Follow Us On

03

May

2024

Friday

മതമൈത്രിയുടെ പ്രകാശഗോപുരമായി മാഹി ബസിലിക്ക

മതമൈത്രിയുടെ പ്രകാശഗോപുരമായി  മാഹി ബസിലിക്ക

മാഹി: സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും ഒരു നാടിന്റെ മുഴുവന്‍ സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും നിമിഷമായി മാറി. മതമൈത്രിയുടെ പ്രകാശഗോപുരമായി മാഹിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ദൈവാലയത്തില്‍ മാഹി അമ്മ എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന വിശുദ്ധ അമ്മത്രേസ്യയുടെ മാധ്യസ്ഥം ആണ്ടുതോറും ജാതിമതവര്‍ഗ ദേശഭേദമന്യേ ജനലക്ഷങ്ങളാണ് ആത്മീയ നവീകരണത്തിനായി എത്തുന്നത്.

1723 ലാണ് മാഹിയില്‍ പ്രഥമ ക്രൈസ്തവ സമൂഹം രൂപംകൊണ്ടതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. കടത്തനാട്ട് രാജവംശവുമായി 1721-ല്‍ ഉടമ്പടി ചെയ്ത് ഫ്രഞ്ചുകാര്‍ മാഹിദേശം സ്വന്തമാക്കി. ഫ്രഞ്ചുകാരുടെ ആത്മീയ ഉപദേഷ്ടാവായ ഫാ. ഡൊമിനിക് അങ്ങനെ മാഹിയിലെത്തി. പ്രേഷിത പ്രവര്‍ത്തനത്തിനായി അദ്ദേഹത്തിനു ആവശ്യമുള്ള ഭൂമി വാഴുന്നവര്‍ ദാനമായി നല്‍കി.

1723 ല്‍ ഫാ. ഡൊമിനിക് മാഹി മിഷന്റെ വികാരിയായി നിയമിതനായി. അതിനുശേഷം മാഹി ഇടവക കൊടുങ്ങല്ലൂര്‍ രൂപതയുടെ ഭരണത്തിന്‍ കീഴിലായി. അനേക അക്രൈസ്തവര്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നു. 1727 നവംബര്‍ ഒന്നാം തീയതി മാഹി ക്രൈസ്തവരുടെ പ്രഥമ പ്രാര്‍ത്ഥനാലയം അവിടെ ഉയര്‍ന്നു.
1738 ല്‍ ഫാ. ഡൊമിനിക് നിര്യാതനാപ്പോള്‍ ഫാ. ഇഗ്‌നേഷ്യസ് ഹിപ്പോളിറ്റസ് മാഹി ഇടവകയുടെ നേതൃത്വം ഏറ്റെടുത്തു. വിശ്വാസാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. തുടര്‍ന്ന് ദൈവാലയത്തോട് ചേര്‍ന്ന് നരിവധി നിര്‍മ്മിതികള്‍ ഉണ്ടായി. 1779 ബ്രിട്ടീഷ് ഫ്രഞ്ച് യുദ്ധത്തില്‍ പുഴക്കരയിലെ പാണ്ടികശാലയും ദൈവാലയവും മറ്റു കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു.
പ്രാര്‍ത്ഥനാലയം കത്തി നശിച്ചു പോയെങ്കിലും ആരാധനാ അനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വന്നില്ല. 1788 ജനുവരിയില്‍ മാഹിയിലെ ഫ്രഞ്ച് മേധാവി പുതിയ ദൈവാലയം പണിയാന്‍ സഹായിച്ചു.

1788 അബ്ബെ ദ്യുഷ്‌നെ എന്ന ശ്രദ്ധേയനായ വൈദികനാണ് ഈ കാണുന്ന രീതിയില്‍ ദൈവാലയം കല്‍ചുമരില്‍ കെട്ടി പുനര്‍നിര്‍മ്മിച്ചത്. ഇതേ വര്‍ഷം തന്നെയാണ് ദൈവാലയത്തോടു ചേര്‍ന്ന് 76 അടി ഉയരമുള്ള ഗോപുരവും കൂറ്റന്‍ ഘടികാരവും സ്ഥാപിച്ചത്. ഫ്രഞ്ചുകാരുടെ സംഭാവനയാണ് നാല് അടി വ്യാസമുള്ള ഘടികാരം. മാഹി ദൈവാലയം ഫ്രഞ്ച് സര്‍ക്കാരിന്റെ ഭരണഭാഗമായിട്ടായിരുന്നു ഫ്രഞ്ച് ഭരണകൂടം തകരുന്നതുവരെയും പ്രവര്‍ത്തിച്ചത്.
മാഹി ഇടവക 1936ല്‍ പോണ്ടിച്ചേരി കടലൂര്‍ രൂപതയുടെ മേല്‍നോട്ടത്തിലും ഭാരത സ്വതന്ത്രത്തിനുശേഷം മാഹി ഇടവക കോഴിക്കോട് രൂപതയുടെ ഭാഗവുമായി. മോണ്‍സിഞ്ഞോര്‍ ജോണ്‍ ബാപ്റ്റിസ്റ്റ് റോഡ്രിക്‌സ് കോഴിക്കോട് രൂപത വൈദികനായ പ്രഥമ ഇടവക വികാരിയായി 1949 ല്‍ ഇടവകയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

1950 മുതല്‍ 1968 വരെയുള്ള സുദീര്‍ഘമായ 18 വര്‍ഷം ഫാ. ജോസഫ് മെനേസസ് മാഹി ഇടവകയില്‍ അജപാലന ശുശ്രൂഷ നടത്തി. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് മാഹി ദേവാലയം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയത്. നിരന്തരമായ എഴുത്തുകളിലൂടെ മാഹിമാതാവിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. പുതുച്ചേരി, കേന്ദ്രസര്‍ക്കാറുമായുള്ള കത്തിടപാടുകളിലൂടെയാണ് 1971ല്‍ മാഹിദൈവാലയം ഉള്‍പ്പെടുന്നസ്ഥലം അനുവദിച്ചുകിട്ടിയത്. പിന്നീട് വികാരിമാരായി എത്തിയ നിരവധി ശ്രേഷ്ഠവൈദികരുടെ പ്രവര്‍ത്തനഫലമായാണ് ഇന്ന് കാണുന്ന തീര്‍ത്ഥാടനകേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നത്.

എല്ലാവര്‍ഷവും ഒക്ടോബര്‍ 5മുതല്‍ 22വരെയുള്ള മാഹിതിരുനാള്‍ മാഹിയുടെ ദേശീയ ഉത്സവമാണ്. ഒക്ടോബര്‍ 5ന് ഉച്ചയ്ക്ക് 12ന് അമ്മത്രേസ്യായുടെ തിരുസ്വരൂപം പൊതുവണക്കത്തിനു പ്രതിഷ്ഠിക്കുമ്പോള്‍ ദൈവാലയ മണികളും സര്‍ക്കാര്‍ സൈറണുകളും മുഴക്കാറുണ്ട് എന്നത് തിരുനാള്‍ മാഹിദേശക്കാരുടെ ദേശീയോത്സവമാണ് എന്നതിന്റെ തെളിവാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?