Follow Us On

20

April

2025

Sunday

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധ്യാനചിന്തകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധ്യാനചിന്തകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പണ്ട് നയിച്ച ധ്യാനങ്ങളുും ഇപ്പോള്‍ മാര്‍പാപ്പ എന്ന നിലയില്‍ നല്‍കിയ പ്രബോധനങ്ങളും ചേര്‍ത്തുള്ള ഇഗ്നേഷ്യന്‍ ധ്യാനചിന്തകളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു. ‘ ഫസ്റ്റ് ബിലോംഗ് റ്റു ഗോഡ്: എ റിട്രീറ്റ് വിത്ത് പോപ്പ് ഫ്രാന്‍സിസ്’ എന്ന പേരിലുള്ള പുസ്തകം, മാര്‍പാപ്പയെക്കുറിച്ച് നേരത്തെ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള, ഓസ്റ്റന്‍ ഇവേറിയാണ് രചിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ മെസഞ്ചര്‍ പബ്ലിക്കേഷന്‍സും യുഎസില്‍ ലയോള പ്രസും പ്രസാധകരായുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്.

 

നാം ദൈവത്തിന്റെയാണെന്നുള്ള ബോധ്യത്തിന്റെ നിരാകരണമാണ് ലോകത്തിലെ പ്രധാന പ്രതിസന്ധികളുടെയെല്ലാം അടിസ്ഥാന കാരണമെന്ന് പാപ്പ അവതാരികയില്‍ പറയുന്നു. ഈ പ്രലോഭനത്തെ നേരിടാന്‍ സഭ നമ്മെ സഹായിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും കുമ്പസാരിത്തിലൂടെയും ദിവ്യബലിയര്‍പ്പണത്തിലൂടെയുമെല്ലാം ദൈവകൃപയുടെ ചാലുകള്‍ സഭ നമ്മിലേക്ക് തുറക്കുന്നു. അത്തരത്തിലൊരു ചാലാണ് ഇഗ്നേഷ്യന്‍ ആത്മീയ ധ്യാനചിന്തകള്‍. സ്‌നേഹവും ശുശ്രൂഷയുമാണ് ഈ ധ്യാനചിന്തകളുടെ പ്രധാന പ്രമേയങ്ങള്‍. ഈ ധ്യാനചിന്തകളിലൂടെ നമ്മുടെ ബന്ധനങ്ങളെ തകര്‍ത്തുകൊണ്ട് ഈശോയുടെ സുഹൃത്തുക്കളും ശിഷ്യന്‍മാരുമായി അവിടുന്ന് നമ്മെ മാറ്റുന്നു.

ബെത്സയ്ദാ കുളക്കരയിലെ തളര്‍വാതരോഗിയോട് ഈശോ പറഞ്ഞതുപോലെ എഴുന്നേല്‍ക്കാനും നടക്കാനുമുള്ള സമയമാണിത്. ദൈവത്തിന്റെ സൗഖ്യശക്തിയുടെ മുമ്പില്‍ അവന്‍ തന്നെത്തന്നെ തുറന്നു കൊടുത്തപ്പോള്‍ അവന്റെ ആന്തരികവും ബാഹ്യവുമായ തളര്‍വാതം മാറി. നമ്മുടെ കാലത്തിന്റെ വിലാപങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മുഖം തിരിക്കാതെ അവയിലേക്ക് പ്രവേശിച്ചുകൊണ്ട് ദൈവകൃപയുടെ ചാലുകള്‍ തുറക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?