തിരുവനന്തപൂരം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പരിശോധിച്ചു പരിഹരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലത്തീന്‍ കത്തോലിക്ക സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളും സര്‍ക്കാരിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച കെആര്‍എല്‍സിസി നേതൃ സംഘത്തോടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെആര്‍ എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, ജോയിന്റ് കണ്‍വീനറും കെഎല്‍സിഎ പ്രസിഡന്റുമായ അഡ്വ. ഷെറി ജെ. തോമസ്, കെആര്‍എല്‍സിസി ഭാരവാഹികളായ ബിജു ജോസി, പാട്രിക് മൈക്കിള്‍, പ്രബല്ലദാസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസും സന്നിഹിതനായിരുന്നു.
ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന റവന്യു ഉദ്യോഗസ്ഥരുടെ നടപടി ഒഴിവാക്കാന്‍ 2012 ലെ സര്‍ക്കാര്‍ ഉത്തരവില്‍ സ്പഷ്ടീകരണം വേണമെന്ന് സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അധികാരത്തിലും ഉദ്യോഗത്തിലും മതിയായ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പക്കാനുള്ള അടിസ്ഥാന വിവരമായ ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അന്യായമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *