ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
(താമരശേരി രൂപതാധ്യക്ഷന്‍)
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഇടയന്മാരെ ഞാന്‍ തരും എന്ന പ്രവാചകവചനം അന്വര്‍ത്ഥമാകുന്നതുപോലെ മാര്‍ തട്ടില്‍ പിതാവിനെ സഭയുടെ പിതാവും തലവനുമായി ദൈവം നമുക്ക് തന്നിരിക്കുകയാണ്. സെമിനാരി പരിശീലനകാലം മുതലേ എനിക്ക് പിതാവിനെ അറിയാം. വടവാതൂര്‍ സെമിനാരിയില്‍ ഒന്നാംവര്‍ഷ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയായി ചെല്ലുമ്പോള്‍ തട്ടില്‍പിതാവ് ഡീക്കനായിരുന്നു. ആ സൗഹൃദവും സ്‌നേഹബന്ധവും പിന്നീട് തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിച്ചു. ഒരേ വര്‍ഷമാണ് ഞങ്ങള്‍ മേല്‍പട്ടശുശ്രൂഷയിലേക്ക് ഉയര്‍ത്തപ്പെട്ടത്. തൃശൂര്‍ മേജര്‍ സെമിനാരിയില്‍ അദ്ദേഹം റെക്ടറായിരുന്ന കാലത്ത് താമരശേരിയില്‍നിന്നും അവിടെ പഠിച്ചു വന്ന വൈദികവിദ്യാര്‍ത്ഥികള്‍ പഠിച്ച കാര്യങ്ങള്‍ രൂപതയില്‍ നടപ്പിലാക്കണമെന്നുള്ള തീക്ഷ്ണത പ്രകടിപ്പിച്ചിരുന്നു. ഇതു നിങ്ങള്‍ക്ക് എങ്ങനെ, എവിടെനിന്നു ലഭിച്ചു എന്നു ചോദിക്കുമ്പോള്‍ അത് ഞങ്ങളുടെ റെക്ടറച്ചനില്‍നിന്ന് എന്നായിരുന്നു ലഭിച്ചിരുന്ന മറുപടി. ഓരോ വൈദിക വിദ്യാര്‍ത്ഥിയെയും നല്ലൊരു മിഷനറിയായി രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.
ഒരുമിച്ച് സിനഡില്‍ പ്രവര്‍ത്തിച്ച അവസരങ്ങളിലെല്ലാം സഭയോടുള്ള അദ്ദേഹത്തിന്റെ ആഴമായ സ്‌നേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഈ സഭാസ്‌നേഹമാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. കാലികമായി സഭ നേരിടുന്ന ഏതു പ്രതിസന്ധികളെക്കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്. അതിനുള്ള ഉത്തരവും അദ്ദേഹത്തിനുണ്ട്. അത് നടപ്പില്‍ വരുത്തുന്നതിന് അദ്ദേഹം വളരെയധികം പരിശ്രമിക്കും. ഈ കാലഘട്ടങ്ങളില്‍ പലപ്പോഴും പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴെല്ലാം ചര്‍ച്ചകളെയെല്ലാം നിയന്ത്രിച്ചിരുന്നത്, ചുക്കാന്‍ പിടിച്ചിരുന്നത് തട്ടില്‍ പിതാവായിരുന്നുവെന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. പിതാവിന്റെ വാക്കുകള്‍ക്കും സാന്നിധ്യത്തിനും അത്രയധികം പ്രാധാന്യമായിരുന്നു മെത്രാന്‍സംഘം നല്‍കിയിരുന്നത്.
പ്രിയപ്പെട്ട തട്ടില്‍ പിതാവ് മേജര്‍ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെടുമ്പോള്‍ അദ്ദേഹം ജീവിതത്തില്‍ കാത്തുസൂക്ഷിച്ച പ്രേഷിത തീക്ഷ്ണത വലിയ ശുഭാപ്തിവിശ്വാസം നല്‍കുന്നു. സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളില്‍ സഹായിക്കാനായി നല്ലൊരു അമരക്കാരനെയാണ് ദൈവം നല്‍കിയിരിക്കുന്നത് എന്നതില്‍ സംശയില്ല. കാരണം മറ്റൊന്നുമല്ല, ദൈവശാസ്ത്രപരമായ കാര്യങ്ങളെക്കാളുപരി ‘നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍’എന്ന ക്രിസ്തുവിന്റെ അടിസ്ഥാന കല്‍പ്പനക്കാണ് അദ്ദേഹം ഒന്നാമതായി പ്രാധാന്യം നല്‍കുന്നത്. സ്‌നേഹത്തിനെതിരായി അദ്ദേഹം ഒന്നും ചെയ്യുകയില്ല, ചെയ്യാന്‍ ആരെയും അനുവദിക്കുകയുമില്ല. അതാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ മെത്രാപ്പോലീത്തയുടെ പ്രത്യേകത. അദ്ദേഹം ദൈവസ്‌നേഹത്തിനുവേണ്ടി ജീവിക്കുകയാണ്. ഈശോ പഠിപ്പിച്ച സ്‌നേഹത്തിന്റെ കല്‍പ്പന അദ്ദേഹം യാഥാര്‍ത്ഥ്യമാക്കും.
അദ്ദേഹത്തിനുമുമ്പില്‍ വലിയ വെല്ലുവിളികള്‍ ഉണ്ട്. പക്ഷേ ദൈവം കൂടെയുള്ളപ്പോള്‍ ഭയപ്പെടേണ്ട ആവശ്യമില്ല. നമുക്ക് ചെയ്യാനുള്ളത് നമ്മുടെ പ്രാര്‍ത്ഥനകളിലൂടെ അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് ശക്തി നല്‍കുക എന്നതാണ്. മോശ പ്രാര്‍ത്ഥിച്ചു തളര്‍ന്നപ്പോള്‍ കൂടെയുള്ള സഹായികള്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചതുപോലെ നമ്മുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന്റെ കരങ്ങളെ ഉയര്‍ത്തിപിടിക്കണം. ജീസസ് യൂത്തിന്റെ അനുയാത്രികനായ അദ്ദേഹത്തിന്റെ ആത്മീയ കാഴ്ചപ്പാടുകളും പ്രഭാഷണശൈലിയും നമുക്ക് വഴിവിളക്കുകളാകും എന്നതില്‍ സംശയമില്ല. നമ്മുടെ സഭയെ മാത്രമല്ല, ആഗോളസഭയില്‍ അദ്ദേഹമൊരു മലമേല്‍ പണിതിരിക്കുന്ന പട്ടണംപോലെ, പീഠത്തില്‍ കത്തിച്ചുവച്ച ദീപംപോലെ ആയിത്തീരാന്‍ നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *