ജോസഫ് മൂലയില്‍
രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി അധികം ദിവസങ്ങള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ നടക്കുന്ന പ്രഖ്യാപനങ്ങളുടെയും രാഷ്ട്രീയ സമ്മേളനങ്ങളുടെയും ലക്ഷ്യം തിരഞ്ഞെടുപ്പാണെന്ന് ഏതു കൊച്ചുകുട്ടിക്കും മനസിലാകും. പെട്രോള്‍-ഡീസല്‍ വില ഉടന്‍ കുറയുമെന്നു പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. ഏതു നിമിഷവും അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയട്ടെയെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. രാജ്യത്തെ അതിരൂപക്ഷമായ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ കുറവുവരണം. കേന്ദ്ര സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയ്ക്കാന്‍ പോകുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അണിയറയില്‍ സജീവമാണ്. വില കുറയുന്നതിലല്ല, അതില്‍നിന്നും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാമെന്നുള്ള കണക്കുകൂട്ടലിലാണ് ഭരണനേതൃത്വം. ജനങ്ങളെ വിദഗ്ധമായി കബളിപ്പിക്കാന്‍ കഴിയുമെന്ന് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കറിയാം.
എണ്ണക്കമ്പനികള്‍ ‘ക്രൂരന്മാര്‍’
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇപ്പോള്‍ ബാരലിന് 74 ഡോളറാണ്. 10 വര്‍ഷം മുമ്പ് 2014-ല്‍ ക്രൂഡ് ഓയിലിന്റെ ശരാശരി വില 108 ഡോളറായിരുന്നു. അന്ന് പെട്രോളിന്റെ വില 71 രൂപയായിരുന്നു എന്നുകൂടി ഓര്‍മിക്കണം. 132.42 ഡോളര്‍ ആയി ക്രൂഡ് ഓയിലിന് ഏറ്റവും വില ഉയര്‍ന്നത് 2008 ജൂലൈയിലായിരുന്നു. എന്നാല്‍, അന്ന് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.80 രൂപയുമായിരുന്നു വില. ഇതിന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നിഷ്‌കളങ്കമായ ഒരു മറുപടിയാണ് ഭരണത്തിലുള്ളവര്‍ നല്‍കുന്നത്. 2014-ല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയതാണ് എല്ലാത്തിന്റെയും കാരണം. അതു കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ വിചാരിക്കുന്നത്, ഈ കമ്പനികള്‍ എത്ര ക്രൂരന്മാരാണ്; ഗവണ്‍മെന്റിന് എന്തു ചെയ്യാനാകുമെന്നായിരിക്കും.
എത്ര സമര്‍ത്ഥമായിട്ടാണ് അധികാരികള്‍ അര്‍ത്ഥസത്യങ്ങള്‍ വിളമ്പി ജനങ്ങളെ വിഡ്ഢികളാക്കുന്നത്. പെട്രോളിന്റെ വിലയുടെ 60 ശതമാനവും പലവിധത്തിലുള്ള നികുതികളാണ്. അതിനര്‍ത്ഥം 109 രൂപയ്ക്ക് ലഭിക്കുന്ന പെട്രോള്‍ വില്ക്കുമ്പോള്‍ 50 രൂപയോളമേ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്നുള്ളൂ. ബാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പലവിധ പേരുകളില്‍ ഈടാക്കുന്ന നികുതികളാണ്. ദിവസവും 5-10 പൈസ വീതമാണ് അന്താരാഷ്ട്ര വിപണിയുടെ പേരു പറഞ്ഞ് കമ്പനികള്‍ വിലകൂട്ടുന്നത്. എന്നാല്‍, ഏതെങ്കിലും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വില വര്‍ധനവ് സ്വിച്ചിട്ടതുപോലെ നില്‍ക്കും. ഫല്രപഖ്യാപനത്തിന്റെ അന്നുമുതല്‍ കൂടാന്‍ തുടങ്ങുമെന്നതു വേറെ കാര്യം. അതിന് ഒരര്‍ത്ഥമേയുള്ളൂ-ഈ കമ്പനികളെയൊക്കെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കമ്പനികളുടെ ലാഭവിഹിതവും പോകുന്നത് കേന്ദ്ര ഖജനാവിലേക്കാണ്.
ചോദ്യങ്ങള്‍ വേണ്ട
കാലംചെല്ലുംതോറും ജനാധിപത്യം ദുര്‍ബലമാകുന്നതിന്റെ ദൃശ്യങ്ങളാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍പ്പോലും കാണുന്നത്. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് എല്ലായിടത്തും ശ്രമങ്ങള്‍ നടക്കുന്നത്. പാര്‍ലമെന്റില്‍ ഗവണ്‍മെന്റ് പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്റു ചെയ്തിട്ട് ജനാധിപത്യത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? എതിര്‍ശബ്ദങ്ങള്‍ ഉയരുമ്പോഴാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം വര്‍ധിക്കുന്നത്. എതിര്‍ശബ്ദങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അത് ഏകാധിപത്യത്തിലേക്ക് പതുക്കെ നീങ്ങുകയാണ്. ജനാധിപത്യത്തിന്റെ ശ്രേഷ്ഠത കെടുത്തിക്കളയുന്നവര്‍ തന്നെയാണ് അതിന്റെ സംരക്ഷകരായി രംഗത്തുവരുന്നതും എന്നതാണ് മറ്റൊരു വിരോധാഭാസം.
വരാന്‍ പോകുന്ന തിരഞ്ഞെടപ്പിലെ ചര്‍ച്ചാവിഷയങ്ങള്‍ രാജ്യത്തിന്റെ വികസനവും അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വികസനപദ്ധതികളുമായിക്കുമോ? അല്ലെന്നതില്‍ ഒരു സംശയവുമില്ല. ചര്‍ച്ചയാകാന്‍ പോകുന്നത് മതവും വര്‍ഗീയതയുമായിരിക്കും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സാക്ഷരതയിലും വിദ്യാഭ്യാസ-ആരോഗ്യ-സാമ്പത്തിക മേഖലകളിലും മുമ്പില്‍നില്ക്കുന്ന കേരളത്തില്‍പ്പോലും വര്‍ഗീയത വലിയൊരു തിരഞ്ഞെടുപ്പു വിഷയമാണ്. അതിനൊരു രഹസ്യാത്മക ഉണ്ടെന്നുമാത്രം. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോളെ നേരിട്ടാവില്ല.
ജനാധിപത്യരാജ്യത്ത് എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തുല്യപ്രാധാന്യമാണ് ഉള്ളത്. നമ്മുടെ ഭരണഘടനാ ശില്പികള്‍ ഭരണഘടനാപരമായി അക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ ആരാധനാലയം നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പിലെ ഏറ്റവും ആകര്‍ഷകരമായ വാഗ്ദാനമായി മാറുകയും അതു പൂര്‍ത്തീകരിച്ചത് വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എവിടേയ്ക്കാണ് രാജ്യം പോകുന്നതെന്ന് ചിന്തിക്കണം.
ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക്
എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യപരിഗണന നല്‍കുമെന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ട് ഭൂരിപക്ഷമതവിശ്വാസികളെ ഒപ്പം നിര്‍ത്തുന്നതിനായി ശ്രമങ്ങള്‍ നടത്തുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാകുക? മറ്റു ന്യൂനപക്ഷ വിശ്വാസികളുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ഭരണനേതൃത്വം ഇടപെടുന്നില്ലല്ലോ. ആരാധനാലയങ്ങളും ആത്മീയ കേന്ദ്രങ്ങളും ഉണ്ടാകുകയും അവയെ ആദരവോട് കാണുകയും വേണം. അവ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനും ആരാധനകള്‍ നടത്തുന്നതിമുള്ള ഉത്തരവാദിത്വം അതതു മതനേതൃത്വങ്ങള്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കണം. രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടലുകള്‍ നടത്തുമ്പോഴാണ് വര്‍ഗീയ ചേരിതിരിവുകള്‍ രൂപപ്പെടുന്നത്.
വികസനവും വളര്‍ച്ചാമുരടിപ്പും മറച്ചുവയ്ക്കാന്‍ രാജ്യത്തെ ജനങ്ങളെ ഒരുവിധത്തിലും ബാധിക്കാത്ത വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതാണ് നമ്മുടെ രാജ്യത്തെ പൊതുരീതി. ഉദാഹരണത്തിന്, കേരളത്തിലെ ഒരു പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ ചര്‍ച്ചയാകാന്‍ സാധ്യത ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷമായിരിക്കും. അമേരിക്കയുടെ ഇറാഖ് യുദ്ധവും സദാംഹുസൈന്റെ വധവുമൊക്കെ കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ സജീവ ചര്‍ച്ചയായ വിഷയങ്ങളാണ്. വികസനം ഏറ്റവും കുറച്ചു ചര്‍ച്ചചെയ്യുന്ന അവസരങ്ങളായി തിരഞ്ഞെടുപ്പുകള്‍ മാറുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മേനിനടിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?
ലോകം ആദരവോടെ കാണുന്ന പേരുകള്‍
ജനഹൃദയങ്ങളില്‍ ഭിന്നതയുടെ വിത്തുകള്‍ വിതറിക്കൊണ്ട് നേടുന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ രാജ്യത്തിന് സമ്മാനിക്കുന്നത് കോട്ടങ്ങളായിരിക്കും. ലോകം ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കാലത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുന്നവരാകണം നേതാക്കന്മാര്‍. ഏതു ഗവണ്‍മെന്റ് ഭരിച്ചാലും സാധാരണഗതിയിലുള്ള വളര്‍ച്ച സ്വഭാവികമായി സംഭവിക്കും. അതു വലിയ കാര്യമായി ഉയര്‍ത്തിപ്പിടിച്ച് മേനിനടിക്കുന്നതുകൊണ്ട് രാജ്യം വളരില്ല. മികച്ച പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞാലെ കാലത്തിനനുസരിച്ചുള്ള വളര്‍ച്ച സ്വന്തമാക്കാന്‍ കഴിയൂ. അത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പുതിയ തലമുറയ്ക്ക് ജീവിത മാര്‍ഗങ്ങള്‍ അന്വേഷിച്ച് വിദേശരാജ്യങ്ങളിലേക്ക് ഇതുപോലെ ഓടേണ്ടിവരുമായിരുന്നില്ല.
എത്രകാലം കഴിഞ്ഞാലും ജനമനസുകളില്‍നിന്നും മായിച്ചുകളയാന്‍ കഴിയാത്ത പേരാണ് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റേത്.
പ്രായഭേദമന്യേ രാജ്യത്തെ ജനങ്ങളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ലോകം ആദരിക്കുന്ന അങ്ങനെയുള്ള അസാധാരണക്കാരായ നേതാക്കന്മാരുടെ പേരിലായിരുന്നു നമ്മുടെ രാജ്യം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. ശാസ്ത്ര-സാമ്പത്തിക, സൈനിക മേഖലകളില്‍ ഒന്നുമല്ലാതിരുന്ന കാലത്തും അത്തരം തലയെടുപ്പുള്ള നേതാക്കന്മാരായിരുന്നു രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയത്. ഇമേജുകള്‍ ഇന്നത്തെപ്പോലെ കൃത്രിമമായി സൃഷ്ടിച്ചെടുക്കാനുള്ള മാര്‍ഗമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രവര്‍ത്തനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പേരിലായിരുന്നു അവര്‍ മഹാന്മാരുടെ ഗണത്തില്‍ എണ്ണപ്പെട്ടത്.
തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ ഉത്സവങ്ങളായി മാറണം. ഏറ്റവും മികച്ച ടീം വിജയിക്കുമ്പോഴാണ് രാജ്യം വികസനകുതിപ്പിലേക്ക് എത്തുന്നത്. ജാതിയും മതവും വര്‍ഗീയതയുമൊക്കെ വിജയത്തിനുള്ള അസംസ്‌കൃതവസ്തുക്കളായി മാറുമ്പോള്‍ ദുര്‍ബലമാകുന്നത് ജനാധിപത്യവും നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ പുരോഗതിയുമാണ്.
Leave a Comment
Your email address will not be published. Required fields are marked with *