Follow Us On

15

November

2024

Friday

സ്‌ക്രീന്‍ ടൈം = കണ്ണുകളുടെ ദുരാശ

സ്‌ക്രീന്‍ ടൈം =  കണ്ണുകളുടെ ദുരാശ

ജോയി മാത്യൂ പ്ലാത്തറ

മാതാപിതാക്കള്‍, മക്കള്‍, അധ്യാപകര്‍, യുവതീ യുവാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒരേപോലെ നേരിടുന്ന വെല്ലുവിളിയുടെ പേര് ‘സ്‌ക്രീന്‍ ടൈം’ എന്നാണ്. ഒരാളുടെ കണ്ണുകള്‍ അയാളുടെ ഫോണില്‍ പതിഞ്ഞിരിക്കുന്ന സമയത്തിന്റെ പേരാണ് സ്‌ക്രീന്‍ ടൈം.
കുട്ടികളെ ആദ്യമായി സ്‌ക്രീന്‍ ടൈമിലേക്ക് തള്ളിവിടുന്നത് മാതാപിതാക്കളാണ്. കളിപ്പാട്ടങ്ങള്‍ക്കുപകരം, ചിത്രങ്ങള്‍ ആലേഖനം ചെയ്ത കളറിംഗ് ബുക്കുകള്‍ക്കുപകരം, പിന്നാലെ നടന്ന് എപ്പോഴും ശല്യമാകാതിരിക്കാന്‍, മുറ്റത്തും തൊടിയിലുമിറങ്ങി നടന്ന് അപകടം വരാതിരിക്കാന്‍, നന്നേ ശൈശവത്തില്‍ തന്നെ ഒരു മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിലേക്ക് അദൃശ്യമായ ചങ്ങലകൊണ്ട് അവരെ കെട്ടിയിടുന്നു.

കാര്‍ട്ടൂണുകളും ഗെയിമുകളും ചിരിയും നിറഞ്ഞ, ടോമിന്റെയും ജെറിയുടെയും ഡോറയുടെയും മുതല്‍ കാര്‍ ചെയ്‌സിങ്ങിന്റെയും യന്ത്രത്തോക്കിന്റെയും സ്‌ക്രീനില്‍നിന്ന് കണ്ണുകള്‍ തിരികെ എടുക്കാന്‍ കഴിയാത്ത ശൈശവവും ബാല്യവും. പിഞ്ചു കയ്യില്‍ മൊബൈല്‍ പിടിച്ച് ഉറങ്ങാന്‍ പോകുന്നവര്‍. ഉണര്‍ന്നാലുടനെ മൊ ബൈലിനു ശാഠ്യം പിടിക്കുന്നവര്‍. ടോയ്‌ലറ്റ് സീറ്റിലും ഭക്ഷണമേശയിലും മൊബൈലുമായി ഇരിക്കുന്നവര്‍. മൊബൈല്‍ സ്‌ക്രീന്‍ ഇല്ലാത്ത ക്ലാസ്മുറിയുടെ വിരസത കൊണ്ട് സഹികെട്ടവര്‍. നശിച്ച ബാല്യം!

എന്നാല്‍, യാത്ര പോകാതെ വാതില്‍ ചാരി സ്വകാര്യ സ്‌ക്രീന്‍ ടൈമിലേക്കു പിന്‍വാങ്ങുന്നവരുടെ, പാതിരാവിലും വെളുപ്പിനും ഓണ്‍ലൈന്‍ എന്നുകാണിക്കുന്നവരുടെ കാഴ്ചയുടെ ലോകം ഏതാണ്? ഡിജിറ്റല്‍ ബൈബിളില്‍ പാപം എന്ന വാക്ക് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന ആദ്യ വാചകം ഇതാണ് ”നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.” (ഉല്‍പത്തി 4:7). പ്രൈവസിക്കുവേണ്ടി ഡിജിറ്റല്‍ വാതില്‍ ചാരി സ്വകാര്യ സ്‌ക്രീന്‍ ടൈമിലേക്കു പിന്‍ വാങ്ങുന്നവര്‍ക്ക് ധ്യാനിക്കാനുള്ള വാചകം. കാഴ്ചകള്‍ വെറും കാഴ്ചകളല്ല. അവ തലച്ചോറില്‍ പതിയുന്നു. ഹൃദയത്തില്‍ പതിയുന്നു. തുടര്‍ന്നു സംഭവിക്കുന്നത് എന്തെന്ന് വീണ്ടും വിശുദ്ധ ഗ്രന്ഥം പറയുന്നു. ”ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു.” (ഉല്‍പത്തി 6:5).

കണ്ണുകളുടെ ദുരാശ എന്ന വാക്കാണ് വിശുദ്ധ യോഹന്നാന്‍ ശ്‌ളീഹ ഉപയോഗിക്കുന്നത്. ബാല്യം മുതല്‍ പ്രായത്തിനു ചേരാത്ത കാഴ്ചകളില്‍ കണ്ണുടക്കി, സ്വകാര്യ നിമിഷങ്ങളെയും ചാറ്റുകളെയും വഷളത്തം നിറഞ്ഞ ലോകത്തേക്ക് നടത്തി, പവിത്രമായ മണവറയെപ്പോലും മലിനമാക്കുന്ന, ബ്രഹ്മചര്യത്തിന് വ്രതമെടുത്തവരെ കൂടി നിലനില്‍ക്കാന്‍ അനുവദിക്കാത്ത ജഡ തിന്‍മകളുടെ തേരോട്ട കാലമാണ് സ്‌ക്രീനുകളിലേക്ക് കുമ്പിട്ടു പോകുന്നവരുടെ കാലം.
കണ്ണുകള്‍ ഉയര്‍ത്തുക മാത്രമാണ് രക്ഷാ മാര്‍ഗം. കുരിശിലേക്ക് … കാല്‍വരിയിലേക്ക്… വചനത്തിലേക്ക്… നന്‍മയിലേക്ക് ….
ഇപ്പോള്‍ ഞാന്‍ മാംസാഹാരം ഉപേക്ഷിച്ചു. ഉപവസിക്കുന്നു. ദശാംശം കൊടുക്കുന്നു. ജപമാല ചൊല്ലുന്നു. പറ്റുമ്പോഴെല്ലാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നു. ഗുരോ ആത്മരക്ഷയ്ക്കായി ഇതില്‍ കൂടുതല്‍ ഞാന്‍ എന്തു ചെയ്യണം ? ഒരു ചെറു ചിരിയോടെ അവന്‍ പറഞ്ഞു സ്വകാര്യ സ്‌ക്രീന്‍ ടൈം കുറയ്ക്കണം. ഇതു കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചു പോയി. കാരണം അവന് ഒരുപാട് ഫ്രീ ടൈം ഉണ്ടായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?