Follow Us On

22

December

2024

Sunday

200 വര്‍ഷം പഴക്കമുള്ള സ്വപ്‌നം

200 വര്‍ഷം പഴക്കമുള്ള സ്വപ്‌നം

വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തില്‍ ദൈവം പ്രത്യേകമായി ഇടപെട്ടത് ഒമ്പതാമത്തെ വയസില്‍ അദ്ദേഹത്തിന് ഒരു സ്വപ്‌നം സമ്മാനിച്ചുകൊണ്ടായിരുന്നു. 1824-ലാണ് വിശുദ്ധ ഡോണ്‍ ബോസ്‌കോയ്ക്ക് ഈ സ്വപ്‌നം ഉണ്ടാവുന്നത്. ആ സ്വപ്‌നത്തിന് 200 വര്‍ഷം തികയുകയാണ്. വിശുദ്ധ ഡോ ണ്‍ ബോസ്‌കോയ്ക്ക് ഉണ്ടായ സ്വപ്‌നത്തിന് ഈ കാലഘട്ടത്തില്‍ പ്രസക്തിയുണ്ടോ എന്നു ചിന്തിക്കണം. നമ്മുടെയൊക്കെ ജീവിതത്തില്‍ ദൈവം ജീവിത സന്ദര്‍ഭങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമൊക്കെ നമ്മോട് സംസാരിക്കാറുണ്ട്. സ്വപ്‌നങ്ങളിലൂടെ ജീവിതത്തില്‍ ഇടപെടുന്ന, സംസാരിക്കുന്ന, നമ്മെ രൂപാന്തരപ്പെടുത്തുന്ന, ജീവിതത്തിന് പുതിയ ദിശാബോധം നല്‍കുന്ന ദൈവത്തെ തിരിച്ചറിയാനും അനുഭവിക്കുവാനും കഴിയണം.
ബൈബിളിലൂടനീളം സ്വപ്‌നങ്ങളിലൂടെ സംസാരിക്കുന്ന ദൈവത്തെ കണ്ടുമുട്ടുന്നുണ്ട്. ഉത്പത്തിയുടെ പുസ്തകം 28-ാമത്തെ അധ്യായത്തില്‍ പൂര്‍വ്വപിതാവായ യാക്കോബിനുണ്ടായ സ്വപ്‌നം നാം ധ്യാനിക്കുന്നുണ്ട്. സ്വപ്‌നത്തില്‍ ദര്‍ശിക്കുന്നത് ഒരു ഗോവണിയാണ്. ആ ഗോവണിയുടെ ഒരറ്റം ഭൂമിയിലും, മറ്റേ അറ്റം ആകാശത്തും മുട്ടിയിരുന്നു. അതിലൂടെ ദൈവദൂതന്‍മാര്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. തുടര്‍ന്ന് ദൈവം യാക്കോബിന് പ്രത്യക്ഷപ്പെടുകയും ‘നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നോട് കൂടെയുണ്ടാവും’ എന്നുപറഞ്ഞുകൊണ്ട് അത്രയും കാലം സഹോദരനെ വഞ്ചിച്ച ചതിയെനെന്ന അറിയപ്പെട്ട യാക്കോബിനെ അനുഗ്രഹമാക്കി മാറ്റുകയാണ്. ഉറക്കത്തില്‍ നിന്നുണരുന്ന യാക്കോബ്, ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് സ്ഥലത്തിന് ബഥേല്‍ എന്ന് പേരിട്ടു.

സ്വപ്‌നങ്ങളിലൂടെ
സംസാരിക്കുന്ന ദൈവം

ഉത്പത്തിയുടെ പുസ്തകം 37-ാമത്തെ അധ്യായത്തില്‍ യാക്കോബിന്റെ ഇളയമകന്‍ ജോസഫിനുണ്ടായ സ്വപ്‌നം നാം വായിക്കുന്നുണ്ട്. ജോസഫും സഹോദരന്‍മാരും പാടത്ത് പണി ചെയ്യുന്നതാണ് ഈ സ്വപ്‌നത്തിന്റെ പശ്ചാത്തലം. ജോസഫും സഹോദരരും പാടത്ത് കറ്റകെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ജോസഫിന്റെ കറ്റ എഴുന്നേറ്റുനില്‍ക്കുകയും, സഹോദരരുടെ കറ്റ ജോസഫിന്റെ കറ്റയെ താണുവണങ്ങുകയുമാണ്. ഈ സ്വപ്‌നത്തെ പ്രതി സഹോദരന്‍മാര്‍ ജോസഫിനെ ഒരുപാട് ദ്രോഹിക്കുന്നുണ്ട്. അവസാനം അടിമയായി ജോസഫിനെ അവര്‍ ഈജിപ്തിലേക്ക് വില്‍ക്കുകയാണ്. ഈജിപ്തില്‍ ഫറവോയുടെ വിശ്വസ്തനായി മാറുന്ന ജോസഫിന് മുന്നില്‍ ഭക്ഷണം തേടി വരുന്ന സഹോദരന്‍മാര്‍ ആളറിയാതെ താണുവണങ്ങുന്നു. ഈജിപ്തില്‍ ജോസഫ് വ്യാഖ്യാനിക്കുന്ന ഫറവോയുടെ സ്വപ്‌നവും, അതുപോലെ ഫറവോയുടെ പാനപാത്രവാഹകന്റെയും, പാചക പ്രമാണിയുടെയും സ്വപ്‌നമെല്ലാം ഈ വ്യക്തികളുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലിനെയാണ് നമുക്ക് വെളിവാക്കുക. നബുക്കദനേസര്‍ രാജാവിന്റെ സ്വപ്‌നം വ്യാഖ്യാനിക്കുന്ന ദാനിയേല്‍ പ്രവാചകനും സ്വപ്‌നങ്ങളിലുടെ സംസാരിക്കുന്ന ദൈവത്തെയാണ് പറഞ്ഞുതരിക. ഗര്‍ഭിണിയായ മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കുന്ന യൗസേപ്പിതാവിനോട്, സ്വപ്‌നത്തിലൂടെ ജനിക്കാനിരിക്കുന്ന ദൈവപുത്രനെക്കുറിച്ചും, അവന്റെ നിയോഗത്തെക്കുറിച്ചും ദൈവം വെളിപ്പെടുത്തി കൊടുക്കുന്നുണ്ട്.

കണ്ണിനു പകരം കണ്ണ്

ഈ സ്വപ്‌നങ്ങളോടൊക്കെ ചേര്‍ത്തു വായിക്കേണ്ട സ്വപ്‌നം തന്നെയാണ് ഒമ്പതാമത്തെ വയസില്‍ ജോണി ബോസ്‌കോയ്ക്ക് ഉണ്ടായ സ്വപ്‌നവും. ഇരുനൂറ് വര്‍ഷം മുമ്പ് നടന്ന ഈ സ്വപ്‌നത്തിന് കാലികമായ പ്രസക്തി ഉണ്ട്. ഈ സ്വപ്‌നത്തില്‍ വഴക്ക് കൂടുന്ന കൂട്ടുകാരുടെ മധ്യേയാണ് ജോണിയെ നാം ദര്‍ശിക്കുക. കൂട്ടുകാരുടെ വഴക്കിനിടയില്‍ നിസഹായനായി നില്‍ക്കുന്ന ജോണിക്ക് സാന്ത്വനവും പ്രത്യാശയും പകര്‍ന്ന് നല്‍കുന്നത് ഈശോയാണ്. പരസ്പരം ചീത്തവാക്കുകളും ശാപവാക്കുകളും ഉരുവിടുകയും തല്ലുകൂടുകയും ചെയ്യുന്ന സുഹൃത്തുക്കളെ അതില്‍ നിന്നൊക്കെ പിന്തിരിപ്പിക്കാന്‍ ജോണി ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നുണ്ടെങ്കിലും അവസാനം നിസഹായനും നിരാശനുമാകുന്ന ജോണിയും അക്രമത്തിന്റെ പാത തിരഞ്ഞെടുത്ത് അവരുടെ കലഹം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ വഴക്ക് കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ജോണി മുന്‍പത്തേതിനെക്കാള്‍ കൂടുതല്‍ നിസഹായനാവുകയുമാണ്.
ഈ ഒരു സ്വപ്‌നത്തിന് നമ്മുടെ ജീവിത പശ്ചാത്തലങ്ങളുമായി സാമ്യമില്ലേ? കുടുംബബന്ധങ്ങളിലും, സൗഹൃദങ്ങളിലുമൊക്കെ ഉണ്ടാവുന്ന തെറ്റിദ്ധാരണകളിലും വഴക്കുകളിലും വൈരാഗ്യ ബുദ്ധിയോടെ അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ആത്യന്തികമായി ജോണിയെപ്പോലെ നാമും കൂടുതല്‍ നിസഹായരും നിരാശ നിറഞ്ഞവരുമായി മാറുകയല്ലേ? വ്യക്തിബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള അകല്‍ച്ചകള്‍ കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന മനോഭാവത്തിന്റെ അനന്തരഫലങ്ങളല്ലേ?

