ഭോപ്പാല്‍ (മധ്യപ്രദേശ്): സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ക്രിസ്ത്യന്‍ മിഷനറിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ചതിനെതിരെ സഭാ നേതൃത്വം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും അവരുടെ ധനസഹായ സ്രോതസുകളുടെയും വിശദാംശങ്ങള്‍ തേടി പോലീസ് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ചോദ്യാവലി പ്രചരിപ്പിച്ചിരിക്കുകയാണ്.
തങ്ങളുടെ ചില സ്ഥാപനങ്ങളില്‍ പ്രാദേശിക പോലീസില്‍ നിന്ന് ഒരു ചോദ്യാവലി ലഭിച്ചതായി ജബല്‍പൂര്‍ ബിഷപ് ജെറാള്‍ഡ് അല്‍മേഡ പറഞ്ഞു. ‘പക്ഷേ തങ്ങള്‍ ഇതുവരെ ഇതിന് ഉത്തരം നല്‍കിയിട്ടില്ല. ക്രിസ്ത്യാനികളെ ഒറ്റപ്പെടുത്തുകയും ഈ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്. അതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു.” ബിഷപ് അല്‍മേഡ കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തിനുള്ളില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സൂക്ഷ്മമായ പ്രൊഫൈലിംഗ് നടത്താനുള്ള സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്ന് ഇത് രണ്ടാമത്തെ ശ്രമമാണ്. 2023 ജൂലൈയില്‍ സമാനമായ വിശദാംശങ്ങള്‍ അവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചോദ്യാവലി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. ചോദ്യാവലിയില്‍ അന്ന് 15 പ്രധാന ചോദ്യങ്ങളാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അവയുടെ എണ്ണം 30 ആയി ഉയര്‍ന്നു.
‘പോലീസ് അനൗദ്യോഗികമായി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ എന്തെങ്കിലും വിവരങ്ങള്‍ പങ്കിടുന്നതിന് മുമ്പ് ഞങ്ങള്‍ നിയമോപദേശം തേടും,’ ബിഷപ് അല്‍മേഡ പറഞ്ഞു. ആവശ്യപ്പെട്ട വിവരങ്ങളില്‍ ഭൂരിഭാഗവും ഇതിനകംതന്നെ സര്‍ക്കാര്‍ ഏജന്‍സികളില്‍ ഫയല്‍ ചെയ്തിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാരെ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നതായി ബിഷപ് പറഞ്ഞു. ഝബുവ, ഗ്വാളിയോര്‍ എന്നീ രൂപതാ അധികാരികളും ‘അനൗദ്യോഗികമായി’ ചോദ്യാവലി ലഭിച്ചതായി പറഞ്ഞു.
ചോദ്യാവലി അനൗദ്യോഗികമായിയാണ് തങ്ങള്‍ക്ക് കൈമാറിയിരിക്കുന്നതെന്ന് ജാബുവ രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോക്കി ഷാ പറഞ്ഞു. സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അത് ശരിയായ മാര്‍ഗങ്ങളിലൂടെ തരണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നിരുന്നാലും, ചോദ്യാവലി തയ്യാറാക്കിയ രീതിയും സൂക്ഷ്മമായി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതും സംശയം ജനിപ്പിക്കുന്നതായി ഫാ. ഷാ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *