Follow Us On

24

July

2024

Wednesday

കാടിറങ്ങുന്ന മൃഗങ്ങളും കുടിയിറങ്ങുന്ന കര്‍ഷകരും

കാടിറങ്ങുന്ന മൃഗങ്ങളും  കുടിയിറങ്ങുന്ന കര്‍ഷകരും

പ്ലാത്തോട്ടം മാത്യു

കര്‍ഷകരുടെ സ്വപ്നങ്ങള്‍ ചവിട്ടിമെതിച്ചാണ് വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്. ഒരായുഷ്‌ക്കാലം വിയര്‍പ്പൊഴുക്കി നട്ടു നനച്ച് വളര്‍ത്തുന്ന വിളകള്‍ക്കൊപ്പം മലയോര കര്‍ഷകരുടെ ജീവിതവും ചവിട്ടിമെതിച്ചാണ് വന്യമൃഗങ്ങള്‍ മടങ്ങുന്നത്. ഒരിടത്ത് കയറിയാല്‍ എല്ലാം തകര്‍ത്തേ അവ മടങ്ങൂ. കൃഷി നശിപ്പിക്കുന്നതിന് പുറമേ, മലമുകളില്‍നിന്ന് വെള്ളം കൊണ്ടുവരുന്ന ഹോസ്‌പൈപ്പുവരെ ആനക്കൂട്ടം ചവിട്ടി നശിപ്പിക്കുന്നു. റബര്‍ ടാപ്പിങ്ങിന് തോട്ടത്തിലേക്ക് പോകാന്‍ കര്‍ഷകര്‍ക്ക് ഭയമാണ്. രാജവെമ്പാലയും കാട്ടുപന്നിയും എപ്പോഴാണ് ആക്രമിക്കുകയെന്ന് അറിയില്ല. രാജവെമ്പാല ഇപ്പോള്‍ വീട്ടിനുള്ളിലേക്കുവരെ കയറിത്തുടങ്ങി. റോഡരുകില്‍ പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലും ചെടികള്‍ക്കിടയിലും മറ്റും ഇവ കിടക്കുന്നത് കുട്ടികളുടെ സ്‌കൂള്‍യാത്രക്കുപോലും ഭീഷണിയാണ്. പുലര്‍ച്ചെ പാലുമായി ക്ഷീരസംഘത്തിലേക്ക് പോകാന്‍ കര്‍ഷകരും ഭയപ്പെടുന്നു.

നിയമവും അധികാരികളും മൃഗങ്ങള്‍ക്ക് രക്ഷയൊരുക്കുമ്പോള്‍ കര്‍ഷകര്‍ നിസഹായരാണ്. നിലനില്‍പ്പിനായി മൃഗങ്ങളോടുള്ള പോരാട്ടത്തിലാണ് മനുഷ്യര്‍. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലെത്തി കര്‍ഷകന്റെ ജീവനെടുക്കുമ്പോള്‍ ചെറുക്കാന്‍പോലും കഴിയാത്ത ദുരവസ്ഥ സംജാതമായിക്കഴിഞ്ഞിരിക്കുന്നു. മൃഗസംരക്ഷണത്തിന്റെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ ജയിലിലടക്കാന്‍ നിയമവ്യവസ്ഥ സഹായമൊരുക്കുകയും ചെയ്യുന്നു.

ടൂറിസവും പ്രതിസന്ധിയില്‍

വന്യമൃഗശല്യം സഹിക്കാനാകാതെ കര്‍ഷകര്‍ ഭൂമി വിറ്റും വില്‍ക്കാതെയും കുടിയിറങ്ങുകയാണ്. ഓരോ പ്രദേശത്തുനിന്നും നൂറുകണക്കിന് കുടുംബങ്ങളാണ് താമസം മാറുന്നത്. കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകരാന്‍ ഇതു കാരണമാകുന്നു. ഇതു മറ്റു മേഖലകളെയും ബാധിക്കുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ പലയിടത്തും പൂട്ടി. വരുമാനമാര്‍ഗങ്ങളും തൊഴില്‍ മേഖലയും അടഞ്ഞുപോയതിനാല്‍ അനേകര്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്. ഏറ്റവും ഒടുവില്‍ വിനോദ സഞ്ചാരമേഖലയും വന്യമൃഗ ഭീഷണിയിലാണ്. കാട്ടാന, കാട്ടുപന്നി, രാജവെമ്പാല തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ പോയാല്‍ ടൂറിസവും തകര്‍ന്നടിയും. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ പുതിയ തൊഴില്‍മേഖല യായിരുന്നു ടൂറിസം. വന്യമൃഗശല്യംതന്നെ ഇവിടെയും ഭീഷണിയായി.

കാട്ടാന ചവിട്ടിമെതിക്കുന്ന സ്വപ്നങ്ങള്‍

കാട്ടാനകള്‍ കൂട്ടമായി വനത്തില്‍നിന്ന് കൃഷിയിടങ്ങളിലെത്തുന്നു. ആന കാര്‍ഷിക വിളകള്‍ ചവിട്ടിയരച്ചേ തിരിച്ചുപോകൂ. വനാതിര്‍ത്തിയിലെ ചെറുകാടുകളില്‍ ആനക്കൂട്ടം ദിവസങ്ങളോളം തങ്ങി ഭീഷണിയുയര്‍ത്തുകയാണ്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കാടിറങ്ങുന്ന മൃഗങ്ങളെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമം പലപ്പോഴും പരാജയപ്പെടുന്നു. കാട്ടാനയുടെ മുമ്പില്‍പെട്ടാല്‍ ജീവന്‍ ബാക്കിയുണ്ടാകില്ല. തെങ്ങും കമുകുമുള്‍പ്പെടെ വിളകള്‍ നശിപ്പിക്കുന്നത് നോക്കിനില്‍ക്കാനേ കൃഷിക്കാര്‍ക്ക് കഴിയുന്നുള്ളൂ. കണ്ണില്‍ കാണുന്നതു മുഴുവന്‍ നശിപ്പിച്ചേ കാട്ടിലേക്ക് മടങ്ങൂ. അതിനിടെ മനുഷ്യജീവന്‍പോലും അപകടത്തിലാകും.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇരിട്ടി, ഉളിക്കല്‍ ടൗണിനടുത്ത് കര്‍ഷകനുണ്ടായ ദാരുണാന്ത്യം ഞെട്ടിക്കുന്നതാണ്. വൈകുന്നേരം മൂന്നോടെ ടൗണിലേക്കുപോയ അദ്ദേഹം രാത്രി വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. പിറ്റേന്ന് ആനയുടെ ചവിട്ടും കുത്തുമേറ്റ് മരിച്ച കര്‍ഷകന്റെ ജഡമാണ് കണ്ടുകിട്ടിയത്.
കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങളില്‍ കടന്നുവന്നാല്‍ കര്‍ഷകര്‍ക്ക് കണ്ണീര്‍മാത്രമാണ് കിട്ടുക. കാട്ടുപന്നി മനുഷ്യജീവന് എന്നും ഭീഷണിയാണ്. ഇപ്പോള്‍ ചെന്നായ, മുള്ളന്‍പന്നി, മരപ്പട്ടി, കുരങ്ങ് തുടങ്ങിയവയുടെ ഉപദ്രവങ്ങള്‍ വലിയ ഭീഷണിയാണ്. രാജവെമ്പാലഭീഷണിയെപ്പറ്റി പറയാന്‍തന്നെ പല കര്‍ഷകര്‍ക്കും ഭയമാണ്. രാജവെമ്പാല പണ്ട് പറഞ്ഞുകേട്ടിട്ടുള്ളതായിരുന്നെങ്കില്‍ ഇപ്പോള്‍ ഇവ വീടിനുള്ളില്‍വരെ എത്തിയിരിക്കുന്നു.

ഉടമസ്ഥാവകാശം കര്‍ഷകന്;
മാര്‍ ജോസഫ് പാംപ്ലാനി

കര്‍ഷകന്റെ ഭൂമിയില്‍ വളരുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ഉടമസ്ഥാവകാശം കര്‍ഷകന്റേതാണെന്ന് തലശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകന്റെ കൃഷിക്കൊപ്പം ഈ അവകാശവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.

ഭീഷണിയായി
മാറുന്ന മയില്‍

കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ ഭീതി പരത്തിയിരുന്ന കുരങ്ങും ഇടക്കാലത്തിനുശേഷം ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു. നാട്ടില്‍ പലയിടങ്ങളില്‍പോലും കുരങ്ങിന്റെ ഉപദ്രവം കൂടുതലാണ്. വീട്ടിനുള്ളില്‍ കയറി ആളുകളെ ഉപദ്രവിക്കുക, പാകംചെയ്തു വച്ചിരിക്കുന്ന ഭക്ഷണം നശിപ്പിക്കുക തുടങ്ങിയ ശല്യത്തിനു പുറമെ തെങ്ങില്‍ കയറി ഇളനീര്‍ പറിച്ച് കാര്‍ന്നു തിന്നുക, കരിക്കിന്‍വെള്ളം കുടിക്കുക, മൂപ്പെത്തിയ തേങ്ങ അടര്‍ത്തി താഴേക്കിടുക തുടങ്ങിയ ശല്യമാണ് സഹിക്കാനാവാത്തത്. പൂക്കുലയും ചിലയിടത്ത് നശിപ്പിക്കുന്നുണ്ട്. തെങ്ങിന്‍തോട്ടങ്ങളില്‍ പത്തും അഞ്ഞൂറും തേങ്ങയുടെ തൊണ്ട് കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഇവയെ ഓടിക്കാന്‍ കഴിയാതെ കര്‍ഷകര്‍ നിസഹായരാകുകയാണ്.

കാടിറങ്ങുന്ന മയിലും വലിയ ഭീഷണിയാണ്. വനാതിര്‍ത്തിയില്‍നിന്ന് കൃഷിയിടങ്ങളില്‍ കടന്ന് പലയിനം കാര്‍ഷിക വിളകള്‍ ഇവ നശിപ്പിക്കുന്നുണ്ട്. വനാതിര്‍ത്തിയില്‍ മൃഗശല്യത്തില്‍ പൊറുതിമുട്ടി സ്ഥലം കാടു തെളിക്കാതെയും ഇടുന്നത് മൃഗശല്യം വര്‍ധിക്കാനിടയാകുന്നുണ്ട്.

 

കാട്ടാനകള്‍ കേരളത്തില്‍ പെരുകുന്നു

അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ കാട്ടാനകളുടെ എണ്ണം ക്രമാതീതമായി പെരുകുകയാണ്. കേരളത്തില്‍ ആനകളുടെ വര്‍ധനവ് 63 ശതമാനവും കര്‍ണ്ണാടകത്തില്‍ 3.5 ശതമാനവും തമിഴ്‌നാട്ടില്‍ 19.7 ശതമാനവുമാണ്. ആന സംസ്ഥാനമായി അറിയപ്പെടുന്ന ആസാമില്‍ 3 .5 ശതമാനം മാത്രം. കേന്ദ്ര വനം – പരിസ്ഥിതി വകുപ്പിന്റെ കണക്കുപ്രകാരം 1993-ല്‍ കേരളത്തിലെ കാട്ടാനകളുടെ സംഖ്യ 3500 ആയിരുന്നു. 2017-ല്‍ ഇത് 5706 ആയി വര്‍ധിച്ചു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും സര്‍ക്കാരുകള്‍ ആനയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ അനുവദിക്കുന്നില്ല. കേരളത്തിലാകട്ടെ കാട്ടാനകള്‍ക്ക് പരവതാനി വിരിക്കുന്നു. വര്‍ധിച്ചുവരുന്ന ആനകള്‍ക്ക് ജീവിക്കാനുള്ള വന വിസ്തീര്‍ണം കേരളത്തിലില്ല. ഇതു കാരണം ആനക്കുട്ടങ്ങള്‍ ജനവാസ കേന്രങ്ങളിലേക്ക് ഇറങ്ങുന്നു. അതിപ്പോള്‍ നഗരമധ്യത്തിലേക്ക് കൂടി കയറിത്തുടങ്ങിയിരിക്കുന്നു. കാട്ടാനകള്‍ ഉള്‍പ്പെടെ വന്യ മൃഗങ്ങളുടെ എണ്ണം പെരുകാതെ നോക്കണം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

 

നഷ്ടപരിഹാരം
വര്‍ധിപ്പിക്കണം

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് രക്ഷാമാര്‍ഗം നിര്‍ദേശിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും കര്‍ഷകപ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ നിയോഗിക്കണം. കര്‍ഷകര്‍ക്ക് നാശനഷ്ടങ്ങളുണ്ടാകുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം ലഭിക്കണം. വന്യമൃഗങ്ങളുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം അഞ്ചുലക്ഷത്തില്‍നിന്നും പത്തുലക്ഷമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ തുക കുറഞ്ഞത് 20 ലക്ഷമായി വര്‍ധിപ്പിക്കണം. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുക തുടങ്ങിയ ആശ്വാസനടപടികള്‍ സ്വീകരിക്കാന്‍ നടപടി വേണം. കാട്ടുപന്നിയെ അക്രമകാരിയായ മൃഗമായി പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുമതി കര്‍ഷകര്‍ക്ക് നല്‍കണം. അവയുടെ മാംസം കഴിക്കാനും അനുവദിക്കണം. വനത്തില്‍ കേരള-കര്‍ണാടക സര്‍ക്കാര്‍ കൂട്ടായ്മയില്‍ തടയിണകള്‍ നിര്‍മിച്ച് മൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. പ്ലാവ്, മാവ് തുടങ്ങിയവ വനവൃക്ഷങ്ങളായി വളര്‍ത്തി മൃഗങ്ങള്‍ക്ക് ഭക്ഷണസൗകര്യം ലഭ്യമാക്കണം.

ഇപ്പോഴത്തെ രീതിയില്‍ മുമ്പോട്ടു പോയാല്‍ അടുത്ത തലമുറയുടെ കാലമാകുമ്പോഴേക്കും കേരളത്തില്‍ കൃഷി നിലയ്ക്കും. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലേക്ക് ഇറങ്ങാതിരിക്കാന്‍ വനംവകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണം. മനുഷ്യ-വന്യമൃഗസംഘര്‍ഷം കുറയ്ക്കുന്ന പദ്ധതിക്ക് 2022-23 വര്‍ഷത്തില്‍ 29.8 കോടി രൂപ സംസ്ഥാനത്ത് ചെലവഴിച്ചുവെങ്കിലും വലിയ ഫലം കിട്ടിയിട്ടില്ല. വന്യമൃഗശല്യവും അക്രമണവും വര്‍ധിക്കുകയായിരുന്നു. 158.4 കിലോമീറ്റര്‍ ദൂരത്തില്‍ കാട്ടാന പ്രതിരോധ ട്രെഞ്ചുകളുടെ അറ്റകുറ്റപ്പണിയും 42.6 കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജവേലിയും 237 മീറ്റര്‍ കോമ്പൗണ്ട് ഭിത്തിയും നിര്‍മിച്ചെങ്കിലും വന്യജീവികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?