കാക്കനാട്: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരിലുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സഭാ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സീറോമലബാര്‍സഭയുടെ തനതായ അജപാലന സംവിധാനങ്ങള്‍ രൂപപ്പെടേണ്ടതിന്റെയും അതിനോടു സീറോമലബാര്‍ വിശ്വാസികള്‍ സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിശ്വസികളുടെ ഒരു സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2022-ല്‍ ബംഗളൂരുവില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
സീറോമലബാര്‍ സഭയുടെ അംഗങ്ങള്‍ സഭയുടെ തനതായ ആരാധനാക്രമമനുസരിച്ചുള്ള കൂട്ടായ്മകളില്‍ പങ്കെടുക്കണമെന്ന ആഹ്വാനമാണ് പ്രസംഗത്തിന്റെ കാതല്‍. ലത്തീന്‍ സഭയെക്കുറിച്ചുള്ള, പ്രസംഗശൈലിയില്‍ വന്ന, പരാമര്‍ശം ഒരിക്കലും ആ സഭയോടുള്ള അനാദരവ് ആയിരുന്നില്ല എന്നു വ്യക്തമാക്കാനും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടില്‍ ആഗ്രഹിക്കുന്നു.
ലത്തീന്‍ സഭയുമായും മറ്റു കത്തോലിക്ക- അകത്തോലിക്കാസഭകളുമായും ബഹുമാനത്തിലും സ്‌നേഹത്തിലും സഹകരണത്തിലുമുള്ള സഹവര്‍ത്തിത്വമാണ് തട്ടിലിന്റെ സഭാത്മക സമീപനം. രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പു സാന്ദര്‍ഭികമായി പ്രസംഗശൈലിയില്‍ വന്ന ഒരു പരാമര്‍ശം ഇപ്പോള്‍ വിവാദമാക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്നത് വ്യക്തമാണ്.
അതിനാല്‍, ഈ വിഷയത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇത്തരം പ്രചാരണങ്ങളുടെ പിന്നിലെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നും സഭകള്‍ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയും കരുതലും ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *