കുഞ്ഞുനാളുകളില്‍ തന്നെ ആരും ഉള്‍ക്കൊള്ളുന്നില്ല എന്ന് ബ്രയാന് തോന്നി. ക്രൂരനായ പിതാവും ദൈവാലയത്തില്‍ പോകാന്‍ നിര്‍ബന്ധിക്കുന്ന മാതാവുമായിരുന്നു അവന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. സ്‌കൂളിലും പള്ളിയിലും അദ്ദേഹം വൈകാരികമായി ആക്രമിക്കപ്പെട്ടു.
ഏകാന്തത രുചിച്ച അദ്ദേഹത്തെ ഒരു സംഘം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂടെക്കൂട്ടി. തന്റെ കുടുംബത്തിന്റെ വിശ്വാസത്തിന് കടകവിരുദ്ധമായുള്ള സാത്താനിസത്തില്‍ വിശ്വസിക്കുന്നവരാണ് തന്റെ പുതിയ കൂട്ടുകാരെന്ന് അധികം താമസിയാതെ ബ്രയാന്‍ മനസ്സിലാക്കി. ആശയത്തില്‍ ആകൃഷ്ടനായില്ലെങ്കിലും കൂട്ടുകാര്‍ ചെയ്യുന്നതു പോലെ അവന്‍ ചെയ്യാന്‍ തുടങ്ങി. മൃഗങ്ങളെ ബലി കഴിക്കാന്‍ കൂട്ടുകാര്‍ അവനെ നിര്‍ബന്ധിച്ചു. എന്നാല്‍ മൃഗങ്ങളെ ഇഷ്ടമായിരുന്ന ബ്രയാന്‍ അതിന് വഴങ്ങിയില്ല. എന്നാല്‍ സാത്താനെ പ്രീതിപ്പെടുത്താന്‍ രക്തം അനിവാര്യമാണെന്നും മൃഗബലിക്ക് താല്‍പര്യമില്ലെങ്കില്‍ സ്വന്തം രക്തം ചിന്തണമെന്നും കൂട്ടുകാര്‍ ഉപദേശിച്ചു. അങ്ങനെ തുടങ്ങിയ സ്വയം പീഡനം 33 വര്‍ഷം നീണ്ടു.
പതുക്കെ സാത്താന്‍ സേവ മറ്റുള്ളവരില്‍ വിതയ്ക്കുന്ന ഭയം അദ്ദേഹത്തിന് ലഹരിയായി മാറി. സെമിത്തേരികളിലുള്ള കുരിശുകളും മറ്റു ക്രൈസ്തവ പ്രതീകങ്ങളും ബ്രയാന്‍ നശിപ്പിച്ചു. 18ാം വയസ്സില്‍ അറസ്റ്റിലായ ബ്രയാന് കോടതി വിധിച്ചത് 10 വര്‍ഷത്തെ തടവാണ്. ജയിലില്‍ വച്ച് സാത്താന്‍ സേവയെപ്പറ്റിയുള്ള കൂടുതല്‍ പുസ്തകങ്ങള്‍ വരുത്തി അവന്‍ വായിച്ചു. ദൈവത്തെ എപ്പോഴും ചവിട്ടിമെതിക്കുന്നതിന്റെ പ്രതീകമായി ഇടതു കാല്‍പ്പാദത്തിന്റെ കീഴില്‍ കുരിശടയാളം അവന്‍ റ്റാറ്റൂ ചെയ്തു. പിന്നീട് സാത്താനിസത്തിന്റെ വിവിധ ശാഖകളിലേക്ക് അവന്‍ തിരിഞ്ഞു. സാത്താനില്‍ വിശ്വസിച്ചിരുന്നെങ്കിലും ദൈവത്തില്‍ ബ്രയാന്‍ വിശ്വസിച്ചിരുന്നില്ല. ബൈബിള്‍ ഒരു മിത്താണെന്ന് അവന്‍ കരുതി. ക്രൈസ്തവ വിരുദ്ധതയായിരുന്നു അവന്റെ മതം.
2009ല്‍ 44ാം വയസ്സില്‍ ബ്രയാന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. തന്റെ ജീവിതത്തില്‍ മാറ്റം അനിവാര്യമാണെന്ന് അവന് തോന്നിത്തുടങ്ങിയത് ആ സമയത്താണ്. ആത്മഹത്യാശ്രമത്തിന് ശേഷം പതുക്കെപ്പതുക്കെ ബ്രയാന്‍ ലഹരിയില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. ഒരു ദിവസം മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു പുസ്തകം തറയില്‍ കിടക്കുന്നത് അവന്‍ കണ്ടു. ലീ സ്‌ട്രോബെല്‍ എഴുതിയ ദി കേസ് ഫോര്‍ ക്രൈസ്റ്റ്’എന്ന പുസ്തകമായിരുന്നു അത്. പുസ്തകം വായിച്ചപ്പോള്‍ യേശു ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന വസ്തുത അംഗീകരിക്കാതിരിക്കാന്‍ ബ്രയാന് സാധിക്കാതെ വന്നു. അതോടെ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിഞ്ഞു.
ഇന്ന് ഒരു ക്രിസ്ത്യന്‍ പാസ്റ്ററാണ് ബ്രയാന്‍ കോള്‍. യേശുക്രിസ്തുവിലൂടെ താന്‍ സ്വതന്ത്രനായ അനുഭവം പങ്കുവയ്ക്കുമ്പോള്‍ അദ്ദേഹം വികാരാധീനനാവുന്നു. 33 വര്‍ഷം സാത്താന്‍ സേവകനായി ജീവിച്ചിട്ടും അദ്ദേഹം യേശുവില്‍ സ്വാതന്ത്ര്യം കണ്ടെത്തി. ഇന്ന് സുവിശേഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലാണ് ആനന്ദം. പ്ലേയിങ്ങ് വിത്ത് ഫയര്‍ പോഡ്കാസ്റ്റിലൂടെയാണ് ക്രൈസ്തവവിരുദ്ധ മനോഭാവത്തില്‍നിന്ന് എങ്ങനെയാണ് താന്‍ രക്ഷപ്പെട്ടതെന്ന് ബ്രയാന്‍ വിവരിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *