മാത്യു സൈമണ്‍
ചെറുതായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം ജസീക്ക കോക്‌സ് എന്ന അമേരിക്കന്‍ യുവതി ഒരിക്കലും മറക്കില്ല. അതൊരു വലിയ വിവാഹച്ചടങ്ങായരുന്നു. അത്രയും വലിയ പരിപാടിയില്‍ അവള്‍ പങ്കെടുക്കുന്നത് ആദ്യം. പരിചിതരും അപരിചിതരുമായ അനേകംപേര്‍ അവിടെയുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്ന ഒരു ആന്റിയെ അന്വേഷിച്ച് അവള്‍ക്ക് ജനങ്ങള്‍ക്കിടയിലൂടെ നിരവധി തവണ നടക്കേണ്ടിവന്നു. ഒരോ തവണയും ആളുകള്‍ അവളെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം ഇരുകൈകളും ഇല്ലാത്ത ഒരു പെണ്‍കുട്ടിയായിരുന്നു ജസീക്ക. എല്ലാവര്‍ക്കും മുന്നില്‍ ഒരു കാഴ്ചവസ്തുവായി മാറിയതുപോലെ അവള്‍ക്ക് തോന്നി. ഇത് അവളെ വല്ലാതെ അസ്വസ്ഥയാക്കി. ചുറ്റുമുള്ളവരുടെ സഹതാപം നിറഞ്ഞ പെരുമാറ്റവും നോട്ടവും ആ കുഞ്ഞു മനസി ല്‍ ഒരു നീറ്റലായി മാറി.
സങ്കടം താങ്ങാനാവതെ ഒടുവില്‍ അവള്‍ എല്ലാവരിലുംനിന്ന് മാറി ഒരു വലിയ കര്‍ട്ടനുപിന്നില്‍ ഒളിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് ദൈവത്തോട് പരാതി പറഞ്ഞു. തന്റെ ഈ അവസ്ഥയ്ക്ക് എങ്ങനെയെങ്കിലും മാറ്റം വരുത്തണമെന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. പക്ഷേ അത്ഭുതമൊന്നും അന്ന് സംഭവിച്ചില്ല. കൈകള്‍ വളര്‍ന്നതുമില്ല.എന്നാല്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചത് പിന്നീടാണ്. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ തന്റെ കാറിന് പെട്രോള്‍ അടിക്കാന്‍ ഒരു പമ്പില്‍ എത്തി. ഇരുകാലുകളുപയോഗിച്ച് അവള്‍ സ്വയം വാഹനത്തില്‍ ഇന്ധനം നിറയ്ക്കുകയായിരുന്നു. ഈ സമയം പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ഇറങ്ങിവന്ന് അവളോട് നന്ദി പറഞ്ഞു.
എന്തിനാണ് നന്ദി പറയുന്നതെന്ന് അവള്‍ അയാളോട് ചോദിച്ചു. അതിനുത്തരമായി തന്റെ കാറിലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം പറഞ്ഞു. കാറിന്റെ മുന്‍ സീറ്റിലിരിക്കുന്ന തന്റെ കൗമാരക്കാരിയായ മകളുടെ കൈവിരലുകള്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടതാണ്. അതിനുശേഷം അവള്‍ നിരാശയിലും വിഷമത്തിലുമായിരുന്നു. എന്നാല്‍ ഇന്ന് രണ്ട് കയ്യും ഇല്ലാതെ ജസീക്കാ ചെയ്യുന്ന കാര്യങ്ങള്‍ കണ്ടപ്പോള്‍ അവളുടെ മനസ് പ്രത്യാശകൊണ്ട് നിറഞ്ഞു. ഭാവിജീവിതത്തെ സന്തോഷത്തോടെ സമീപിക്കാനുള്ള ആത്മവിശ്വാസമാണ് ജസീക്കയിലൂടെ അവള്‍ക്ക് കരഗതമായത്.
ഈ സംഭവം തന്റെ പഴയ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമായി ജസീക്ക തിരിച്ചറിഞ്ഞു. തന്റെ ശാരീരിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുന്നു. ഇത്രയും മഹത്തരമായ മറ്റെന്തു കാര്യമാണുള്ളത്. ഇതോടെ കാലുകള്‍ തന്നതിന് ജസീക്ക ദൈവത്തിന് പ്രത്യേകമായി നന്ദി പറയാന്‍ ആരംഭിച്ചു. തനിക്ക് ഇനി കൈകള്‍ വേണ്ടെന്ന് അവള്‍ ദൈവത്തോട് പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ തന്നെയാണ് പിന്നീട് ജസീക്കയെ ഒരു മോട്ടിവേഷണല്‍ സ്പീക്കറും ലൈഫ് കോച്ചുമായി മാറ്റിയതും.
കൈകള്‍ ഇല്ലാത്തതിന് ജസീക്കയ്ക്ക് ഇന്ന് പരാതിയില്ല. കിട്ടാത്ത കൈകളെക്കാള്‍ കിട്ടിയ കാലുകളാണ് അവളുടെ ബലം. കൈകള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം അവളുടെ കാലുകള്‍ ചെയ്യും. എല്ലാ അവയവങ്ങളും നല്ല ഗംഭീരമായി പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യാന്‍ ശ്രമിക്കാത്ത കാര്യങ്ങള്‍വരെ അവള്‍ ഭംഗിയായി ചെയ്ത് വിജയിച്ചിട്ടുണ്ട്. കാലുകള്‍ക്കൊണ്ട് ഒറ്റയ്ക്ക് വിമാനം പറത്തിയ ലോകചരിത്രത്തിലെ ആദ്യ വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് ജസീക്കയ്ക്ക് സ്വന്തമാണ്. ജസീക്കയുടെ ഈ വിജയങ്ങള്‍ക്കു പിന്നി ലുള്ളത് ദൈവത്തിലുളള അടിയുറച്ച വിശ്വാസമാണ്. കൂടാതെ പ്രതിസന്ധികളി ല്‍ വിജയിക്കാനുള്ള പരിശ്രമവും മറ്റുള്ളവര്‍ക്ക് പ്രചേദനമാകാനുള്ള ആഗ്രഹവും.
ചിറകില്ലാതെ ജനനം
തോള്‍ മുതല്‍ കൈപ്പത്തിവരെ രണ്ടു കൈകളുമില്ലാതെയാണ് ജസീക്ക ജനിച്ചത്. 1988 ഫെബ്രുവരി രണ്ടിന് അരിസോണയിലെ സിയറ വസ്റ്റയിലാണ് ജനനം. വൈകല്യമുള്ള കുട്ടി ജനിച്ചാല്‍ മാതാപിതാക്കള്‍ പലപ്പോഴും സങ്കടപ്പെടുകയും നിരാശപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ ജസീക്കയുടെ മാതാപിതാക്കള്‍ തികച്ചും വ്യത്യസ്തരായിരുന്നു. അവളെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ അവര്‍ അനുവദിച്ചു. എന്നിരുന്നാലും ചില പ്രയാസമേറിയ കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്താല്‍ ശരിയാകുമോ എന്നു തോന്നിയാല്‍ അവര്‍ അരുതെന്ന് പറയും. എന്നാല്‍ ആ കാര്യം എങ്ങനെ സ്വയം ചെയ്യാം എന്ന് അവള്‍ ചിന്തിച്ചു തുടങ്ങും. അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതുതന്നെയാണ് അവളുടെ ജീവിത വിജയത്തിന്റെ രഹസ്യവും. നിരന്തരമായ പരിശ്രമത്തിലൂടെ എല്ലാം അവള്‍ പഠിച്ചെടുത്തു. കൈകള്‍ ഇല്ലായെന്നു പറഞ്ഞ് തന്നെ മാറ്റിനിര്‍ത്തിയവരുടെ മുന്നില്‍ എല്ലാക്കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അവര്‍ പറഞ്ഞത് തെറ്റിപ്പോയി എന്ന് തെളിയിക്കാന്‍ അവള്‍ക്ക് എന്നും ആവേശമായിരുന്നു.
പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ മാത്രമാണ് നാം കഴിവുള്ളവരായി മാറുന്നതെന്ന് ജസീക്ക പറയുന്നു. ശൈശവംമുതല്‍ എല്ലാം കാലുകൊണ്ട് ചെയ്യാന്‍ പഠിച്ചു. ആ കഠിനാധ്വാനം, മുതിര്‍ന്നപ്പോഴും അവള്‍ ക്കൊപ്പം വളര്‍ന്നു. സൈക്കോളജിയില്‍ ബിരുദം കരസ്ഥമാക്കിയ ജസീക്ക കായിക മേഖലയിലും മികവ് തെളിയിച്ചു. തായ്‌ക്വോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ്, കടലിലെ സര്‍ഫിങ്ങ്, സ്‌കൂബാ ഡൈവിങ്ങ്, എല്ലാം അവള്‍ പോരാടി നേടിക്കഴിഞ്ഞു. കാലുകള്‍ക്കൊണ്ടുമാത്രം ജസിക്ക അനായാസം പിയാനോ വായിക്കുന്നതും സൈക്കിളില്‍ പറക്കുന്നതുമെല്ലാം കാഴ്ചക്കാരെ തെല്ലൊന്നുമല്ല വിസ്മയിപ്പിക്കുന്നത്. പരിശുദ്ധ ദൈവമാതാവിന്റെ തികഞ്ഞ ഭക്തയായ അവള്‍ അര്‍പ്പിക്കുന്ന ജപമാലകളാണ് ജസീക്കയെ ഇത്രത്തോളം ഉയര്‍ത്തിയതെന്ന് അവള്‍ സാക്ഷ്യപ്പെടുത്തുന്നു. പരിശുദ്ധ അമ്മയും ഈശോയും എല്ലായ്‌പ്പോഴും അവള്‍ക്ക് താങ്ങായി കൂടെനിന്നു. ”അവിടുത്തെ വലത്തുകൈ എന്നെ താങ്ങിനിറുത്തി; അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി. (സങ്കീ.18:35) എന്ന വചനം അവളുടെ ജീവിതത്തില്‍ മാംസം ധരിക്കുകയായിരുന്നു.
പൈലറ്റാക്കിയ ജപമാല
ഒരിക്കല്‍ ഒരു ഫൈറ്റര്‍ പൈലറ്റ് ജസീക്കയോട് വിമാനം പറത്താന്‍ പഠിക്കുന്നോയെന്ന് ചോദിച്ചു. ഉള്ളില്‍ ഭയം ഉണ്ടെങ്കിലും വീട്ടുകാരുടെ പിന്തുണകിട്ടിയതോടെ പരിശീലനം ആരംഭിച്ചു. വൈകല്യമുള്ളവര്‍ക്കായി യാതൊരുവിധ മാറ്റങ്ങളും വരുത്താത്ത വിമാനത്തില്‍ രണ്ടുകാലുകളുമുപയോഗിച്ച് അവള്‍ പരിശീലനം ആരംഭിച്ചു. മൂന്നു വര്‍ഷത്തെ പരിശീലനത്തിനുശേഷം 2008 ല്‍ പൈലറ്റ് ലൈസന്‍സ് നേടി. ചരിത്രത്തിലെ കൈകളില്ലാത്ത ആദ്യ പൈലറ്റ് എന്ന ലോക റെക്കോര്‍ഡിലേക്കാണ് ജസീക്ക പറന്നുയര്‍ന്നത്. വിമാനം പറത്തുക എന്നത് ശരിക്കും ഭയപ്പെമുള്ള കാര്യമായിരുന്നു ജസീക്കയ്ക്ക്. എന്നാല്‍ ഭയമുള്ളവ ചെയ്യുന്നതാണ് കൂടുതല്‍ ശക്തരാക്കുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇതിനുള്ള ധൈര്യം അവള്‍ക്ക് ലഭിച്ചത് ദൈവത്തില്‍നിന്നാണ്. തികഞ്ഞ ദൈവവിശ്വാസിയായ ജസീക്ക ഒരോ തവണയും വിമാനത്തില്‍ കയറുന്നതിന് മുമ്പ് അനേകം ജപമാലകള്‍ ചൊല്ലും.
അതായിരുന്നു ഓരോ ടെയ്ക് ഓഫിനുമുമ്പും തന്റെ ശക്തിയെന്ന് ജസീക്ക ഏറ്റുപറയുന്നു. ”അവിടുന്ന് എന്റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗം നല്‍കി; ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിര്‍ത്തി” (സങ്കീ. 18:33) എന്നവചനം ജസീക്കയ്ക്ക് കരുത്തു പകര്‍ന്നു. ദൈവവിശ്വാസവും ധൈര്യവും സംഭരിച്ച് ഭയത്തെ അതിജീവിച്ച് കാര്യങ്ങള്‍ നാം ചെയ്യണം. അങ്ങനെയാണ് യേശു എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് തിരിച്ചറിയാനാവുകയെന്ന് ജസീക്ക പങ്കുവെയ്ക്കുന്നു.
