Follow Us On

13

September

2024

Friday

മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?

മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?

കോഴിക്കോട്: വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വിലപ്പെട്ട ജീവനുകള്‍ കവരുന്നത് നിത്യസംഭവമായി മാറുമ്പോള്‍ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. എന്നിട്ടും ഭരണനേതൃത്വം നിസംഗതയിലാണ്. എന്നുമാത്രമല്ല, ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത രീതിയില്‍ നിയമങ്ങളിലൂടെ അവര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിലും അധികാരികള്‍ ബദ്ധശ്രദ്ധരാണ്. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ 909 മനുഷ്യജീവനുകള്‍ പൊലിഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. അതിന്റെ എത്രയോ ഇരട്ടി ആളുകള്‍ക്ക് പരിക്കേല്ക്കുകയും വരുമാന മാര്‍ഗങ്ങളും ജീവനോപാധികളും നഷ്ടപ്പെടുകയും ചെയ്തു.

അന്വേഷണത്തിലെ ഇരട്ടത്താപ്പ്
ആനകള്‍ ജനവാസകേന്ദ്രങ്ങളിലൂടെ ദിനംപ്രതി ഇറങ്ങി നാശനഷ്ടങ്ങള്‍ വരുത്തുമ്പോള്‍, അരിക്കൊമ്പനെന്നും ചക്കക്കൊമ്പനെന്നും പടയപ്പയെന്നും ഓമനപ്പേരുകള്‍ നല്‍കി ആഘോഷമാക്കി മാറ്റി അക്രമങ്ങള്‍ക്ക് ഇരകളാകുന്നവരുടെയും മൃഗങ്ങളെ ഭയന്ന് ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെയും നൊമ്പരങ്ങള്‍ ചര്‍ച്ചയാകാതെ ബോധപൂര്‍വം വഴിതിരിച്ചുവിടുകയാണ്. ഈ ആനകള്‍ ഓരോ പ്രാവശ്യവും ഇറങ്ങുമ്പോഴും കൃഷിയിടങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിച്ചാണ് മടങ്ങുന്നത്. വയനാട്ടിലും ഇടുക്കിയിലുമായി രണ്ട് മാസങ്ങള്‍ക്കിടയില്‍ അഞ്ച് പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് മാനന്തവാടി പടമല അജീഷ് പനച്ചിയിലിന്റെ ജീവന്‍ കവര്‍ന്നത്.

രക്ഷപ്പെടാന്‍ ഓടിക്കയറിയ വീടിന്റെ ഗെയിറ്റ് തകര്‍ത്താണ് ആന അജീഷിനെ കൊന്നത്. വീട്ടുമുറ്റത്തുപോലും മനുഷ്യര്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല. എന്നാല്‍, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ ചത്താല്‍ ഉടനടി അന്വേഷണം പ്രഖ്യാപിക്കാന്‍ വനംവകുപ്പു മന്ത്രിക്ക് അറിയാം. മനുഷ്യനെക്കാള്‍ മൃഗങ്ങള്‍ക്കാണ് മന്ത്രിയും വിലകല്പിക്കുന്നത്.

വന്യമൃഗ ആക്രമണങ്ങള്‍ പെരുകുമ്പോള്‍ കേന്ദ്രനിയമമാണ് അവയെ നേരിടാന്‍ തടസമെന്നായിരുന്നു ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അതേസമയം പാര്‍ലമെന്റില്‍ കേന്ദ്ര വനം വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാനുള്ള അനുമതി നല്‍കാന്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം ഉണ്ടെന്നാണ്. എങ്കില്‍ ഇത്രയും ഗുരുതരമായ പ്രശ്‌നങ്ങള്‍ ദിവസേന ഉണ്ടായിട്ടും ആ അധികാരം വിനിയോഗിക്കാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റാണ്.

പടക്കവും പാട്ടയും വേണ്ട
ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ പടക്കംപൊട്ടിച്ചോ, പാട്ടകൊട്ടിയോ ഓടിക്കുന്ന പതിവുപരിപാടികള്‍ക്കൊണ്ടൊന്നും വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാനാവില്ല. നാട്ടുമ്പുറങ്ങളില്‍നിന്നും പിടിക്കുന്ന വന്യമൃഗങ്ങളെ മറ്റെവിടെയെങ്കിലും കൊണ്ടുപോയി തുറന്നുവിടുന്ന രീതിയും അവസാനിപ്പിക്കണം. അവയെ മൃഗശാലയില്‍ അടയ്ക്കുകയോ കൊല്ലുകയോ വേണം. വനത്തില്‍ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിനാലാണ് അവ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.

വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതിക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവു വരുന്നതുവരെ കാത്തിരിക്കാനാവില്ല. കൃഷിഭൂമിയില്‍ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ നേരിടാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കണം. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവു നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കിയതുപോലെ ആനയെയോ കടുവയെയോ ഒക്കെ വെടിവയ്ക്കാനുള്ള ഉത്തരവു നല്‍കാനുള്ള അധികാരവും അവര്‍ക്കു നല്‍കണം. പ്രാദേശികമായി കൈകാര്യം ചെയ്താല്‍ മാത്രമേ പ്രശ്‌നപരിഹാരം എളുപ്പത്തില്‍ സാധ്യമാകുകയുള്ളൂ.

ജീവനെടുക്കുന്ന വന്യമൃഗങ്ങള്‍ മാത്രമല്ല ഇപ്പോള്‍ പ്രശ്‌നം. മലയോര മേഖലകളില്‍ കൃഷി അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തു കൃഷിചെയ്താലും പന്നിയും കുരങ്ങുമൊക്കെ അവ നശിപ്പിക്കുന്ന അവസ്ഥ. ഇതേരീതിയിലാണെങ്കിലും മലയോരങ്ങളില്‍നിന്നും ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന കാലം അതിവിദൂരമല്ല. അപ്രഖ്യാപിത കുടിയിറക്കിന് വന്യമൃഗങ്ങളെ കരുവാക്കുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?