ജീവിതത്തിനും മരണത്തിനുമിടയില്‍ നീ ആരെ ആശ്രയിക്കുന്നു എന്നതാണ് നിന്റെ മുമ്പിലുള്ള വെല്ലുവിളി. അമ്മയെ ആശ്രയിച്ചാല്‍ അവള്‍ മരണത്തില്‍നിന്നു ജീവനിലേക്ക് നിന്നെ കൈപിടിക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ ബാല്യകാലത്താണ്. മരണത്തിന്റെ താഴ്‌വരയില്‍നിന്ന് നിന്നെ ജീവന്റെ പറുദീസയിലേക്ക് നയിക്കാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിവില്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. വീട്ടിലെ വില്ലന്‍ ദാരിദ്ര്യമായിരുന്നു. ഈ വില്ലന്‍ തന്നെയായിരുന്നു എന്റെ സന്തതസഹചാരിയും. എന്റെ മാത്രമല്ല, എന്റെ വീടിന്റെ തന്നെ ശാപമായിരുന്നു ദാരിദ്ര്യമെന്ന് പറയാം.
മൂന്നുനേരം ഭക്ഷണം കഴിച്ച ഓര്‍മപോലും എന്റെ ബാല്യത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മിഴികള്‍ ഈറനണിയും. ഒരു തകര്‍ന്ന കുടുംബത്തിന്റെ മുഴുവന്‍ ബാധ്യതകളും ഏറ്റെടുത്ത് നട്ടംതിരിയുന്ന അപ്പനും സങ്കടം മുഖത്ത് കാണിക്കാതിരിക്കാന്‍ പുഞ്ചിരി അഭിനയിക്കുന്ന അമ്മയും ജന്മനാ ശ്വാസംമുട്ട് ബാധിച്ച അനിയത്തിയും ചേര്‍ന്നതായിരുന്നു എന്റെ വീട്. എന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകര്‍ വിരുന്നുകാര്‍ ആയിരുന്നില്ല. പിന്നെയോ പലിശക്കാരും കടംകൊടുക്കാനുള്ളവരുമായിരുന്നു.
അപ്പന്‍ നല്‍കിയ വിഷക്കുപ്പി
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങിയ എന്നെ തടഞ്ഞുകൊണ്ടു അമ്മ പറഞ്ഞു, മോന്‍ ഇന്ന് സ്‌കൂളില്‍ പോകണ്ട. കാരണം തിരക്കിയപ്പോള്‍ ഉച്ചയ്ക്ക് തന്നുവിടാന്‍ ഭക്ഷണമില്ല. അതുകൊണ്ട് നീ ഇന്ന് വീട്ടിലിരുന്ന് പഠിച്ചാല്‍ മതി. രാവിലെയും ഉച്ചയ്ക്കും ഭക്ഷണമില്ലാതെ വൈകിട്ടാവുമ്പോഴേക്കും ഞാനും അമ്മയും വയ്യാത്ത എന്റെ അനിയത്തിയും വല്ലാതെ തളര്‍ന്നു. അമ്മ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, രാത്രി അപ്പന്‍ വരുമ്പോള്‍ അരി കൊണ്ടുവരും. വേഗം കഞ്ഞിയുണ്ടാക്കി തരാം. ഈ പ്രത്യാശക്ക് ഫുള്‍സ്റ്റോപ്പ് ഇട്ടുകൊണ്ടാണ് അപ്പന്‍ കയറിവന്നത്. രാത്രി വെറും കൈയോടെ. മക്കള്‍ക്ക് കൊടുക്കാന്‍ ഒന്നും വാങ്ങിയില്ലേ എന്ന നിസഹായത മുറ്റിയ ചോദ്യത്തിന് അപ്പന് മൗനമായിരുന്നു മറുപടി.
കുറേ നേരത്തെ നിശബ്ദതയ്ക്കുശേഷം അമ്മയുടെ കൈയില്‍ ഒരു കുപ്പി വിഷം കൊടുത്തിട്ട് അപ്പന്‍ പറഞ്ഞു, ഞാന്‍ പോയി കുളിച്ചിട്ട് വരാം. നീ ഇത് വെള്ളത്തില്‍ കലക്കിവയ്ക്കണം. ഇതോടെ ഈ നശിച്ച ജന്മം തീരട്ടെ. അപ്പന്റെ നടത്തത്തിനപ്പോള്‍ മരണത്തിന്റെ കാലൊച്ചയായിരുന്നു. മരണത്തെ ക്ഷണിച്ചുവരുത്തുന്ന ഭവനം. ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ഒരു ക്രിസ്ത്യന്‍ കുടുംബം. ചുറ്റും എന്ത് സംഭവിക്കുന്നു എന്നറിയാതെ അമ്മ വിഷക്കുപ്പി എടുത്ത് ഈശോയുടെ തിരുഹൃദയത്തിനുമുമ്പില്‍ വച്ചു. തൊട്ടടുത്തുതന്നെ നിത്യസഹായ മാതാവിന്റെ രൂപവും ഉണ്ടായിരുന്നു.