ബെനഡിക്റ്റ് പതിനാറാം മാര്‍പാപ്പ കണ്ടുമുട്ടാന്‍ അവസരം തന്നതും ജസീക്കയ്ക്ക് ദൈവസ്‌നേഹത്തിന്റെ അടയാളമായിരുന്നു. മിലാനില്‍ തന്റെ ഗിന്നസ് റെക്കോര്‍ഡ് സ്വീകരണ ചടങ്ങിന് ശേഷം വത്തിക്കാല്‍ എത്തിയപ്പോഴായിരുന്നു അത്. ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടിയ തന്റെ കഴുത്തില്‍ കിടക്കുന്ന ഗിന്നസ് മെഡല്‍ പാപ്പായ്ക്ക് സമ്മാനമായി അന്ന് നല്‍കിയത് മറക്കാനാവാത്ത നിമിഷമായിമാറി. തന്റെ റെക്കോര്‍ഡ് നേട്ടത്തിന്റെ അധ്വാനത്തിനത്തേക്കുറിച്ച് മനസിലാക്കാന്‍ വൈമാനികന്‍ കൂടിയായ അദ്ദേഹത്തെപോലെ ഒരാള്‍ക്ക് നന്നായി സാധിച്ചുവെന്നത് കൂടുതല്‍ സന്തോഷം നല്‍കി. കാലുകള്‍ക്കൊണ്ട് പറത്തുന്ന വിമാനങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന വലിയ പ്രോജക്ടിന്റെ ഭാഗമാണ് ഇന്ന് ജസീക്ക.
14-ാം വയസില്‍ കൃത്രിമ കൈകള്‍ ഉപേക്ഷിച്ചതു മുതലാണ് തന്റെ ജീവിതം മാറിയതെന്ന് അവള്‍ പറയുന്നു. താന്‍ എങ്ങനെയാണോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അത് അംഗീകരിക്കുക. ദൈവത്തിന് നന്ദിപറയുക. ഒരോരുത്തരെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് സമാനതകളില്ലാതെയാണ് എന്ന് നാം തിരിച്ചറിയണം. അത് മനസിലാക്കുന്നിടത്താണ് ജീവിതം മാറുന്നത്, വൈകല്യങ്ങളുടെ പേരില്‍ ആരേയും മാറ്റി നിര്‍ത്തരുത്, ജെസീക്ക ഓര്‍മിപ്പിക്കുന്നു. ”നാം എന്തായിരിക്കുന്നവോ അത് ആസ്വദിക്കാനും അത് ഉള്‍ക്കൊണ്ട് ജീവിക്കാനുമാണ് ശ്രമിക്കേണ്ടത്. അതുകൊണ്ടാണല്ലോ താന്‍ ഇന്ന് ലോകം മുഴുവന്‍ സഞ്ചരിച്ച് അനേകര്‍ക്ക് പ്രചോദനമാകുന്നതും,” ജസീക്കയുടെ വാക്കുകള്‍. 28 രാജ്യങ്ങള്‍ സഞ്ചരിച്ച് മോട്ടിവേഷന്‍ പരിപാടികള്‍ നടത്തിയിട്ടുള്ള ജസീക്കയുടെ ജീവിതത്തില്‍ ”എന്റെ പാത അങ്ങു വിശാലമാക്കി” (സങ്കീ. 18:36) എന്ന വചനം ദൈവം യാഥാര്‍ത്ഥ്യമാക്കി. ഭര്‍ത്താവ് പാട്രിക്കിനൊപ്പം മോട്ടിവേഷണല്‍ സര്‍വീസ് സ്ഥാപനം നടത്തുകയാണ് ഇന്ന് ജസീക്ക. കാലുകള്‍ തന്നതിന് ദൈവത്തിന് നന്ദിപറയുന്ന ജസീക്കയുടെ ജീവിതവിജയവും കാഴ്ചപ്പാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാമൊക്കെ എന്തിനെല്ലാം ദൈവത്തിന് നന്ദി പറയേണ്ടിയിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *