Follow Us On

24

November

2024

Sunday

ഫാ. ബാബുവിന്റെ സ്ഥിതി ഇതാണെങ്കില്‍….

ഫാ. ബാബുവിന്റെ സ്ഥിതി ഇതാണെങ്കില്‍….

പീറ്റര്‍ പോള്‍ എന്ന തന്റെ ഓഫീസിലെ ജോലിക്കാരനെ പൊലീസ് പിടിച്ചുകൊണ്ടുപോയിരിക്കുന്നു! ഈ വാര്‍ത്ത കേട്ടാണ് ഫാ. ബാബു ഫ്രാന്‍സിസ് അലഹബാദിലെ നൈനി പൊലീസ് സ്റ്റേഷനിലേക്ക് യാത്രയായത്. ഭര്‍ത്താവിനുവേണ്ടി കരഞ്ഞുകൊണ്ട് അച്ചനെ സമീപിച്ച പീറ്ററിന്റെ ഭാര്യ സാന്ദ്രയും പീറ്ററിന്റെ സഹോദരന്‍ ഡൊമിനിക്കും ബന്ധു മൈക്കിള്‍ സില്‍വെസ്റ്ററും ഒപ്പമുണ്ടായിരുന്നു. ഒരു അഭിഭാഷകന്‍കൂടിയായതിനാല്‍ പീറ്ററിനെ സ്റ്റേഷന്‍ജാമ്യത്തിലെടുക്കാന്‍ സാധിക്കുമെന്നായിരുന്നു ഫാ. ബാബുവിന്റെ ചിന്ത.

പിതാവ് ബിര്‍ളാ അലുമിനിയം കമ്പനിയിലെ ജോലിക്കാരനായിരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ത്തന്നെ ജനിച്ചുവളര്‍ന്ന്, പില്ക്കാലത്ത് ദൈവവിളി സ്വീകരിച്ച് അലഹബാദ് രൂപതയില്‍ വൈദികനായി അഭിഷിക്തനായ ആളാണ് ഫാ. ബാബു. ഇപ്പോള്‍ അലഹബാദ് രൂപതയില്‍ സോഷ്യല്‍ സര്‍വീസ് ഡയറക്ടറുംകൂടിയാണ് അദ്ദേഹം. പലപ്പോഴും തടവുകാര്‍ക്ക് സഹായം നല്കുന്നതിനായി അദ്ദേഹം നൈനി ജയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആത്മവിശ്വാസത്തോടെ അവിടെയെത്തിയ ഫാ. ബാബുവിനും കൂടെപ്പോയവരെയും കാത്തിരുന്നത് അപ്രതീക്ഷിതമായ ദുരിതങ്ങള്‍.

ഒക്‌ടോബര്‍ 23 ഞായറാഴ്ച ദൈവാലയശുശ്രൂഷകള്‍ കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതിയ സമയത്താണ് സാന്ദ്രയും ബന്ധുക്കളും സമീപിച്ചത്. അതിനാല്‍ ഭക്ഷണം കഴിക്കാന്‍പോലും നില്‍ക്കാതെ യാത്രയായ ഫാ. ബാബു അധികാരികളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സംഘം ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടെയെത്തി. അവരുടെ ബഹളം നിമിത്തം പോലീസ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങിയെടുത്ത് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു.
ഈ സംഭവങ്ങള്‍ക്കിടെ ഫാ.ബാബുവിന്റെയും കൂടെ ചെന്നവരുടെയും പേരും മറ്റ് വിവരങ്ങളും ചോദിച്ചുമനസിലാക്കിയിട്ട് ഇവര്‍ക്കെതിരെ ഒരു കള്ളക്കേസും ചാര്‍ത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാവരെയും തടവിലാക്കി. സാന്ദ്രയെ വനിതാസെല്ലിലും പുരുഷന്‍മാരെയെല്ലാം മറ്റൊരു സെല്ലിലും. അടുത്ത ദിവസം വൈകുന്നേരം സാന്ദ്രയെമാത്രം പറഞ്ഞുവിട്ടു. ഫാ. ബാബുവും മറ്റുള്ളവരും കൊടുംകുറ്റവാളികളെപ്പോലെ നൈനി സെന്‍ട്രല്‍ ജയിലില്‍ തടവുകാരായി. മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പിന്നെ ദുരിതപൂര്‍ണമായ ദിവസങ്ങള്‍.

റിമാന്‍ഡാകട്ടെ നീട്ടിക്കൊണ്ടിരുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയാത്തത് കൂടുതല്‍ വേദനയുളവാക്കി. അലഹബാദ് മെത്രാന്‍ ബിഷപ് ലൂയിസ് മസ്‌കരനാസ് രണ്ടുതവണ സന്ദര്‍ശിക്കാനെത്തി. ഒരിക്കല്‍ അദ്ദേഹം ബൈബിള്‍ കൊണ്ടുവന്നപ്പോള്‍, അത് അകത്തുകടത്താന്‍ അനുവദിച്ചില്ല. അദ്ദേഹത്തെക്കൂടാതെ, വൈദികരും സിസ്റ്റേഴ്‌സും വരുമായിരുന്നു. ഈ സാഹചര്യത്തില്‍ ജപമാലപ്രാര്‍ത്ഥനയായിരുന്നു ഫാ. ബാബുവിനെയും കൂടെയുള്ളവരെയും ശക്തിപ്പെടുത്തിയത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

വികാരി ജനറാള്‍ ഫാ. റെജിനാല്‍ഡ് ഡിസൂസയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളുടെ ഫലമായി ഡിസംബര്‍ 22-ന്  ഫാ. ബാബുവിന് ജാമ്യം ലഭിച്ചു. പക്ഷേ മറ്റ് മൂന്ന് പേരുടെയും ജാമ്യ ഉടമ്പടി വ്യക്തമല്ലെന്നു പറഞ്ഞ് ജാമ്യം നിഷേധിച്ചു. പിന്നീട് ജനുവരി മൂന്നിനാണ് അവര്‍ക്ക് പുറത്തിറങ്ങാനായത്.
‘ഹിന്ദുക്കളെല്ലാം ക്രിസ്ത്യാനികളാകണം. അങ്ങനെയെങ്കില്‍ 50,000 രൂപ തരാം’  എന്നെല്ലാം അച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചെന്നുപറഞ്ഞ് ഒരു ദളിത് വ്യക്തിയുടെ പേരില്‍ കള്ളക്കേസുണ്ടാക്കിയാണ് പൊലീസ് ഇവരെ ജയിലിലാക്കിയത്.

പലപ്പോഴും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കത്തോലിക്കരും അകത്തോലിക്കരുമായവര്‍ ഇപ്രകാരം കള്ളക്കേസുകളില്‍ കുടുങ്ങുന്നുണ്ടെന്ന് ഫാ. ബാബു പറയുന്നു. യു.പിയില്‍ ജനിച്ചുവളര്‍ന്ന തന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റിടങ്ങളില്‍നിന്ന് വരുന്നവരുടെ അവസ്ഥ പറയേണ്ടതില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഭാരതത്തില്‍, ക്രൈസ്തവരുടെ സ്ഥിതി അനുദിനം മോശമാവുകയാണെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണിതെല്ലാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?