ഗുവഹത്തി: ആസാമില്‍ ബാപ്റ്റിസ് സഭയുടെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത രണ്ട് അമേരിക്കന്‍ പൗരന്മാരെ വ്യാജമതപരിവര്‍ത്തനക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ക്രൈസ്തസംഘടനകള്‍. ആസാമിലെ സോണിറ്റ്പൂര്‍ ജില്ലയില്‍ നടന്ന ബില്‍ഡിംഗ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഥികളായെത്തിയതായിരുന്നു അമേരിക്കന്‍ പൗരന്മാരായ ജോണ്‍ മാത്യു ബ്രൂണും, മൈക്കല്‍ ജെയിംസ് ഫ്ലിച്ചും. അവരുടെ പേരില്‍ ആരോപിക്കപ്പെട്ട മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും ആസാം ക്രിസ്ത്യന്‍ ഫോറം വാക്താവ് അലന്‍ ബ്രൂക്ക്‌സ് പറഞ്ഞു.
ആസാമിലെ സോണിറ്റ്പൂരില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ അവരെ മതപരമായ ചടങ്ങില്‍ പങ്കെടുത്തു എന്നാരോപിച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. അത് ഇന്ത്യയുടെ വിസാ നിയമങ്ങള്‍ക്കെതിരാണെന്നുമാണ് പോലീസ് ഭാഷ്യം. അവര്‍ പങ്കെടുത്തത് പ്രാര്‍ത്ഥനാസമ്മേളനത്തിലല്ലെന്നും ഓഫീസ് ബില്‍ഡിംഗിന്റെ ഉദ്ഘാടനമായിരുന്നുവെന്നും അലന്‍ ബ്രൂക്‌സ് വ്യക്തമാക്കി. ഉദ്ഘാടനത്തിനാണ് വിദേശപൗരന്മാരെ അതിഥികളായി ക്ഷണിച്ചത്. ഉച്ചഭക്ഷണത്തിന് മുമ്പ് പ്രാര്‍ത്ഥനയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ പ്രാര്‍ത്ഥനയാണ് മതപരിവര്‍ത്തനമായി ഭരണാധികാരികള്‍ക്ക് തോന്നിയതെന്നും അവര്‍ ആരോപിച്ചു.
വിദേശപൗരന്മാര്‍ക്ക് 500 ഡോളര്‍ വീതം പിഴ ചുമത്തി വിട്ടയച്ചു. അവരെ ഉടന്‍ നാടുകടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ 7 ജര്‍മ്മന്‍ പൗരന്മാരെയും 3 സ്വീഡീഷ് സ്വദേശികളെയും മിഷണറി പ്രവര്‍ത്തനനമാരോപിച്ച് പോലീസ് തടവിലാക്കിയിരുന്നു.
ആസാം ഭരിക്കുന്നത് ബിജെപി ഗവണ്‍മെന്റാണ്. മുഖ്യമന്ത്രി ഹിമാന്ത വിശ്വ സര്‍മയുടെ കീഴിലുള്ള ഭരണകൂടം സംസ്ഥാനത്തെ ആദിവാസികള്‍ക്കിടയിലും ദളിതര്‍ക്കിടയിലും മിഷണറിമാര്‍ പ്രവര്‍ത്തിക്കുന്നതിനെതിരാണ്. പാവപ്പെട്ടവരുടെ വിദ്യാഭ്യാസ ആരോഗ്യ പരിപാലന മേഖല മെച്ചപ്പടെത്താനാണ് മിഷനറിനമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബ്രൂക്‌സ് പറഞ്ഞു. ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ മതപരിവര്‍ത്തനം നടന്നിരുന്നെങ്കില്‍ ആസാം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മിഷനറി സ്‌കൂളുകളില്‍ പഠിച്ചിരുന്ന മറ്റ് പലരും ക്രിസ്ത്യാനികളാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *