Follow Us On

19

January

2025

Sunday

ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ വിപ്ലവകരമായ കണ്ടുപിടുത്തവുമായി ജൂബിലി മെഡിക്കല്‍ കോളജ്

ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ വിപ്ലവകരമായ കണ്ടുപിടുത്തവുമായി ജൂബിലി മെഡിക്കല്‍ കോളജ്

തൃശൂര്‍: ശ്വാസകോശ സംബന്ധമായ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന രണ്ടു പ്രോട്ടീനുകള്‍ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജിലെ ഗവേഷണ വിഭാഗം കണ്ടെത്തി. വൈദ്യശാസ്ത്ര പ്രസിദ്ധീകരണ രംഗത്ത് പ്രമുഖരായ ബയോമെഡ് സെന്‍ട്രല്‍ ജേര്‍ണലായ ക്ലിനിക്കല്‍ പ്രോട്ടിയോമിക്സിന്റെ പുതിയ പതിപ്പില്‍ ഈ പഠനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജൂബിലിയിലെ ഗവേഷകയായ സോനു ദാസിന്റെ പഠനമാണ് ഈ കണ്ടെത്തലിന് കാരണമായത്. എം. വന്ദിത, എവ്ലിന്‍ മരിയ തുടങ്ങിയ ജൂബിലിയിലെ ഗവേഷകരും കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സുവേളജി വിഭാഗം മേധാവി ഡോ. ജിന്‍സു വര്‍ഗീസും ഈ പഠനത്തില്‍ പങ്കാളികളായി.

ശ്വാസകോശത്തിലെ ചെറുവായുകോശങ്ങളെയും മൃദുതകത്തെയും ബാധിക്കുന്ന സ്ഥായിയായ ചില മാറ്റങ്ങളെ തുടര്‍ന്ന് നിരന്തരം കൂടുന്ന ശ്വാസതടസവും കഫക്കെട്ടും ശ്വാസകോശത്തിന്റെ ആകമാന വികാസവും ലക്ഷണങ്ങളായി കാണുന്ന രോഗാവസ്ഥയാണ് സിഒപിഡി.

സിഒപിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് എന്ന രോഗത്തിന്റെ മൂര്‍ച്ഛിച്ച അവസ്ഥയായ എക്സാസര്‍ബേഷനിലേക്ക് മാറാന്‍ സാധ്യതയുള്ള രോഗികളെ രക്തപരിശോധനയിലൂടെ നേരത്തെ മനസിലാക്കാനും ചികിത്സ നല്‍കാനും ഈ കണ്ടുപിടുത്തത്തിലൂടെ സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജൂബിലി ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. മാത്യു ജോണ്‍, പള്‍മണോളജി വിഭാഗം മേധാവി ഡോ. സുപ്രിയ അടിയോടി എന്നിവര്‍ പറഞ്ഞു.

CSIR, ICMR എന്നീ കേന്ദ്ര ഏജന്‍സികളുടെ ഫെല്ലോഷിപ്പും ജൂബിലിയുടെ നിശ്ചയദാര്‍ഢ്യവും തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നിന്നുള്ള സൗകര്യങ്ങളും പഠനത്തിന് സഹായകമായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?