Follow Us On

09

January

2025

Thursday

ഹരിത ശീലങ്ങള്‍ പ്രാര്‍ത്ഥനയാക്കി വ്യത്യസ്തമായ നോമ്പാചരണവുമായി ഒരു ഇടവക

ഹരിത ശീലങ്ങള്‍ പ്രാര്‍ത്ഥനയാക്കി വ്യത്യസ്തമായ നോമ്പാചരണവുമായി ഒരു ഇടവക
പാലക്കാട് : ഹരിത ശീലങ്ങള്‍ പ്രാര്‍ത്ഥനയാക്കി വ്യത്യസ്തമായ നോമ്പാചരിക്കുകയാണ് പാലക്കാട് രൂപതയിലെ പൊന്‍കണ്ടം സെന്റ് ജോസഫ് ഇടവക. നോമ്പുകാലത്ത് മത്സ്യ-മാംസാദികള്‍ വേണ്ടെന്നുവയ്ക്കുന്നതിനോടൊപ്പം ചില ഹരിത ചട്ടങ്ങളും നോമ്പുകാലത്ത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇടവകയിലെ അംഗങ്ങള്‍ ശ്രമിക്കുന്നു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി സഭയ്ക്കും സമൂഹത്തിനും മാതൃകയാവുകയാണ് ഈ ഇടവക.
ഭാരതസഭയില്‍ ആദ്യമായി ഹരിത ചട്ടങ്ങള്‍ നോമ്പാചരണത്തില്‍ ചേര്‍ക്കുന്ന ഇടവകയാണ് പൊന്‍കണ്ടം. വലിയ നോമ്പ് ഇടവകയില്‍ ആരംഭിച്ചത് വിവിധതരം സസ്യങ്ങള്‍ക്ക് ജലം നല്‍കിയായിരുന്നു. പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പുതിയ തലമുറയെ ഓര്‍മിപ്പിക്കുകയായിരുന്നു അതുവഴി.
നോമ്പ് നന്മകളെ നട്ടുനനയ്ക്കുന്നതിനുള്ള ആദ്യ ഒരു അവസരവും, പ്രകൃതിയെ പ്രണയിക്കുവാനുള്ള നാളുകളും ആണെന്ന് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. എബി ജോസഫ് ഒറ്റക്കണ്ടത്തില്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം പ്രാര്‍ത്ഥനയാണെന്നും പ്രകൃതിയെ നശിപ്പിക്കുന്നത് പാപമാണെന്നും തന്റെ പ്രബോധനങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ടാണ് പൊന്‍കണ്ടം ഇടവക ഈ വര്‍ഷത്തെ നോമ്പ് ആരംഭിച്ചത്.
അതിലൊന്നാമത്തേത് ഊര്‍ജ്ജത്തിന്റെ ഉപഭോഗം പരിമിതിപ്പെടുത്തലാണ്. അത്യാവശ്യത്തിന് മാത്രം ലൈറ്റുകള്‍,എ സി, ഫാനുകള്‍ എന്നിവ ഉപയോഗിക്കും. ജലത്തിന്റെ ഉപയോഗവും പുനരുപയോഗവും സാധിക്കുന്നത്ര കാര്യക്ഷമ മായി പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി പല പ്രാവശ്യം വാഹനങ്ങള്‍ ഉപയോഗിച്ചുള്ള യാത്രകള്‍ നോമ്പാചരണത്തിന്റെ ഭാഗമായി ഒഴിവാക്കി കഴിയുന്നത്ര ഒറ്റ യാത്രയില്‍ ഒതുക്കും. ഭക്ഷണസാധനങ്ങള്‍ ആവശ്യത്തിനുമാത്രം പാകപ്പെടുത്തുന്നതും സീറോ വേസ്റ്റും നോമ്പിന്റെ ഭാഗമാണ്.   ഉപയോഗിക്കുക, പുനരുപയോഗിക്കുക എന്ന ആശയം നോമ്പുകാലത്തിന്റെ ശീലമാക്കുന്നതിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുവാനും തുണിസഞ്ചികള്‍ പോലുള്ള വസ്തുക്കള്‍ ഗണ്യമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതും നോമ്പിന്റെ ഹരിതചട്ടങ്ങളില്‍ പെടും.
മനുഷ്യനെ മുറിവേല്‍പ്പിക്കാതിരിക്കുവാന്‍ സാധിക്കുന്നതു പോലെതന്നെ പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞയാണ് നോമ്പിന്റെ ആരംഭത്തില്‍ ഓരോ വിശ്വാസിയും എടുക്കേണ്ടതെന്ന് നോമ്പിന്റെ സന്ദേശത്തില്‍ ഇടവക വികാരി ഫാ. സജി വട്ടുകളത്തില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?