Follow Us On

07

September

2024

Saturday

സീറോമലബാര്‍ സഭയുടെ ചക്രവാളം അതിവിശാലമാണ്‌

സീറോമലബാര്‍ സഭയുടെ  ചക്രവാളം അതിവിശാലമാണ്‌

വിനോദ് നെല്ലയ്ക്കല്‍

ആരും പരാതി പറയാത്ത, പാവങ്ങളോട് കരുണകാട്ടുന്ന വൈദികനാകണമെന്നായിരുന്നു റാഫേലിനോട് അമ്മ പറഞ്ഞത്. പാവങ്ങളോട് കാരുണ്യത്തോടെ ഇടപെടുന്ന അമ്മയെ കണ്ട് വളര്‍ന്ന റാഫേലിന്റെ ഹൃദയത്തിലാണ് ആ വാക്കുകള്‍ പതിഞ്ഞത്. പിന്നീട് ആ മകന്‍ വളര്‍ന്ന് ഫാ. റാഫേല്‍ തട്ടിലും, ബിഷപ് തട്ടിലുമായപ്പോഴും അമ്മയുടെ ആ വാക്കുകളും ഒപ്പം വളര്‍ന്നുകൊണ്ടിരുന്നു. കരുതലും കാരുണ്യവും വഴിഞ്ഞൊഴുകുന്ന ഹൃദയമാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കുന്നത്. ഒരു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യേണ്ട ദൂരം പിന്നിടാന്‍ മാര്‍ തട്ടിലിന് പലപ്പോഴും ഒന്നര മണിക്കൂറെങ്കിലും വേണം. കാരണം, പോകുന്ന വഴിയില്‍ കാര്‍നിര്‍ത്തി സൗഹൃദം പങ്കുവയ്ക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്. വളരെ സാധാരണക്കാരാണ് അവരില്‍ പലരും. തന്റെ നിയോഗത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ കാണുന്ന സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സഭയെക്കുറിച്ചും സഭയുടെ ഭാവിയെക്കുറിച്ചും സണ്‍ഡേ ശാലോമിനോട് മനസുതുറക്കുന്നു.

?സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായി ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന പശ്ചാത്തലത്തിലും, സഭ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലും പുതിയ നിയോഗത്തെ പിതാവ് എങ്ങനെ കാണുന്നു

ഈ നിയോഗം ദൈവത്തില്‍നിന്നുള്ളതാണ്, സഭ എന്നെ വിശ്വാസപൂര്‍വ്വം അത് ഭരമേല്പിച്ചിരിക്കുന്നു. ദൈവം എന്ത് ആഗ്രഹിക്കുന്നു, സഭ എന്ത് ആവശ്യപ്പെടുന്നു എന്നത് തിരിച്ചറിഞ്ഞ് നിര്‍വഹിക്കുകയാണ് എന്റെ കടമ. പുതിയ ഉത്തരവാദിത്വത്തെയും സഭയുടെ മുന്നോട്ടുള്ള യാത്രയെയുംകുറിച്ച് ചിന്തിക്കുമ്പോള്‍ പ്രത്യേകമായി പ്രതിപാദിക്കാന്‍ ആഗ്രഹിക്കുന്ന ഒന്ന് സീറോമലബാര്‍ സഭയുടെ മലയാളം കള്‍ച്ചറിനെകുറിച്ചാണ്.


കേരളത്തില്‍ സീറോ മലബാര്‍ സഭയ്ക്ക് പതിമൂന്ന് രൂപതകളേയുള്ളൂ. പതിനെട്ട് രൂപതകള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നാല് രൂപതകള്‍ ഇന്ത്യയ്ക്ക് പുറത്തുമാണ്. അതുകൊണ്ടുതന്നെ സീറോമലബാര്‍ സഭയുടെ ചക്രവാളം കേരളത്തില്‍ ഒതുങ്ങുന്നതല്ല. കേരളത്തില്‍ ഉദിച്ച സൂര്യന്‍ ഇനിയും ഒരുപാടു ദൂരം പിന്നിടേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ആഗോള കാഴ്ചപ്പാട് സീറോമലബാര്‍ സഭ സ്വന്തമാക്കണമെന്ന ആഗ്രഹം മനസിലുണ്ട്. റോമിലെ പരിശുദ്ധ സിംഹാസനവും സിനഡിലെ പിതാക്കന്മാരും സഹായിക്കുന്നതിനനുസരിച്ച് അതിനായി ദൈവം എന്നെ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