മാതാവ് സംസാരിച്ച രാത്രി
അമ്മ ഞങ്ങളോട് ജപമാല ചൊല്ലാന്‍ ആവശ്യപ്പെട്ടു. കഴുത്തില്‍ കയര്‍ വീഴുന്നതിനുമുമ്പുള്ള അവസാനത്തെ ജപമാല പ്രാര്‍ത്ഥനയാണെന്ന് കരുതി ഞാന്‍ അമ്മയോട് ചേര്‍ന്ന് ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി’ എന്ന ജപം ചൊല്ലി. പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും എന്ന് ചൊല്ലുമ്പോള്‍ മരിക്കാന്‍ ഭയമാണ് മാതാവേ എന്ന് അമ്മ കരഞ്ഞു പറയുന്നത് ഞാന്‍ കേട്ടു. മുളയിലേ നുള്ളിപ്പോകുന്ന ജീവിതം. തുണയായി ആരുമില്ലാത്ത ജീവിതസാഹചര്യം. 20 ലക്ഷം രൂപയുടെ കടബാധ്യത. മരണമല്ലാതെ മറ്റു മാര്‍ഗങ്ങള്‍ മുന്നിലുണ്ടായിരുന്നില്ല. മാതാവേ, ഞങ്ങളെ സഹായിക്കണേ. നീ മാത്രമേ ഞങ്ങളെ സഹായിക്കാനുള്ളൂ എന്ന് ഉച്ചത്തില്‍ നിലവിളിച്ച് കരഞ്ഞുതീര്‍ന്നപ്പോഴേക്കും കുളി കഴിഞ്ഞ് അപ്പന്‍ വന്നു. വിഷക്കുപ്പിയുടെ മുമ്പില്‍ ഇരിക്കുന്ന മാതാവിന്റെ ചിത്രത്തെ നോക്കി അപ്പനും സങ്കടപ്പെട്ടു കരഞ്ഞു.
ഈ മക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ടാണമ്മേ ഇങ്ങനെയെല്ലാം… ക്ഷമിക്കുക, ഈ പാപികളോട്. ഇത്രയും പറഞ്ഞ് അപ്പന്‍ കരയുമ്പോള്‍ അമ്മ ജപമാലയും പിടിച്ച് അപ്പനോട് ഇങ്ങനെ പറഞ്ഞു: കര്‍ത്താവിന്റെ അമ്മ നമ്മുടെ കൂടെയുണ്ട്. വചനത്തിലൂടെ നമുക്ക് ഒരുപക്ഷേ ആശ്വാസം ലഭിക്കും. ജീവിതത്തിന്റെ നിര്‍ണായക നിമിഷത്തില്‍ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് വചനമെടുത്താല്‍ അമ്മ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞത് ആ രാത്രിയിലായിരുന്നു. പരിശുദ്ധ അമ്മ എന്റെ വീട്ടില്‍വന്ന രാത്രിയായിരുന്നു അത്. വചനംകൊണ്ട് ഞങ്ങളെ വീണ്ടെടുത്ത രാത്രി. അപ്പന്‍ വചനമെടുത്ത് തുറന്നപ്പോള്‍ ഇങ്ങനെയാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രക്ഷിക്കാനാവാത്തവിധം അവന്റെ കരം കുറുകിപ്പോയിട്ടില്ല. ഈ വചനം വായിച്ച് തീര്‍ന്നതും മഴ പെയ്തുതോര്‍ന്ന പ്രതീതിയായിരുന്നു അവിടെ.
പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം അന്ന് ദുരന്തം സംഭവിച്ചില്ല. അപ്പനോട് പരിശുദ്ധ അമ്മ സംസാരിച്ചു. മക്കള്‍ക്ക് വിഷം കൊടുക്കാന്‍ അല്ല നീ അവര്‍ക്ക് ജന്മമേകിയത്. അവര്‍ക്ക് നീ വചനം കൊടുക്കുക. വചനത്തിന്റെ അമ്മയായ ഞാന്‍ നിന്നെ സഹായിക്കും. വിഷക്കുപ്പി വലിച്ചെറിഞ്ഞ് അപ്പന്‍ പറഞ്ഞു, പരിശുദ്ധ അമ്മവഴി ഈശോ നമ്മുടെ കുടുംബത്തെ രക്ഷിക്കും. നിത്യസഹായമാതാവ് എന്നെ സഹായിക്കുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ആ ഉറപ്പ് വര്‍ഷമൊന്ന് കഴിയുമ്പോഴേക്കും ഞങ്ങള്‍ തിരിച്ചറിഞ്ഞു. 20 ലക്ഷത്തിന്റെ കടബാധ്യത മാറിക്കിട്ടി എന്നുമാത്രമല്ല, ഐശ്വര്യത്തിന്റെ നദി ഒഴുക്കി അവള്‍ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചു. സമാധാനവും സന്തോഷവും സമൃദ്ധിയും നല്‍കി. ഏശയ്യാ പ്രവാചകനിലൂടെ അവളിന്നും നമ്മോടു പറയുന്നത് ഇപ്രകാരമാണ്, ഞാന്‍ അനേകരിലേക്ക് ഐശ്വര്യത്തിന്റെ നദിയൊഴുക്കും (ഏശയ്യാ 66:12-13).
ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍
Leave a Comment
Your email address will not be published. Required fields are marked with *