Follow Us On

23

December

2024

Monday

കോവിഡ് കാലത്ത് ‘ജയിലില്‍;’ അന്താരാഷ്ട്ര പുരസ്‌കര നിറവില്‍ സിസ്റ്റര്‍ കോറിയ

കോവിഡ് കാലത്ത് ‘ജയിലില്‍;’ അന്താരാഷ്ട്ര പുരസ്‌കര നിറവില്‍ സിസ്റ്റര്‍ കോറിയ
അബുദാബി: കോവിഡ് മഹാമാരിക്കാലത്ത് തടവുകാരെ ശുശ്രൂഷിക്കുന്നതിനായി ഒന്നര വര്‍ഷം ജയിലില്‍ കഴിയുകയും ജയില്‍ മോചിതരാകുന്ന സ്ത്രീകള്‍ക്കായി പുനരധിവാസകേന്ദ്രം ആരംഭിക്കുകയും ചെയ്ത സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയക്ക് മാനവ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഐക്യവും നീതിയും ശുഭാപ്തി വിശ്വാസവും വളര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാനവ സാഹോദര്യത്തിനായുള്ള സായദ് അവാര്‍ഡ്. 2019-ല്‍ മാനവ സാഹോദര്യ രേഖയില്‍ ഒപ്പുവയ്ക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസര്‍ ഗ്രാന്റ് ഇമാമും തമ്മില്‍ അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണാര്‍ത്ഥമാണ് യുഎഇയുടെ ഫൗണ്ടറായ ഷെയ്ക്ക് സായദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്റെ പേരിലുള്ള ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
2020-21  ലെ കോവിഡ് കാലത്ത് പുറത്തുനിന്നുള്ള ആര്‍ക്കും ജയിലില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതിനെ തുടര്‍ന്ന് ഒന്നരവര്‍ഷക്കാലം സാന്റിയാഗോയിലെ സ്ത്രീകളുടെ ജയിലില്‍ താമസിച്ചായിരുന്നു സിസ്റ്റര്‍ നെല്ലി ലിയോണ്‍ തടവുകാര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ നടത്തിയത്.  സ്വന്തം സ്വാതന്ത്ര്യംപോലും വേണ്ടെന്നുവച്ച് തടവുകാരോട് സിസ്റ്റര്‍ പ്രകടിപ്പിച്ച സാഹോദര്യത്തിന് ലഭിച്ച അംഗീകാരം കൂടിയായി അബുദാബിയിലെ ആഡംബര ഹോട്ടലായ എമിറേറ്റ്‌സ് പാലസില്‍ വച്ചു നടന്ന ചടങ്ങ് മാറി. 20 വര്‍ഷമായി ജീവിതത്തിന്റെ അധികസമയവും ചെലവഴിക്കുന്ന സാന്റിയാഗോയിലെ ജയിലില്‍ നിന്നായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ സിസ്റ്റര്‍ അബുദാബില്‍എത്തിയത്.
മധ്യ ചിലിയിലെ ദരിദ്ര കുടുംബത്തില്‍ എട്ട് മക്കളില്‍ ഇളയവളായി ജനിച്ച സിസ്റ്റര്‍ നെല്ലി ലിയോണ്‍ ഒരു കാര്യത്തില്‍ സമ്പന്നയായിരുന്നു. മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹത്തിന്റെയും ദൈവസ്‌നേഹത്തെക്കുറിച്ചുള്ള അറിവിന്റെയും കാര്യത്തില്‍. പഠനം പൂര്‍ത്തീകരിച്ച കാലഘട്ടത്തില്‍ ഏഴ് വയസുള്ള ഒരു പെണ്‍കുഞ്ഞിനെ ഒരാള്‍ ദുരുപയോഗം ചെയ്യുന്നത് കാണാനിടയായ സംഭവമാണ് നെല്ലി ലിയോണിന്റെ ജീവിതം മാറ്റിമറിച്ചത്. അതുവരെ വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്ന ലിയോണ്‍ സന്യാസ ജീവിതത്തിലേക്ക് തിരിയാന്‍ ആ കാഴ്ച നിമിത്തമായി.
1980-കളില്‍ ഗുഡ് ഷെപ്പേര്‍ഡ് സന്യാസിനി സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ ലിയോണ്‍ ദരിദ്രരരായ പെണ്‍കുട്ടികള്‍ക്കായുള്ള ഭവനങ്ങളില്‍ താമസിച്ചുകൊണ്ട് അവരെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചു. 2005-ല്‍ സാന്റിയാഗോയിലെ സ്ത്രീകള്‍ക്കായുള്ള ജയിലിലെ തടവുകാരുടെ ദുരവസ്ഥയും ദയനീയമായ സാഹചര്യങ്ങളും മനസിലാക്കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനമേഖല  മാറ്റുകയായിരുന്നു. ‘സ്ത്രീയെ എഴുന്നേല്‍ക്കുക’ എന്ന പേരില്‍ ജയില്‍ മോചിതരാകുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു.  വീണ്ടും കുറ്റകൃത്യത്തിലേക്ക് വീണുപോകാമായിരുന്നു നിരവധി സ്ത്രീകള്‍ക്ക് സിസ്റ്ററിന്റെ ഇടപെടലുകള്‍ വഴി പുതുജീവിതം ലഭിച്ചു.
2018-ല്‍ സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ സാന്റിയാഗോയിലെ തടവറ സന്ദര്‍ശിച്ചതോടെയാണ് സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയുടെ പ്രവര്‍ത്തനങ്ങള്‍ പുറംലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. സിസ്റ്റര്‍ ഓഫ് ഗുഡ് ഷെപ്പേര്‍ഡ് (നല്ല ഇടയന്റെ സഹോദരി) എന്ന് സ്വയം വിശേഷിപ്പിക്കുന്ന സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം നേടുന്ന ആദ്യ ലാറ്റിനമേരിക്കക്കാരിയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?