?കുറെയേറെ പ്രതിസന്ധികളുടെ പരിഹാരത്തിനായി അങ്ങയെയാണ് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഈ പ്രതിസന്ധികളെ പിതാവ് എങ്ങനെ വിലയിരുത്തുന്നു

സഭയ്ക്ക് പ്രതിസന്ധികളില്ലാത്ത കാലമില്ല. ഡയോക്ലീഷ്യന്റെയും നീറോയുടെയും കാലത്ത് സഭ വലിയ പ്രതിസന്ധികളെ നേരിട്ടിരുന്നു. എന്നാല്‍, ആഭ്യന്തര പ്രതിസന്ധികള്‍ സഭ നേരിട്ടുതുടങ്ങിയത് എന്നുമുതലാണെന്ന് ചിന്തി ക്കേണ്ടതുണ്ട്. സഭ ലോകത്തില്‍ ഇരുകൈയുംനീട്ടി സ്വീകരിക്കപ്പെടുകയും എല്ലാവിധ സൗകര്യങ്ങളും സഭയ്ക്ക് ഉണ്ടാവുകയും ചെയ്തതുമുതലാണത്. പുറത്തുനിന്നുള്ള പ്രതിസന്ധികളെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയും ബാഹ്യമായ വെല്ലുവിളികള്‍ ഇല്ലാത്ത സാഹചര്യങ്ങളും ആന്തരികമായ പ്രതിസന്ധികളെ വര്‍ധിപ്പിച്ചേക്കാം. ഈ കാലഘട്ടത്തിലെ ബാഹ്യമായ പ്രതിസന്ധികള്‍ പലതും നാം കാണാതെ പോകുന്നതാണ് ഉള്ളിലെ പ്രതിസന്ധികള്‍ വര്‍ധിക്കാന്‍ ഒരു കാരണമെന്നാണ് ഞാന്‍ കരുതുന്നത്.

ലോകം വളരെയധികമായി മാറിക്കൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ ലോകത്ത് ജീവിക്കുന്നവരാണ് പുതിയ തലമുറ. നാം ഇതുവരെ കീഴടക്കിയ ഏഴു ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് കീഴടക്കാനാവാതെ തുടരുന്ന എട്ടാമത്തെ ഭൂഖണ്ഡമാണ് ഡിജിറ്റല്‍ ലോകം എന്ന് തിരിച്ചറിയേണ്ടതുണ്ട്. അത്തരമുള്ള വെല്ലുവിളികള്‍ മുമ്പില്‍ നിലനില്‍ക്കുമ്പോള്‍ ‘കേരള സഭ’യെക്കുറിച്ച് മാത്രം ചിന്തിക്കുകയും സ്വാര്‍ത്ഥതയോടെ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന സമീപനത്തിന് മാറ്റം ആവശ്യമുണ്ട്. കുറേക്കൂടി കാലഘട്ടത്തിന് ഇണങ്ങുന്ന രീതിയില്‍ സാര്‍വത്രികമായി നാം പരിവര്‍ത്തിതപ്പെടുന്നപക്ഷം ഇന്നുകാണുന്ന പല പ്രതിസന്ധികളും പരിഹരിക്കപ്പെടും.

