Follow Us On

03

May

2024

Friday

നിക്കരാഗ്വയില്‍ മതസ്വാതന്ത്ര്യ ലംഘനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്

നിക്കരാഗ്വയില്‍  മതസ്വാതന്ത്ര്യ ലംഘനം  രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്

മനാഗ്വ/നിക്കരാഗ്വ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്കരാഗ്വയില്‍ മത/വിശ്വാസ സ്വാതന്ത്ര്യ ലംഘനങ്ങളില്‍ വലിയ വര്‍ധനയുണ്ടായതായി വ്യക്തമാക്കുന്ന ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സിഎസ്ഡബ്ല്യു) റിപ്പോര്‍ട്ട് പുറത്ത്. ‘ഹോസ്റ്റൈല്‍ ടേക്കോവര്‍: മത/വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് മുറുകുന്നു” എന്ന ശീര്‍ഷകത്തില്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ 2022 നവംബര്‍ മുതല്‍ 2024 ജനുവരി വരെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന 310 വ്യത്യസ്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 നവംബര്‍ മുതല്‍ 2022 നവംബര്‍ വരെ 156 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രദക്ഷിണം, പൊതു ആരാധന, മറ്റ് മതപരമായ റാലികള്‍ തുടങ്ങിയ മതപരിപാടികളുടെ മുന്നറിയിപ്പില്ലാതെയുള്ള റദ്ദാക്കലുകള്‍, മതനേതാക്കള്‍ നേരിടുന്ന ഭീഷണി, പീഡനം, നിക്കരാഗ്വയിലേക്കുള്ള പ്രവേശനത്തിനോ പുനഃപ്രവേശനത്തിനോ ഉള്ള അനുമതി നിഷേധിക്കല്‍, മതസ്ഥാപനങ്ങളുടെ നിര്‍ബന്ധിത അടച്ചുപൂട്ടല്‍, പ്രാദേശിക നിയമങ്ങള്‍ക്ക് വിരുദ്ധമായി മതസ്ഥാപനങ്ങളുടെ കീഴിലുള്ള വസ്തുവകകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രോപ്പര്‍ട്ടി ടാക്‌സ് തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില മതസ്വാതന്ത്ര്യ ലംഘനങ്ങള്‍. ഈ കാലഘട്ടത്തില്‍ മുന്നറിയിപ്പില്ലാതെ തടവില്ലാക്കപ്പെട്ട മതനേതാക്കളുടെ സംഖ്യ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമാണ്.

ഇത്തരത്തിലുള്ള പല അറസ്റ്റുകളും മതപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവരെ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നടത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നവരെ നാടുകടത്തുകയും പൗരത്വം റദ്ദാക്കുകയും ചെയ്യുന്ന നടപടികളിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2023 ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ 222 രാഷ്ട്രീയ തടവുകാരെയും 2023 ഒക്‌ടോബര്‍ മാസത്തില്‍ 12 കത്തോലിക്ക വൈദികരെയും 2024 ജനുവരി മാസത്തില്‍ 19 കത്തോലിക്ക വൈദികരെയും ഇത്തരത്തില്‍ നാടുകടത്തുകയുണ്ടായി. ഈ പ്രതിസന്ധികളുടെ നടുവിലും ഈ കേസുകള്‍ രേഖപ്പെടുത്തുന്നതിനും ജനാധിപത്യം സംരക്ഷിക്കുന്നതിനുമായി രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന അനേകരുണ്ടെന്നും സിഎസ്ഡബ്ല്യുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?