Follow Us On

10

January

2025

Friday

1000 കുടുംബങ്ങള്‍ക്ക് വീട്; സ്വപ്‌നം സാക്ഷാത്ക്കരിച്ച് പാലാ രൂപത

1000 കുടുംബങ്ങള്‍ക്ക് വീട്;  സ്വപ്‌നം സാക്ഷാത്ക്കരിച്ച് പാലാ രൂപത

പാലാ: സ്വന്തമായി വീടെന്ന ആയിരം കുടുംബങ്ങളുടെ സ്വപ്‌നം യാഥാത്ഥ്യമാക്കിയിരിക്കുകയാണ് പാലാ രൂപത. 2018-ല്‍ രൂപതയില്‍ ആരംഭിച്ച പാലാ ഹോം പ്രൊജക്ടിലൂടെയാണ് അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് ഈ സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാനായത്.
1000-ാമത്തെ വീടിന്റെ ആശീര്‍വാദവും താക്കോല്‍ദാനവും മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന ഇടവകയില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മാര്‍ കല്ലറങ്ങാട്ടിന്റെ മനസില്‍ ഉടലെടുത്ത പദ്ധതിയാണിത്.

2018-ല്‍ പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ വേളയിലാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ ഹോം പ്രൊജക്ട് പ്രഖ്യാപിച്ചത്. രൂപതയിലെ 171 ഇടവകകളും സന്യസ്ത ഭവനങ്ങളും സംഘടനകളും സുമനസുകളും കരംകോര്‍ത്തപ്പോള്‍ കുറഞ്ഞകാലംകൊണ്ട് 1000 വീടെന്ന അപൂര്‍വ നേട്ടം കൈവരിക്കാനായി. അതില്‍ത്തന്നെ 350 ഭൂരഹിതര്‍ക്ക് സ്ഥലം കണ്ടെത്തിയാണ് വീട് നല്‍കിയതെന്നത് രൂപതയുടെ മാനുഷിക മുഖത്തിന്റെ സാക്ഷ്യമാണ്. രൂപതാതിര്‍ത്തിയിലുള്ള നാനാജാതി മതസ്ഥര്‍ക്ക് പദ്ധതിവഴിയായി വീടു ലഭിച്ചു.

1000-ാമത്തെ വീടിന്റെ താക്കോല്‍ മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന ദൈവാലയത്തിലെ കൈക്കാരന്‍മാര്‍ ഏറ്റുവാങ്ങി. ആയിരാമത് വീടിന്റെ നിര്‍മ്മാണം മുട്ടുചിറ ഇടവകയില്‍ നടത്തുന്ന ഭവനരഹിതപുനരധിവാസ പദ്ധതിയായ ബേസ് റൂഹായോട് ചേര്‍ ന്നാണ് പൂര്‍ത്തീകരിച്ചത്. ബേസ് റൂഹാ പദ്ധതിയില്‍ പൂര്‍ത്തീകരിച്ച മറ്റ് രണ്ട് വീടുകളുടെ ആശീര്‍വാദവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
പാലാ രൂപതാ വികാരി ജനറാളും ഹോം പ്രൊജക്ട് കോ- ഓര്‍ഡിനേറ്ററുമായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, റൂഹാദക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഹോം പ്രൊജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ജോര്‍ജ് കൊട്ടാരത്തില്‍, ഫാ. ജോസഫ് ചെങ്ങഴച്ചേരില്‍ എന്നിവര്‍ സഹകാര്‍മികരായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?