മുമ്പേ കടന്നുപോയിട്ടുള്ള പ്രവാചകന്മാരെയാണ് ഇക്കാര്യങ്ങളില്‍ ഞാന്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നത്. ദൈവത്തെ ശ്രവിച്ചവരാണ് എന്നുള്ളതായിരുന്നു പ്രവാചകന്‍മാരുടെ പ്രധാന സവിശേഷത. ദൈവത്തെയും ദൈവജനത്തെയും കേള്‍ക്കുകയാണ് മുഖ്യമായ കാര്യം. എല്ലാ ശ്രവണവും പഠനമാണ്. പുതിയൊരു സംവിധാനം കൊണ്ടുവന്ന് അത് ‘പായ്ക്കറ്റ് പൊട്ടിച്ച്’ വിതരണം ചെയ്യുന്നതുപോലെയല്ല, ദൈവം ആഗ്രഹിക്കുന്നതും ദൈവജനം ആഗ്രഹിക്കുന്നതും എന്താണെന്ന് തിരിച്ചറിഞ്ഞ് അത് എങ്ങനെയാണ് സംയോജിപ്പിക്കാന്‍ കഴിയുക എന്ന് മനസിലാക്കി നിലപാട് സ്വീകരിക്കുന്നതിനാണ് എന്റെ പ്രഥമ പരിഗണന.

ഡിജിറ്റല്‍ ലോകത്ത് ജീവിക്കുന്നവരാണ് പുതിയ തലമുറയിലെ ആളുകള്‍. ഇതുവരെ കീഴടക്കിയ
ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് കീഴടക്കാനാവാതെ തുടരുന്ന ഭൂഖണ്ഡമാണ് ഡിജിറ്റല്‍ ലോകം എന്ന് തിരിച്ചറിയണം. അത്തരമുള്ള വെല്ലുവിളികള്‍ നമ്മുടെ മുന്നില്‍നിലനില്‍ക്കുമ്പോള്‍ ‘കേരള സഭ’യെക്കുറിച്ച് മാത്രം ചിന്തിക്കുകയും സ്വാര്‍ത്ഥതയോടെ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന സമീപനത്തിന് മാറ്റം ആവശ്യമുണ്ട്.

?ഈ വെല്ലുവിളികള്‍ക്കിടയില്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ആത്മധൈര്യത്തിന്റെ രഹസ്യം എന്താണ്

എന്റെ കഴിവുകൊണ്ട് ഇതുവരെയും ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് എന്റെ ആത്മധൈര്യം. അഞ്ചപ്പവും രണ്ടു മീനും ഈശോയ്ക്ക് കൊടുത്ത ബാലനെപ്പോലെയാണ് ഞാന്‍. ഒരു വലിയ ജനക്കൂട്ടത്തിന് പൊടിച്ചു കലക്കിക്കൊടുത്താല്‍പോലും തികയുന്നതായിരുന്നില്ല ആ ബാലന്റെ കയ്യിലുണ്ടായിരുന്ന ഭക്ഷണം. എന്നാല്‍, അവിടെ എല്ലാവരും ഭക്ഷിച്ച് തൃപ്തരാവുകയും പന്ത്രണ്ടു കുട്ട അപ്പം ബാക്കിവരികയും ചെയ്തു എന്ന് നാം ബൈബിളില്‍ വായിക്കുന്നു. ഇതാണ് ദൈവത്തിന്റെ ഇടപെടല്‍. അതുകൊണ്ട് എന്റെ കഴിവില്‍ ഞാന്‍ ആശ്രയിക്കുന്നതേയില്ല. ദൈവം പറയുന്നതിനും ദൈവജനം ആഗ്രഹിക്കുന്നതിനും മധ്യേ ഒരു പാലം പണിയാന്‍ ദൈവം എന്നെ ഉപയോഗിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

?സീറോമലബാര്‍ രൂപതകളുടെ അധികാരപരിധിക്ക് പുത്തുജീവിക്കുന്ന വിശ്വാസികളുടെ അജപാലനകാര്യത്തില്‍ നിയമിതനായ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍, ഷംഷാബാദ് രൂപതയുടെ പ്രഥമ അധ്യക്ഷന്‍ എന്നീ നിലകളില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ലഭിച്ച പരിചയസമ്പത്ത് എപ്രകാരമാണ് പുതിയ ദൗത്യത്തില്‍ സഹായകരമാവുക

ചാലക്കുടിപ്പുഴ കഴിഞ്ഞാല്‍ വടക്കാഞ്ചേരിയില്‍ അവസാനിക്കുന്ന തൃശൂര്‍ മാത്രമായിരുന്നു ഒരു കാലഘട്ടംവരെ എന്റെ ലോകം. അതിപ്പുറമുള്ള ഒന്നും അറിയാത്ത ഒരാളായിരിക്കെയാണ് ഇന്ത്യ മുഴുവനുമുള്ള ഉത്തരവാദിത്തത്തോടെ അപ്പസ്‌തോലിക്ക് വിസിറ്റേറ്ററായും ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസികള്‍ക്കുവേണ്ടിയുള്ള കമ്മീഷനായും നിയോഗിക്കപ്പെട്ടത്. ആ അനുഭവങ്ങളില്‍നിന്നാണ് ഒരു മലയാളം സഭയോ, കേരള സഭയോ ആയി സിറോമലബാര്‍ സഭ ചുരുങ്ങാന്‍ പാടില്ല എന്നൊരു ചിന്ത എന്നില്‍ വളര്‍ന്നത്. ഭാഷാപരവും ദേശപരവുമായ പരിമിതികളില്‍ തുടരുന്നപക്ഷം ആഗോള സഭയില്‍ സീറോമലബാര്‍ സഭയുടെ സാധ്യതകള്‍ പരിമിതപ്പെടുത്തും.

?പ്രേഷിതപ്രവര്‍ത്തന രീതികളില്‍ മാറ്റങ്ങള്‍ വേണമെന്നു തോന്നിയിട്ടുണ്ടോ

ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തില്‍ ലത്തീന്‍ സഭയുമായും മലങ്കര കത്തോലിക്കാ സഭയുമായും കൈകോര്‍ക്കണം. ഷംഷാബാദ് രൂപതാധ്യക്ഷന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനപരിചയത്തില്‍നിന്നാണ് ഈ ബോധ്യം എന്നില്‍ രൂപപ്പെട്ടത്. ഷംഷാബാദ് സീറോമലബാര്‍ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ 87 ലത്തീന്‍ രൂപതകളുണ്ട്. ഇക്കാലയളവില്‍ ഒരു മെത്രാനുമായും യാതൊരു അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇടവന്നിട്ടില്ല. അധികാരത്തിന്റെ മേധാവിത്വ മനോഭാവം ഉപേക്ഷിച്ച്, സുവിശേഷ പ്രഘോഷണം എന്ന ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.

സീറോമലബാര്‍ സഭയ്ക്ക് ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തനാനുവാദം നല്‍കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ചിലരോട് മാര്‍പ്പാപ്പ അന്ന് ചോദിച്ചത്, സുവിശേഷം പ്രഘോഷിക്കാനുള്ള അവകാശം അവര്‍ക്കും ഇല്ലേ എന്നായിരുന്നു. നിങ്ങള്‍ തടയാന്‍ ശ്രമിക്കുന്നത് കര്‍ത്താവിന്റെ ആഗ്രഹത്തെയാണ് എന്നും പാപ്പാ പറയുകയുണ്ടായി. ഈ തുറന്ന മനോഭാവത്തിലേക്കും വിശാലമായ ചക്രവാളത്തിലേക്കും സിറോമലബാര്‍ സഭയും വളരേണ്ടതുണ്ട്. ഭാവിയില്‍ മലയാളികളല്ലാത്ത മെത്രാന്മാരും വൈദികരും ഈ സഭയില്‍ ഉണ്ടാകണം. മലയാളികളാല്‍ രൂപീകരിക്കപ്പെട്ട സീറോമലബാര്‍ സഭ ആഗോളമാനത്തിലേക്ക് ഉയരണമെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്.

