കഴിഞ്ഞമാസം ആലുവയിലേക്കുള്ള ബസ് യാത്ര. കുറെനാള്‍ കൂടിയാണ് ബസില്‍ യാത്ര ചെയ്യുന്നത്. കോട്ടയത്തുനിന്നും തൊട്ടടുത്ത് മറ്റൊരാളും കൂടെയുണ്ടായിരുന്നു. ഏറ്റുമാനൂര്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. സംസാരിക്കാന്‍ ആരെയോ കിട്ടാന്‍ കൊതിച്ചു നില്‍ക്കുന്ന ആളെ പോലെ തോന്നി. ഞാനൊന്നും പറയാതെ തന്നെ അയാള്‍ എല്ലാം എന്നോട് പറഞ്ഞു, പറഞ്ഞുകൊണ്ടേയിരുന്നു… ഏകദേശം 45-ന് അടുത്തു പ്രായം. ഒറ്റനോട്ടത്തില്‍ തന്നെ ക്ഷീണിതനാണ്. അതിനെക്കുറിച്ച് ഞാന്‍ ചോദിച്ചില്ല. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം അല്‍പം വിഷമം തന്നു. ‘ഉറങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായി. എത്ര ശ്രമിച്ചിട്ടും രാത്രിയില്‍ ഉറക്കമില്ല. ഉറങ്ങാന്‍ പറ്റുന്നില്ല. ഓരോ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത്..’ അയാളത് പറഞ്ഞവസാനിപ്പിച്ചില്ല. ആ കണ്ണുകളില്‍ ചെറിയ കടല്‍. കുറച്ചുകഴിഞ്ഞ് എല്ലാം ചോദിച്ചറിയാം എന്ന് ഞാനും കരുതി. പിന്നീട് കുറേനേരം അയാള്‍ ഒന്നും മിണ്ടിയില്ല. മൂവാറ്റുപുഴ എത്തിയപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. എന്തോ വല്ലാത്തൊരു ശൂന്യത നിലനിര്‍ത്തിക്കൊണ്ട് ആരോ ഇറങ്ങിപ്പോയതുപോലെ.
ഒരു മനുഷ്യന്‍ എന്തുമാത്രം ഭാരവുമായാണ് നടക്കുന്നത്. ഒന്നാലോചിച്ചാല്‍ ഉറക്കം നഷ്ടപ്പെട്ട എത്രയോ പേരാണ് നമുക്കുചുറ്റും. ഓര്‍ത്തു നോക്കിയിട്ടുണ്ടോ..? ജീവിതത്തിന്റെ ഭാരങ്ങള്‍ അത്രമേല്‍ ഉലച്ചുകളയുന്ന എത്ര ജന്മങ്ങള്‍ ഉണ്ട്. ഉറക്കത്തിന്റെ രാത്രികള്‍ നഷ്ടപ്പെട്ട ജീവിതങ്ങള്‍. വിഷാദത്തിന്റെ ആഴങ്ങളിലേക്ക് വഴുതി വീണവര്‍. കേള്‍ക്കാന്‍ സമയം കിട്ടുകയാണെങ്കില്‍ അവരെ കേട്ടു തുടങ്ങണമെന്ന് തോന്നി. അത്ര ഭാരപ്പെട്ടാണ് അവര്‍ മനസ് തുറക്കുന്നത്.
ആകുലതകള്‍ ഇല്ലാതെ ജീവിക്കുന്നവര്‍ക്കാണ് സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുന്നത്. കടത്തിണ്ണകളിലും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഉറങ്ങുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ. എത്ര സ്വസ്ഥമായിട്ടാണ് അവര്‍ ഉറങ്ങുന്നത്. ആകുലതകള്‍ ഇല്ലാതെ ഭാരങ്ങള്‍ ഇല്ലാതെ അവര്‍ ഉറങ്ങുന്നു. നമുക്കൊക്കെ ഒരു കുഞ്ഞനക്കം പോലും അസ്വസ്ഥത ഉണ്ടാക്കുന്നു. അമരത്ത് തലവച്ച് ഒരാള്‍ ഉറങ്ങുന്നുണ്ട്. കാറ്റിലും കോളിലും ഉലഞ്ഞു നില്‍ക്കുന്ന വഞ്ചിയുടെ അമരത്ത്. ശൂന്യമാണ്, സ്വസ്ഥമാണ് അവന്റെ ഉള്ളം, ക്രിസ്തുവിന്റെ. അവന്റെ ഉറക്കത്തിലും അവന്‍ കാത്തുസൂക്ഷിക്കുന്ന ജാഗ്രത ഉണ്ട്. ഭയപ്പെട്ട് അവന്റെ ചങ്ങാതിമാര്‍ അവനെ വിളിക്കുകയാണ്. അവര്‍ക്കുവേണ്ടി അവന്‍ കണ്ണുതുറക്കുന്നു. വിഷാദങ്ങള്‍ക്കും ആകുലതകള്‍ക്കും ഇടയില്‍ പെട്ട് ഉരുകി നില്‍ക്കുന്നവര്‍ക്ക് അവനെ വിളിക്കാന്‍ പറ്റുന്നുണ്ടോ..? നിങ്ങളുടെ ജീവിതത്തിന്റെ അമരത്ത് അവന്‍ ഉറങ്ങുന്നുണ്ടോ..? ആകുലതകളില്‍ പെട്ട് കലുഷിതമായിരിക്കുന്ന ഈ ജീവിതത്തില്‍ അവന്‍ അടുത്തു തന്നെയുണ്ട്. ഒന്നു വിളിച്ചാല്‍ കണ്ണുതുറക്കാവുന്ന വിധത്തില്‍ അടുത്ത്. ഒരു വിളിപ്പുറത്ത്.
പ്രാണന്‍ വായുവിലലിയുമ്പോള്‍ (When Breath Becomes Air) എന്നൊരു പുസ്തകമുണ്ട്. എന്താണ് ഇങ്ങനെയൊരു ശീര്‍ഷകമെന്ന് വായിക്കുമ്പോള്‍ തോന്നുന്നെങ്കില്‍, വായന മുന്നോട്ടു പോവുമ്പോള്‍ അതിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്നു നമുക്ക് മനസിലാവും. പ്രശസ്ത ന്യൂറോ സര്‍ജനായിരിക്കവെ തന്നെ അതിമാരകമായ ശ്വാസകോശാര്‍ബുദം പിടിപെട്ട് തളരാതെ മരണത്തോടും രോഗത്തോടും മല്ലിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് അല്ലെങ്കില്‍ ആത്മാവാണ് ഈ പുസ്തകം. പോള്‍ കലാനിധി അങ്ങനത്തെ ഒരു മനുഷ്യനാണ്. ഒരു കുഞ്ഞു രോഗം വന്നാല്‍ തളര്‍ന്നുപോകുന്ന മനുഷ്യര്‍ക്കിടയില്‍ ഇത്രയും വലിയ ഒരു രോഗം ബാധിച്ചിട്ടും സധൈര്യം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം കാണിക്കുന്ന മനസ്. ജീവിതം ചിലപ്പോള്‍ അങ്ങനേയുമാണല്ലോ, അവിശ്വസനീയമായ കാര്യങ്ങളാണ് നമ്മെ വിശ്വസിപ്പിക്കുക. പോള്‍ കലാനിധി എന്ന ന്യൂറോ സര്‍ജന്റെ ഓര്‍മ എന്നതിലുപരി തകര്‍ന്ന മനുഷ്യര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന ഒന്നു കൂടിയാണ് ഈ പുസ്തകം.
ലോകം അറിയപ്പെടുന്ന പ്രഗല്ഭനായ ന്യൂറോ സര്‍ജന്‍ എന്ന നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായിട്ടാണ് അദ്ദേഹത്തെ ശ്വാസകോശാര്‍ബുദം കാര്‍ന്നുതിന്നാന്‍ തുടങ്ങുന്നത്. ഒരുപാട് രോഗികളെ മരണത്തില്‍നിന്നു തിരികെ കൊണ്ടുവന്ന ഡോക്ടര്‍ തൊട്ടുപിന്നാലെ ഒരു രോഗിയായി മാറ്റപ്പെടുകയാണ്. ഭീതികരവും ഒപ്പം വിഷമവും നിറഞ്ഞിട്ടുള്ളതാണ് ഇതിലെ വിവരണം. ഡോക്ടര്‍ തന്റെ രോഗത്തെയും അതിനുശേഷം അനുഭവിക്കുന്ന കഷ്ടപ്പാടുകളെയും കുറിച്ചാണ് ഇവിടെ പറയുന്നത്. എന്തിനും തന്റെ കൂടെ താങ്ങും തണലുമായി നില്‍ക്കുന്ന പ്രിയ പത്‌നി ലൂസിയും ആദ്യം ചില അലോസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് തന്നെ പരിചരിക്കാനും മറ്റുമായി വന്ന കുടുംബത്തെയും നമുക്ക് ഇവിടെ കാണാം.
ഒരു സമയത്ത് രോഗത്തോട് ശക്തമായി പോരാടി വീണ്ടും പഴയതുപോലെ സര്‍ജന്‍ എന്ന നിലയിലേക്ക് തിരിച്ചുവരാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞെങ്കിലും അത് ശാശ്വതമായിരുന്നില്ലെന്നു നമുക്ക് മനസിലാവും. മുന്നോട്ടുള്ള ചുവടുവെയ്പില്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെറുതെങ്കിലും സന്തോഷം പകരാന്‍ അതിനു കഴിയുകയും ചെയ്യുന്നുണ്ട്. ഉപസംഹാരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ലൂസി പറയുന്ന കാര്യങ്ങള്‍ വേദനാജനകമാണ്. മകള്‍ ജനിച്ചതിനു ശേഷം വെറും എട്ടു മാസം മാത്രമാണ് അദ്ദേഹത്തിന് ആയുസ് ഉണ്ടായിരുന്നത്. മകള്‍ ജനിച്ച അതേ ആശുപത്രിയില്‍ തന്നെ എട്ടു മാസങ്ങള്‍ക്ക് ശേഷം തന്റെ ഭര്‍ത്താവും മരണപ്പെടുന്ന അവസ്ഥയൊക്കെ വളരെ പരിതാപകരമായ ഒന്നാണ്. ജീവിതം ആരും പ്രതീക്ഷിക്കുന്ന രീതിയില്‍ ഉള്ള ഒന്നല്ലല്ലോ…
ജീവിതം നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലല്ല. ഈ അപ്രതീക്ഷിത സങ്കടങ്ങള്‍ക്ക് നടുവില്‍ ഒറ്റയ്ക്ക് നില്‍ക്കാതെ മറ്റാരെങ്കിലും കൂട്ടിന് ഉണ്ടായിരുന്നെങ്കില്‍ എന്നും നമ്മള്‍ ആലോചിച്ച് പോകും. ഓര്‍ത്തെടുക്കുമ്പോള്‍ അങ്ങനെ ഒരാള്‍ ഉണ്ടാകില്ല. പക്ഷേ നമ്മുടെ ഒരു വിളിപ്പുറത്ത് ഒരാളുണ്ട്.
കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവം. ആ കൂട്ട് വിട്ടുപോകാതെ മുറുകെപ്പിടിക്കാന്‍ നമുക്ക് പറ്റിയാല്‍ ശാന്തമായി ഉറങ്ങാം. ആകുലതകള്‍ ഇല്ലാതെ നിദ്രയിലേക്ക് നമുക്ക് വഴുതിവീഴാം. ഭാരമില്ലാതെ ഈ ഉലകത്തില്‍ ജീവിക്കാം. എന്തിനാണ് ഭയപ്പെടുന്നത്..? എന്തിനാണ് ഭാരപ്പെടുന്നത്..? എന്റെ കൂടെ ക്രിസ്തുവില്ലേ ഒരു വിളിപ്പുറത്ത്.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS
Leave a Comment
Your email address will not be published. Required fields are marked with *