Follow Us On

03

May

2024

Friday

അംബികാപൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും സിസ്റ്റര്‍ മേഴ്‌സിയുടെ അറസ്റ്റും: യാഥാര്‍ഥ്യമെന്ത്? വിശദീകരണവുമായി വോയിസ് ഓഫ് നണ്‍സ്

അംബികാപൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും സിസ്റ്റര്‍ മേഴ്‌സിയുടെ  അറസ്റ്റും: യാഥാര്‍ഥ്യമെന്ത്? വിശദീകരണവുമായി വോയിസ് ഓഫ് നണ്‍സ്
അംബികാപൂര്‍ (ഛത്തീസ്ഘട്ട്): അംബികാപൂരിലെ കാര്‍മ്മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വഭവനത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചിരിക്കുന്നത് നീതിനിഷേധമാണ്.
ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സര്‍ഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാര്‍മല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ മേഴ്സി ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. രണ്ടാം തവണയാണ്, ഈ ഫെബ്രുവരി പതിനഞ്ചിന് സിസ്റ്റര്‍ മേഴ്സിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
സംഭവം
ഫെബ്രുവരി ആറാം തിയതിയാണ് സംഭവങ്ങളുടെ ആരംഭം. അന്നേ ദിവസം രാത്രി 9. 30 ഓടെ കാര്‍മല്‍ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. അത് സ്വന്തം കൈപ്പടയില്‍ അവള്‍ തന്നെ എഴുതിയതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
‘ഇന്ന് എന്റെയും രണ്ടു കൂട്ടുകാരികളുടെയും ഐഡി കാര്‍ഡ് എന്റെ സ്‌കൂളിലെ സിസ്റ്റര്‍ മേഴ്‌സി പിടിച്ചുവാങ്ങി. അവള്‍ ഭയങ്കര അപകടകാരിയാണെന്ന് എന്റെ കൂട്ടുകാരികള്‍ എന്നോട് പറഞ്ഞു. അവള്‍ ഐഡി കാര്‍ഡ് ഹെഡ്മിസ്ട്രസിന്റെ കയ്യില്‍ കൊടുക്കുകയും, മാതാപിതാക്കളെ വിളിപ്പിക്കുകയും ചെയ്യും. ഞാന്‍ വല്ലാതെ പേടിച്ചുപോയി, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്റെ മരണത്തിന് കാരണം സിസ്റ്റര്‍ മേഴ്‌സി ആണ്. ഒപ്പം, ആരുഷ് (ഏഴാം ക്ളാസിലെ ഒരു ആണ്‍കുട്ടി) എന്നെ തിരിച്ച് സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയുക എന്ന ഉദ്ദേശ്യവുമുണ്ട്. എന്റെ മരണം അവനൊരു പ്രശ്‌നമല്ലെങ്കില്‍, അവന്‍ സന്തോഷമായിരിക്കട്ടെ. എനിക്ക് സിസ്റ്റര്‍ മേഴ്സിയോട് പകരം വീട്ടണം, അവള്‍ക്ക് ജീവിച്ചിരിക്കാനുള്ള അര്‍ഹതയില്ല. Okey, thats it, Bye ….’ (ഒപ്പ്, തീയതി)
നിര്‍ത്തിയതിന് ശേഷം വീണ്ടും എഴുതുന്നു:
‘എന്റെ കൂട്ടുകാരികള്‍ക്ക് ശിക്ഷ കിട്ടാതിരിക്കാന്‍ ദയവായി അവരെ സംരക്ഷിക്കുക.’
‘മമ്മയെയും പപ്പയെയും ആരുഷിനെയും കൂട്ടുകാരെയും കസിന്‍സിനെയും ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ സന്തോഷവതിയായിരിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി. ദയവായി എന്റെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്. എന്റെ സംസ്‌കാരത്തിന് എല്ലാ കൂട്ടുകാരെയും ആരുഷിനെയും വിളിക്കണം.’
‘എന്റെ അമ്മയ്ക്ക് എന്റെ എന്റെ മരണത്തില്‍ പങ്കില്ല’ (പിതാവിനും മുത്തച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കുന്ന കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ ‘അമ്മയ്ക്ക് പങ്കില്ല’ എന്ന് പ്രത്യേകമായി എഴുതിയിരിക്കുന്നത് വിചിത്രമാണ്).
സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയശേഷം മകള്‍ തനിക്ക് സുഖമില്ല എന്ന് പറയുകയും, താന്‍ നല്‍കിയ മരുന്ന് കഴിച്ച് അവള്‍ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു എന്നാണ് അവളുടെ അമ്മ പറഞ്ഞതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി വൈകിയും കിടപ്പുമുറിയില്‍നിന്ന് പുറത്തിറ ങ്ങാതിരുന്നപ്പോള്‍ പോയി വിളിക്കുകയും, വാതില്‍ തുറക്കാതിരുന്നതിനാല്‍ സമീപത്തുള്ള പൂജാമുറിയുടെ സമീപമുള്ള ജനലിലൂടെ നോക്കിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുകയുമായിരുന്നു എന്ന് അവര്‍ പറയുന്നു. തുടര്‍ന്ന് വാതില്‍ വീട്ടുകാര്‍ ചവിട്ടിത്തുറക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ മരണവിവരം ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. അപ്പോള്‍ തന്നെ ക്ലാസ് ടീച്ചര്‍ ഹെഡ്മിസ്ട്രസിനെയും വിവരം അറിയിച്ചു. ഉടന്‍ തന്നെ ഹെഡ്മിസ്ട്രസ് കുട്ടിയുടെ പിതാവിനെ വിളിച്ചുസംസാരിച്ചു. പിതാവ് അപ്പോള്‍ വീട്ടില്‍ എത്തിയിരുന്നില്ല. കുട്ടിയുടെ വീടിന് സമീപമുള്ള ഒരു സ്‌കൂള്‍ അധ്യാപികയെ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് പറഞ്ഞയക്കുകയും തൂങ്ങി നില്‍ക്കുന്ന നിലയില്‍ കുട്ടിയെ കാണുകയും ചെയ്തിരുന്നു.
മരണം നടന്നത് ഫെബ്രുവരി ആറാം തിയതി രാത്രി ഒമ്പതരയോടെ ആയിരുന്നെങ്കിലും, എഫ്ഐആര്‍ പ്രകാരം പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതായി പറയുന്നത് ഏഴാം തിയതി ഉച്ചയ്ക്ക് ശേഷം 2. 10 നാണ്. പോലീസ് സ്ഥലത്തെത്തിയത് ഏഴാംതിയതി ഉച്ചയ്ക്ക് ശേഷമാണ് എന്ന് വ്യക്തം. ഇക്കാര്യത്തില്‍ വലിയ ദുരൂഹതയുണ്ട്. ഏഴാംതിയതി രാവിലെ മുതല്‍ തന്നെ കുട്ടിയുടെ ആത്മഹത്യാ കുറിപ്പും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായിരുന്നു. അതേത്തുടര്‍ന്ന് സ്‌കൂളിനെതിരെയുള്ള പ്രചാരണങ്ങള്‍ ശക്തിപ്രാപിക്കുകയും ചില തീവ്ര വര്‍ഗീയ സംഘടനാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. കുറ്റാരോപിതയായ സിസ്റ്റര്‍ മേഴ്‌സിയെ ജീവനോടെ തീ കൊളുത്തി കൊല്ലുമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ഭീഷണി.
പോലീസ് കേസെടുത്തതോടൊപ്പം തന്നെ സിസ്റ്റര്‍ മേഴ്സി അറസ്റ്റിലുമായി. ഹിന്ദുത്വ സംഘടനകളുടെയും ഭീഷണിയെ തുടര്‍ന്ന് ഒരാഴ്ച സ്‌കൂള്‍ അടച്ചിട്ടു. ഐപിസി 305 (കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക) പ്രകാരമാണ് സിസ്റ്റര്‍ മേഴ്സിക്ക് എതിരെ കേസ് എടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തത്. കുട്ടിയുടെ ആത്മഹത്യ കുറിപ്പിലെ ബാലിശമായ ആരോപണമല്ലാതെ മറ്റൊരു തെളിവും സിസ്റ്ററിനെതിരെ ഇല്ലാതിരുന്നിട്ടും കോടതി രണ്ടാം തവണയും ജാമ്യം നിഷേധിക്കുകയാണ് ഉണ്ടായത്. മരണപ്പെട്ട കുട്ടിക്ക് നേരിട്ട് പരിചയം പോലുമില്ലാത്ത, അവളുടെ അധ്യാപിക യായിരുന്നി ല്ലാത്ത വ്യക്തിയാണ് കുറ്റം ആരോപിക്കപ്പെട്ട സിസ്റ്റര്‍ മേഴ്സി. അവര്‍ ചെയ്ത ‘തെറ്റ്’ ഒരു പ്രത്യേക സാഹചര്യത്തില്‍ മൂന്ന് കുട്ടികളുടെ ഐഡി കാര്‍ഡ് വാങ്ങിവച്ചു എന്നുള്ളതായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു.
ആത്മഹത്യക്ക് മുമ്പ് സ്‌കൂളില്‍ സംഭവിച്ചത്
ഫെബ്രുവരി ആറാം തിയതി അവസാനത്തെ പിരീഡില്‍ ക്ളാസില്‍ കയറാതെ ആറാംക്ലാസിലെ മൂന്ന് പെണ്‍കുട്ടികള്‍ തങ്ങളുടേതല്ലാത്ത ഫ്‌ളോറിലെ ടോയ്‌ലെറ്റിനുള്ളില്‍ (മൂന്ന്, നാല് ക്ളാസുകളിലെ കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്ലെറ്റ്) കുറെ സമയമായി കയറി വാതില്‍ അടച്ചിരിക്കുന്നതായി കണ്ട ചില കുട്ടികള്‍ സിസ്റ്റര്‍ മേഴ്സിയെ വിവരമറിയിച്ചു. അരമണിക്കൂറോളം സമയം ഒരേ ടോയ്ലെറ്റില്‍ ആയിരുന്നശേഷം പുറത്തിറങ്ങിയ അവരോട് സിസ്റ്റര്‍ മേഴ്സി സ്വാഭാവികമായും കാര്യം ആരായുകയും, കുട്ടികളെ തിരിച്ചറിയുന്നതിനായി ഐഡി കാര്‍ഡു കള്‍ വാങ്ങുകയും ചെയ്തു. ശേഷം തിരികെ ക്ളാസിലേയ്ക്ക് പറഞ്ഞുവിട്ടു.
സ്‌കൂളില്‍ ആയിരിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ ചുമതലാബോധമുണ്ടായിരിക്കേണ്ട അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന സ്വാഭാവിക നടപടി മാത്രമാണ് സിസ്റ്റര്‍ മേഴ്‌സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ടോയ്ലെറ്റിന്റെ കോറിഡോറിലെ (അവിടെ മാത്രം സിസിടിവി സ്ഥാപിച്ചിട്ടില്ല) ദൃശ്യങ്ങള്‍ ഒഴികെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യങ്ങളും തെളിവുകളായി സിസിടിവിയിലുണ്ട്. സിസ്റ്റര്‍ മേഴ്സി ഇടപെടുന്നതിന് മുമ്പ് തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് കുട്ടികള്‍ പലപ്പോഴായി നിരീക്ഷിക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്. മാത്രവുമല്ല, തിരികെ ക്ളാസില്‍ എത്തിയ കുട്ടികള്‍ വളരെ സ്വാഭാവികമായി പരസ്പരം സംസാരിച്ചുകൊണ്ടും ഇടപഴകിക്കൊണ്ടും അവിടെ സമയം ചെലവഴിക്കുന്നതും സിസിടിവിയില്‍ കാണാം.
പിന്നീടുണ്ടായത്
മരണപ്പെട്ട കുട്ടിയുടെ ഗ്രാന്റ് പേരന്റ് ആയ അഭിഭാഷകന്റെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ വ്യക്തമാണ്. കുറ്റാരോപിതയാ സന്യാസിനിക്കുവേണ്ടി കേസ് വാദിക്കാന്‍ അഭിഭാഷകരാരും തയാറായിരുന്നില്ല. കേസ് നിഷ്പക്ഷമായി അന്വേഷിച്ചു തുടങ്ങിയ പോലീസ് ഓഫീസര്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റപ്പെട്ടു. വാദം പൂര്‍ത്തിയായിട്ടും വിധി പറയാനുള്ള കാലതാമസം കോടതിയില്‍ ഉണ്ടായി. ഇത്തരത്തില്‍, കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റാനും, അന്വേഷണം വൈകിപ്പിക്കാനും, കൈകടത്തലുകള്‍ നടത്താനുമുള്ള നീക്കങ്ങള്‍ എല്ലായ്‌പ്പോഴും പ്രകടമായിരുന്നു. ഒപ്പമുണ്ടായ രാഷ്ട്രീയ ഇടപെടലുകളും വ്യാജപ്രചാരണങ്ങളും ഒരു പ്രക്ഷോഭത്തിലേക്ക് നയിച്ചു. ഒരു വര്‍ഗ്ഗീയ കലാപ സമാനമായ സാഹചര്യമായിരുന്നു അവിടെ ഉടലെടുത്തത്.
സിസ്റ്റര്‍ മേഴ്സി യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന കാര്യത്തില്‍ പോലീസിനും കോടതിക്കും, കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയ ആര്‍ക്കും സംശയമില്ല. എന്നാല്‍, ഇത്തരമൊരു സംഭവത്തിന്റെ പേരില്‍ വലിയ രാഷ്ട്രീയ – വര്‍ഗ്ഗീയ മുതലെടുപ്പുകളാണ് അവിടെ നടന്നത്. കത്തോലിക്കാ സന്യാസിനിമാരുടെ നേതൃത്വത്തില്‍ മാതൃകാപരമായി നടന്നുവരുന്ന ആ സ്‌കൂളിനെതിരെ വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടന്നു. സംഭവത്തെക്കുറിച്ചു പുകമറ സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും അവരുടെ വികാരത്തെ മുതലെടുത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. കാര്യങ്ങള്‍ വ്യക്തമാണെങ്കിലും ഒരാഴ്ചയ്ക്ക് ശേഷവും നിരപരാധിയായ ഒരു അധ്യാപികയെ ജയിലിട്ടിരിക്കുന്നു. സിസ്റ്റര്‍ മേഴ്സിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം പോലീസിനുമേല്‍ ഉള്ളതായാണ് സംശയിക്കുന്നത്. ജാമ്യം അനുവദിക്കാന്‍ പാടില്ല എന്ന പോലീസിന്റെ ശക്തമായ വാദം കോടതി ഉത്തരവില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇന്ന് കാര്‍മല്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും കടുത്ത പരിഭ്രാന്തിയിലാണ്. തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമുണ്ടായിട്ടില്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാക്കാന്‍ കഴിയുമെന്നിരിക്കെ, വ്യാജപ്രചാരണങ്ങള്‍ നടത്തി കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത് എന്നതാണ് കാരണം. ഇനിയും ഒരിക്കല്‍ക്കൂടി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ പരിണിതഫലം പ്രവചനാ തീതമായിരിക്കും എന്ന് അവര്‍ ഭയക്കുന്നു. സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ ശിക്ഷണ കാര്യത്തില്‍ അധ്യാപകര്‍ സവിശേഷമായ ശ്രദ്ധ പുലര്‍ത്തണമെന്ന് വിവിധ വിധികളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് എന്നിരിക്കെ, ഇത്തരമൊരു സാഹചര്യത്തില്‍ കാര്യം അന്വേഷിക്കുകയും ഐഡി കാര്‍ഡുകള്‍ വാങ്ങുകയും ചെയ്തു എന്നത് മാത്രം ഇപ്രകാരം ഒരു അധ്യാപിക കുറ്റക്കാരിയാകാനും ജനരോഷത്തിന് ഇരയാകാനും കാരണമായെങ്കില്‍ അവരുടെ ആശങ്ക അടിസ്ഥാനരഹിതമല്ല.
ഇപ്രകാരം ക്രൈസ്തവ സ്ഥാപനങ്ങളും സമര്‍പ്പിതരും  വര്‍ഗീയ വാദികള്‍ നേതൃത്വം നല്‍കുന്ന ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാകുന്നു എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള നീക്കങ്ങള്‍ക്കെ  തിരെ ഭരണ സംവിധാനങ്ങളും നിയമ വ്യവസ്ഥിതിയും ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
(കെസിബിസി ജാഗ്രതാ കമ്മീഷന്റെയും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെയും (കെസിഎംഎസ്) മേല്‍നോട്ടത്തിലുള്ള സന്യസ്ത കൂട്ടായ്മയാണ് വോയ്‌സ് ഓഫ് നണ്‍സ്).
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?