? മിഷന്‍ പ്രദേശങ്ങളിലെ ശുശ്രൂശകളും ജീവിതവും അങ്ങയെ ആദ്ധ്യാത്മികമായി എ്ര്രതമാത്രം സ്വാധീനിച്ചിട്ടുണ്ട്

ആളും അര്‍ത്ഥവുംകൊണ്ട് സമ്പന്നമാണ് സീറോമലബാര്‍ സഭ. തൃശൂര്‍ രൂപതയില്‍നിന്ന് പതിനേഴ് കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഇരിഞ്ഞാലക്കുട രൂപതയും, പത്തൊമ്പത് കിലോമീറ്റര്‍ കഴിഞ്ഞാല്‍ പാലക്കാട് രൂപതയും തുടങ്ങുന്നു. കേരളത്തിലെ വിവിധയിടങ്ങളിലെ രൂപതകളും ഇപ്രകാരമാണ്. ഈ രൂപതകള്‍ക്കെല്ലാം ധാരാളം വൈദികരും സന്യസ്തരുമുണ്ട്. വൈദിക – സന്യസ്ത ശക്തികള്‍ ഒരുപാട് കേരളത്തില്‍ കെട്ടിക്കിടക്കുന്നുണ്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇവിടെനിന്ന് പുറംനാടുകളിലേക്കും മിഷന്‍ മേഖലകളിലേക്കും കൂടുതല്‍ വൈദികര്‍ പോകേണ്ടതുണ്ട്. എല്ലാ വൈദികര്‍ക്കും മിഷന്‍ പ്രദേശങ്ങളിലേക്ക് പോകാന്‍ അവസരം ലഭിക്കുന്ന സംവിധാനത്തെക്കുറിച്ച് ചിന്തിക്കണം. കുറച്ചുകാലമെങ്കിലും മിഷന്‍ പ്രദേശങ്ങളില്‍ സേവനം ചെയ്യാനുള്ള സന്നദ്ധത വൈദികരില്‍ രൂപപ്പെടണം. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷമെങ്കിലും മിഷന്‍ പരിചയം നിര്‍ബന്ധമാക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

? പത്തുവര്‍ഷങ്ങള്‍ക്കിടയിലെ മിഷന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സീറോമലബാര്‍ സഭയുടെ പ്രത്യേകമായ മിഷനും ഭാവിയും വിശദമാക്കാമോ

ഒരുപക്ഷെ സീറോമലബാര്‍ സഭയുടെ വലിയ ഒരു പരാജയം, നാം പരസ്പരം കാണുന്നത് തൃശൂര്‍കാരന്‍, പാലാക്കാരന്‍, എറണാകുളംകാരന്‍ എന്നൊക്കെയുള്ള രീതിയിലാണെന്ന് തോന്നിയിട്ടുണ്ട്. രൂപതകളുടെയും ജില്ലകളുടെയും സംസ്ഥാനങ്ങളുടെയുമായ വേര്‍തിരിവുകളെല്ലാം ഉപേക്ഷിച്ച് സഭയെ ഒന്നായി കാണാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റങ്ങളുണ്ടാകും. സഭ ഒന്നാണ്, വ്യക്തിസഭകളെല്ലാം സാര്‍വ്വത്രിക സഭയോട് കരംകോര്‍ക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ളതാണ്. ധാരാളം മിഷനറിമാരെ സിറോ മലബാര്‍ സഭ ലാറ്റിന്‍ സഭയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് സിറോമലബാര്‍ സഭയ്ക്ക് ഇന്ത്യമുഴുവന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു, ഇന്ത്യയ്ക്ക് പുറത്ത് നാല് രൂപതകളുണ്ട്. അങ്ങനെ സീറോ മലബാര്‍ സഭയുടെ ചക്രവാളങ്ങള്‍ വിശാലമായിക്കൊണ്ടിരിക്കുകയാണ്.

