Follow Us On

23

November

2024

Saturday

മനുഷ്യജീവനെന്തു വില?

മനുഷ്യജീവനെന്തു വില?

കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍)

ആരും സഹായിക്കുവാനില്ലാത്ത, നിരാലംബരായ സാധാരണ മനുഷ്യരുടെ രോദനങ്ങള്‍കൊണ്ട് മുഖരിതമാണ് കുറേ നാളുകളായി കേരളത്തിന്റെ അന്തരീക്ഷം. അര്‍ദ്ധരാത്രിയില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന കൈക്കുഞ്ഞുങ്ങള്‍, വേപഥുപൂണ്ട് അവരെ തേടിനടക്കുന്ന മാതാപിതാക്കള്‍, ജീവിക്കുവാന്‍ നിര്‍വാഹില്ലാതെ തെരുവില്‍ പിച്ചച്ചട്ടിയുമായി ഇറങ്ങുന്ന വിധവകള്‍, കടഭാരം താങ്ങാനാവാതെ ജീവനൊടുക്കുന്നവര്‍, അനാഥരാക്കപ്പെട്ട അവരുടെ വിധവകളും മക്കളും ഇങ്ങനെ ഏതു ശിലാഹൃദയത്തെപ്പോലും പിടിച്ചുലയ്ക്കുന്ന ആ ലിസ്റ്റ് നീളുന്നു. ഒരു സാധാരണ മനുഷ്യന് ഈ നാട്ടില്‍ ജീവിക്കുവാന്‍ അവകാശമില്ലേ എന്ന് നീതിബോധമുള്ള എല്ലാവരും ചോദിച്ചുപോകുന്നു. ‘എ.സി റൂമിലിരുന്ന് ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക് വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാരന്റെ വിഷമം മനസിലാകുകയില്ല’ എന്ന ന്യായാധിപവാക്കുകള്‍ ഇതിന് ഉത്തമോദാഹരണമാണല്ലോ. ഇതൊക്കെ മനുഷ്യന്‍ മനുഷ്യനോടുതന്നെ ചെയ്യുന്ന അനീതിയുടെയും അതിക്രമങ്ങളുടെയും നേര്‍ചിത്രങ്ങളാണ്.

ഇത്രയുംനാള്‍ മനുഷ്യനെ പേടിച്ചാല്‍ മതിയായിരുന്നു, ഇനി കാട്ടുമൃഗങ്ങളെയും ഭയപ്പെടണമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഒരു മനുഷ്യന് ഏറ്റവും സുരക്ഷിതമായി തോന്നുന്ന ഇടം അവന്റെ വീടും പരിസരവുമാണ്. പക്ഷേ അവിടെപ്പോലും അവന്റെ ജീവന്‍ സുരക്ഷിതമല്ല. ജീവനും കൈയിലെടുത്ത് ഭയന്നോടുന്ന ഒരു മനുഷ്യനെ വീടിന്റെ മതില്‍ തകര്‍ത്ത് ആക്രമിച്ച് കൊല്ലുന്ന ദാരുണമായ കാഴ്ച കണ്ടുനില്‍ക്കാന്‍ സാധിക്കില്ല. വീട്ടുമുറ്റത്തുപോലും സുരക്ഷിതത്വമില്ലെങ്കില്‍ അവന്‍ എവിടെപ്പോയി ജീവിക്കും? ഭയചകിതരായ ആളുകള്‍ വീടിന് പുറത്തിറങ്ങുവാന്‍പോലും മടിക്കുന്നു. ഇതിനൊരു ശാശ്വതപരിഹാരം വേണ്ടേ? മനുഷ്യജീവന് ഇക്കാലത്ത് ഒരു വിലയുമില്ലേ?

‘അളമുട്ടിയാല്‍ ചേരയും കടിക്കും’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് തങ്ങളുടെ അളയില്‍ കടന്ന് ആക്രമിക്കുന്ന വന്യമൃഗങ്ങളെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യവുമായി ബലമില്ലാത്തവര്‍ സംഘടിച്ച് ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നു. ആരുമില്ലാത്തവര്‍ക്ക് അത്താണിയായി സഭാപിതാക്കന്മാര്‍ കടന്നുവന്നത് തികച്ചും ശ്ലാഘനീയമായ കാര്യംതന്നെ.
എന്താണ് ഇതിന് യഥാര്‍ത്ഥമായ പരിഹാരം? ഒരു രോഗം ചികിത്സിച്ചു ഭേദമാക്കണമെങ്കില്‍ ആദ്യം ശരിയായ രോഗനിര്‍ണയം, ഡയഗ്‌നോസിസ് നടത്തണം. ഇക്കാര്യത്തിലും അത് അത്യാവശ്യമാണെന്ന് തോന്നുന്നു. ദൈവം പ്രപഞ്ചത്തിനും മനുഷ്യനും നല്‍കിയ ഒരു ക്രമമുണ്ട്. അത് തകിടംമറിച്ചതാണ് അല്ലെങ്കില്‍ കീഴ്‌മേല്‍ മറിച്ചതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. സങ്കീര്‍ണ പ്രശ്‌നങ്ങളെല്ലാം അവന്റെ സൃഷ്ടിയാണ് എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നുണ്ട്. ദൈവം ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമിയിലെ കാര്യങ്ങളെല്ലാം ക്രമാനുഗതമായിട്ടാണ് അവിടുന്ന് സൃഷ്ടിക്കുന്നത്. അന്ധകാരം നിറഞ്ഞ ഭൂമിയില്‍ ആദ്യം വെളിച്ചം, ജലം, കര, കരയില്‍ സസ്യങ്ങള്‍, വൃക്ഷങ്ങള്‍, പിന്നെ എല്ലാത്തരം ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടു. അവസാനം സൃഷ്ടിയുടെ മകുടമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ഭൂമിയില്‍ ചരിക്കുന്ന സകലതിന്റെയുംമേല്‍ അധിപനായി ദൈവം മനുഷ്യനെ നിയോഗിച്ചു. ഇവിടെ ഒരു ക്രമമുണ്ട്, ക്രമമുള്ളപ്പോള്‍ എല്ലാം മനോഹരമാണ്. ‘താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു’ (ഉല്‍പത്തി 1:31) എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
പിന്നെ എങ്ങനെയാണ് മനുഷ്യന്‍ മൃഗങ്ങളെ ഭയപ്പെടുന്ന ഈ അവസ്ഥ ഉണ്ടായത്? ഇത് മനുഷ്യന്റെതന്നെ സൃഷ്ടിയാണ്. അവന്റെ നാശത്തിന്റെ കുഴി അവന്‍തന്നെയാണ് കുഴിച്ചത്. സെക്കുലര്‍ ചിന്തകളുടെ വേലിയേറ്റത്തില്‍ ഇതൊരു പഴഞ്ചന്‍ ആശയമായി ചിത്രീകരിക്കപ്പെട്ടു. നവലിബറല്‍ ചിന്തകളുടെ വേഷമണിഞ്ഞുവന്ന പല സിദ്ധാന്തങ്ങളും മനുഷ്യന് ദൈവം നല്‍കിയ അന്തസ് (ഡിഗ്‌നിറ്റി) കവര്‍ന്നെടുത്തു. വ്യാഖ്യാനിച്ച്, വ്യാഖ്യാനിച്ച് മനുഷ്യനെക്കാള്‍ പ്രാധാന്യം പ്രകൃതിക്കും മൃഗങ്ങള്‍ക്കുമായി.

പ്രകൃതി നിശ്ചയമായും സംരക്ഷിക്കപ്പെടണം, പ്രകൃതിയുടെമേലുള്ള കടന്നുകയറ്റം അപലപനീയമാണ്, അതുപോലെതന്നെ മൃഗങ്ങളോടുള്ള ക്രൂരതയും. എന്നാല്‍ ഇവ തൊടാന്‍ പാടില്ലാത്ത ആരാധനാബിംബങ്ങളായി മാറിയാലോ? അതാണിവിടെ സംഭവിക്കുന്നത്. മനുഷ്യനെ കൊന്നാലും ഒരു കാരണവശാലും മൃഗങ്ങളെ തൊടാന്‍ പാടില്ല എന്നത് ഇത്തരം ആശയങ്ങളുടെ വികൃതവ്യാഖ്യാനത്തിന്റെ ഉപോത്പന്നമാണ്. ഈ ആശയപരമായ മാര്‍ഗഭ്രംശം തിരുത്തിയില്ലെങ്കില്‍ മനുഷ്യന്‍ അടിമകളും മൃഗങ്ങള്‍ യജമാനന്മാരും ആയി തുടരും. സ്ഥിതിഗതികള്‍ ഇതിലും മോശമായിത്തീരും. അതിനാല്‍ ദൈവം കാണിച്ചുതന്ന പഴയ നന്മയിലേക്കുള്ള ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. എന്നാല്‍ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അവനത് സാധിക്കുകയില്ല. അവന്‍ തുറന്നുവിട്ട ആശയഭൂതങ്ങള്‍ അവനെത്തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്.

ഈ അടിമത്തത്തില്‍നിന്ന് മനുഷ്യനെ മോചിപ്പിക്കുവാന്‍ അവനെ സൃഷ്ടിച്ച ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ. അതിനാല്‍ ദൈവത്തിലേക്ക് പൂര്‍ണഹൃദയത്തോടെ തിരിഞ്ഞ് മോചനത്തിനായി നിലവിളിച്ച് പ്രാര്‍ത്ഥിക്കുകയാണ് യഥാര്‍ത്ഥ പരിഹാരത്തിനുള്ള വഴി. തടവറകളില്‍ കഴിയുന്ന തന്റെ പ്രിയപ്പെട്ട ജനം രക്ഷിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍, ആ നിലവിളി എല്ലാ നാളുകളിലും ദൈവകാതുകളിലെത്തിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം അത് സാക്ഷ്യപ്പെടുത്തുന്നു: ”അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി” (പുറപ്പാട് 2:23). ദൈവം തടവുകാര്‍ക്കുവേണ്ടി കരമുയര്‍ത്തുമ്പോള്‍ തടവറകള്‍ താനേ നിലംപതിക്കും, സംശയമില്ല. ബലഹീനരെ അടച്ചിട്ടിരുന്ന എത്രയോ ഇരുമ്പുകോട്ടകളാണ് തകര്‍ന്നു വീണിട്ടുള്ളത്.

അതിനാല്‍ ജീവിക്കുന്ന ദൈവത്തിലേക്ക് നമുക്ക് തിരിയാം. നിസഹായരായ ദൈവജനം ജീവിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയില്‍ ആരാധനകള്‍ അര്‍പ്പിക്കട്ടെ. മനുഷ്യ അധികാരികള്‍ കേള്‍ക്കാത്ത രോദനങ്ങള്‍ പരമാധികാരി നിശ്ചയമായും കേള്‍ക്കും. നഗര-ഗ്രാമ വീഥികളില്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് കുരിശിന്റെ വഴികളും ജപമാലകളും നടത്തപ്പെടട്ടെ. അന്തരീക്ഷം ദൈവത്തിന്റെ ശക്തിയാല്‍ നിറയും. ദൈവത്തിന്റെ മഹത്വം അവിടെ നിരന്തരം അഭയം നല്‍കുന്ന ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും (ഏശയ്യാ 4:6). അതിനു കീഴില്‍ നിര്‍ഭയരായി ജീവിക്കുവാന്‍ ദൈവജനത്തിന് സാധിക്കും, തീര്‍ച്ച.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?