കാലം മുറിവുണക്കുമോ?

നിസഹായനായി നില്‍ക്കുന്ന ജോണിയെ അക്രമത്തിന്റെ മാര്‍ഗം ഉപേക്ഷിച്ച് സ്‌നേഹത്തിന്റെയും ക്ഷമയുടെയും മാതൃകയിലൂടെ കൂട്ടുകാരെ വീണ്ടെടുക്കാനാണ് ഈശോ പഠിപ്പിക്കുന്നത്. ജോണിയുടെ ഈ സ്വപ്‌നത്തിലൂടെ മാനവരാശിയോട് മുഴുവനും ഈശോ പറയുന്നതും സ്‌നേഹത്തിന്റെയും ക്ഷമയുടെയും പാതയിലൂടെ നടന്ന്, നമുക്ക് നഷ്ടപ്പെട്ടതും മുറിഞ്ഞുപോയതുമായ വ്യക്തി ബന്ധങ്ങളെ വീണ്ടെടുക്കാനാണ്. കാലം ഉണക്കാത്ത മുറിവുകളില്ലെന്ന് പലപ്പോഴും പറയാറുണ്ട്, ക്ഷമിക്കാനും സ്‌നേഹിക്കാനും തയാറായില്ലെങ്കില്‍ കാലമെത്ര കഴിഞ്ഞാലും ഒരു മുറിവും ഉണങ്ങുകയില്ല, ഒരു ബന്ധവും കൂട്ടി യോജിക്കപ്പെടുകയുമില്ല. പത്രമാധ്യമങ്ങള്‍ ഓരോ പ്രഭാതത്തിലും പങ്കുവയ്ക്കുന്ന ചോരയുടെ ഗന്ധമുള്ള വാര്‍ത്തകള്‍ അതാണ് വ്യക്തമാക്കുന്നത്.
കാല്‍വരിയില്‍ തന്റെ വത്സല ശിഷ്യനായ യോഹന്നാന് മാതാവായി തന്റെ അമ്മയെ നല്‍കുന്ന യേശു, ജോണി ബോസ്‌കോയെ ഭരമേല്‍പ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റാനായി നല്‍കുന്നത് തന്റെ അമ്മതന്നെയാണ്. ജീവിത പ്രശ്‌നങ്ങള്‍ക്ക് മധ്യേ കൈപിടിച്ചു നടത്താന്‍ ദൈവമാതാവ് നമ്മുടെ കൂടെ ഉണ്ടെന്നുള്ളതാണ് ഈ സ്വപ്‌നം നല്‍കുന്ന പ്രത്യാശ. നിരാശപ്പെട്ട് ദുര്‍ബലരാവാതെ തന്റെ പുത്രനില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ജീവിത പ്രശ്‌നങ്ങളെയും വ്യക്തി ബന്ധങ്ങളെയും സമീപിച്ചാല്‍ വന്യമൃഗങ്ങളെപ്പോലെ കാണപ്പെടുന്ന കുഞ്ഞുങ്ങള്‍ കുഞ്ഞാടാവുന്നതുപോലെ, നമ്മുടെ കുടുംബബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലുമൊക്കെ കര്‍ത്താവിന്റെ സമാധാനവും സ്‌നേഹിക്കാനും സ്വീകരിക്കാനുള്ള തുറവിയും കടന്നുവരും.

ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?