Follow Us On

25

November

2024

Monday

വന്യജീവി ആക്രമണം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്തണമെന്ന് കെസിബിസി

വന്യജീവി ആക്രമണം: കേന്ദ്ര-സംസ്ഥാന  സര്‍ക്കാരുകള്‍പ്രായോഗികവും സത്വരവുമായ  ഇടപെടലുകള്‍ നടത്തണമെന്ന് കെസിബിസി

കൊച്ചി: വന്യമൃഗങ്ങള്‍ ജനവാസമേഖലകളില്‍ നിരന്തരം ഇറങ്ങുകയും മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേതെന്ന് കെസിബിയുടെ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം മൂന്നുപേരുടെ ജീവന്‍ വയനാട്ടില്‍ നഷ്ടപ്പെട്ടിരിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനത്തോട് ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലകളില്‍ ഉള്ളവര്‍ മാത്രമല്ല, കിലോമീറ്ററുകള്‍ ദൂരെ ഇതുവരെയും വന്യമൃഗ ശല്യം ഇല്ലാതിരുന്ന ഭാഗങ്ങളില്‍ ജീവിക്കുന്നവരും കടുത്ത ഭീതിയിലാണ്. കേവലം ഒരു വര്‍ഷത്തിനിടയിലാണ് അത്തരം പല പ്രദേശങ്ങളിലും കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്നുള്ളത് ശ്രദ്ധേയമാണെന്ന് കെസിബിസിയുടെ കുറിപ്പില്‍ പറയുന്നു.

 

ഈ ഘട്ടത്തില്‍ ജനങ്ങളുടെ ആശങ്കകളെയും പ്രാണഭയത്തെയും അടിച്ചമര്‍ത്തി എളുപ്പവഴിയില്‍ പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍നിന്ന് വനം വന്യജീവി വകുപ്പും ഉദ്യോഗസ്ഥരും പിന്മാറണം. ജനവാസ മേഖലകളില്‍ വിഹരിക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഉടനടി പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യജീവന് ഉയര്‍ന്ന പരിഗണന നല്‍കി അവയെ വെടിവച്ചുകൊല്ലാനുള്ള നയരൂപീകരണം ഉടനടി നടത്തണം. വനത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന വിധത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കാനുള്ള നടപടികള്‍ താമസംവിനാ നടപ്പാക്കണം.

വന്യജീവി ആക്രമണങ്ങള്‍ മൂലം ജീവനും സ്വത്തിനും നാശം സംഭവിക്കുകയും പരിക്കുകള്‍ ഏല്‍ക്കുകയും വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതില്‍ വീഴ്ച വരുത്തരുത്. വന്യജീവി ആക്രമണങ്ങളില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയില്‍ കഴിയുന്ന എല്ലാ കുടുംബങ്ങളോടും മെത്രാന്‍സമിതി കേരളസഭയുടെ അനുശോചനം അറിയിക്കുകയും അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂര്‍ണ്ണ ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?