുബിഷപ്പാക്കാനുള്ള വലിയ പദ്ധതിയായിരുന്നു ദൈവത്തിന്റെ മനസില്‍ ഉണ്ടായിരുന്നത്. മനുഷ്യര്‍ നോക്കുമ്പോള്‍ ഇത്രയും കഴിവുള്ള ഒരാളെ ഷംഷാബാദിലെ മിഷന്‍പ്രദേശങ്ങളില്‍ പറഞ്ഞുവിടുകയാണ്. മനോഹരമായ ഒരുക്കമായിരുന്നു പിതാവിന് ലഭിച്ചത്. ഇങ്ങനെ ഒരുങ്ങിയ ഒരു പിതാവിനെ ഞാന്‍ കണ്ടിട്ടില്ല, അതുകൊണ്ട് എനിക്ക് നൂറ് ശതമാനം തീര്‍ച്ചയായിരുന്നു, ദാവീദിനെ ദൈവം തിരഞ്ഞെടുത്തപ്പോള്‍ പറഞ്ഞതുപോലെ ‘ഇവനെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്’ എന്ന് തട്ടില്‍ പിതാവിനെക്കുറിച്ചും ദൈവം പറയുകയായിരുന്നുവെന്ന്. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില്‍ തട്ടില്‍ പിതാവ് മൗണ്ടിലേക്ക് തിരികെ വരുമെന്ന് അന്ന് എഴുതിയത് അതുകൊണ്ടാണ്.

ധാരാളം സദ്വാര്‍ത്തകള്‍ ഈ കാലത്ത് ലഭിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു തട്ടില്‍ പിതാവിന്റെ മേജര്‍ ആര്‍ച്ചുബിഷപ് പദവി. ഞങ്ങള്‍ ഒരുപാടുകാര്യങ്ങള്‍ ഒരുമിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാക്കാര്യങ്ങളെയും വളരെ പോസിറ്റീവായി സമീപിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഞാന്‍ തൃശൂരില്‍ ആര്‍ച്ചുബിഷപ്പായിരിക്കുമ്പോള്‍ എന്റെ കൂടെയുള്ളവര്‍ അതിമിടുക്കന്മാരായിരുന്നു. ബോസ്‌കോ പിതാവ് വികാരി ജനറാളായിരുന്നു. തട്ടില്‍പ്പിതാവ് ചാന്‍സലറായിരുന്നു. പോള്‍ ആലപ്പാട്ട് പിതാവ് വൈസ് ചാന്‍സലറായിരുന്നു. അവരില്‍ ഏറ്റവും കൂടുതല്‍ ചിരിക്കുന്നത് തട്ടില്‍ പിതാവായിരുന്നു. എപ്പോഴും സന്തോഷമുള്ള മുഖം. ഒരുപാടു ഉത്തരവാദിത്വങ്ങള്‍ വഹിച്ചപ്പോഴും മടുത്തെന്ന് മുഖഭാവംകൊണ്ടുപോലും പറഞ്ഞിട്ടില്ല. പുതിയ നിയമനങ്ങള്‍ വരുമ്പോള്‍ എന്റെ കൂടെയുള്ള വൈദികര്‍ ബിഷപ്പുമാരാകണമെന്ന് അതിയായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്റെ ആഗ്രഹങ്ങളെല്ലാം ദൈവം സാധിച്ചുതന്നു.

ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല്‍ പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി. ഓരോരുത്തരെയും കണ്ടപ്പോള്‍ പ്രവാചകന്റെ പ്രതികരണം അവനെയല്ല തിരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു. അവസാനം ദാവീദിനെ കണ്ടപ്പോള്‍ വ്യത്യസ്തമായ സ്വരം കേട്ടു, ‘അവനെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.’ തട്ടില്‍ പിതാവ് എന്റെ ഉള്ളില്‍ പ്രകാശിച്ചു. ഇവനെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന ആ ശബ്ദം സ്പഷ്ടമായി തെളിഞ്ഞതുപോലെ എനിക്കു തോന്നി. പിന്നെ ഒരു സംശയവും ഉണ്ടായില്ല. അന്ന് ഞാന്‍ എഴുതിയതു ദൈവത്തിന്റെ സ്വരമായിരുന്നു എന്നാണ് എന്റെ ബോധ്യം. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കാണാനും കേള്‍ക്കാനും പോകുന്നതേയുള്ളൂ. നീ പോകണം എന്നു തട്ടില്‍ പിതാവിനോടു പറഞ്ഞ ദൈവം അദ്ദേഹത്തിന് ആവശ്യമായ എല്ലാ ദൈവാനുഗ്രഹങ്ങളുടെയും സമൃദ്ധി നല്‍കി സീറോമലബാര്‍ സഭാ ചരിത്രത്തിലെ ഒരു അവിസ്മരണീയനായ സഭാ പിതാവും തലവനുമാക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?