സീറോമലബാര്‍ സഭ ഒരു മലയാളം സഭയോ
കേരള സഭയോ ആയി ചുരുങ്ങാന്‍ പാടില്ല.
ഭാവിയില്‍ മലയാളികളല്ലാത്ത മെത്രാന്മാരും
വൈദികരും ഈ സഭയില്‍ ഉണ്ടാകണം.
മലയാളികളാല്‍ രൂപീകരിക്കപ്പെട്ട സീറോമലബാര്‍ സഭ ആഗോളമാനത്തിലേക്ക് ഉയരണം. ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തില്‍ ലത്തീന്‍ സഭയുമായും
മലങ്കര കത്തോലിക്കാ സഭയുമായും
കൈകോര്‍ക്കണം

?യുവജനങ്ങള്‍ വ്യാപകമായി കേരളത്തില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യം ഇന്നുണ്ട്. സീറോ മലബാര്‍ സഭാംഗങ്ങളുടെ വരും തലമുറകള്‍ ഏറിയപങ്കും അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ആയിമാറിയേക്കാം. ഈ സാഹചര്യത്തെ പിതാവ് എങ്ങനെ നോക്കിക്കാണുന്നു

തോമാശ്ലീഹാ കേരളത്തിലേക്ക് വന്നത് എന്തുകൊണ്ടാണെന്ന് ഒരിക്കല്‍ ഒരു കുട്ടി എന്നോട് ചോദിച്ചു. തോമാശ്ലീഹാ സംസാരിച്ചത് ആരാണ് തര്‍ജ്ജിമ ചെയ്തത്? ഇക്കാര്യങ്ങളില്‍ എന്റെ ധാരണ ഇപ്രകാരമാണ്: തോമാശ്ലീഹാ പള്ളികള്‍ സ്ഥാപിച്ച സ്ഥലങ്ങളെല്ലാം യഹൂദരുടെ കച്ചവടകോളനികള്‍ ആയിരുന്ന സ്ഥലങ്ങളാണ്. അവരിലൂടെയാണ് തോമാശ്ലീഹാ നമ്മുടെ പൂര്‍വ്വീകരോട് സംസാരിച്ചത്. കുടിയേറ്റക്കാര്‍ എല്ലായ്‌പ്പോഴും വളര്‍ച്ചയുടെ ചക്രവാളങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുന്നവരാണ്. അവരുടെ കൂടെ സഞ്ചരിക്കുന്ന ഒരു സഭയായിരിക്കണം നമ്മുടേത്. ഈ വസ്തുത ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ തുടങ്ങിയ രൂപതകളെല്ലാം നമുക്ക് ലഭിച്ചത്. ഈ രൂപതകള്‍ സ്ഥാപിക്കപ്പെട്ടത് ആ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണെന്ന് കരുതരുത്. നമ്മുടെ ജനത വേരുറപ്പിക്കുന്ന ദേശങ്ങളില്‍ നമ്മുടേതായ സംസ്‌കാരം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

 

കാലഘട്ടത്തിന്റെ വെല്ലുവിളികളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാനും അതിനായി യുവജനങ്ങളെ ശക്തിപ്പെടുത്താനും കഴിയണമെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പിതാവു പറഞ്ഞു. നമ്മുടെ മതബോധന ഗ്രന്ഥങ്ങള്‍ ഇത്തരം കാഴ്ചപ്പാടുകള്‍ക്കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിക്കപ്പെടണം. ശാലോംപോലെയുള്ള മാധ്യമ സംരംഭങ്ങള്‍ സഭയ്ക്ക് ചെയ്തുവരുന്ന സേവനങ്ങള്‍ വളരെ വലുതാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അല്മായ നേതൃത്വങ്ങള്‍ കൂടുതലായി മുന്നോട്ടു വന്നാല്‍ യുവജനങ്ങളെ ശക്തിപ്പെടുത്താന്‍ സാധിക്കും. വൈദികര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ അല്മായര്‍ക്ക് ചെയ്യാന്‍ കഴിയും. സീറോമലബാര്‍ സഭയുടെ ചക്രവാളം ഭാഷയുടെയോ ദേശത്തിന്റെയോ പരിമിതികളില്‍ ഒതുങ്ങേണ്ടതല്ല, മറിച്ച് സാര്‍വത്രിക സഭയോട് കൈകോര്‍ത്തുകൊണ്ട് ദേശീയ-ആഗോളതലങ്ങളില്‍ വളരേണ്ടതാണെന്ന തന്റെ സ്വപ്നവും തട്ടില്‍ പിതാവ് പങ്കുവച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?