Follow Us On

18

April

2024

Thursday

യേശുവിന്റെ കുരിശുമരണവേളയില്‍ നരകസൈന്യത്തെ ബന്ധിക്കുന്ന പരിശുദ്ധ കന്യാമറിയം; അഗ്രേദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയയ്ക്ക് ലഭിച്ച വെളിപാട്

യേശുവിന്റെ കുരിശുമരണവേളയില്‍ നരകസൈന്യത്തെ ബന്ധിക്കുന്ന പരിശുദ്ധ കന്യാമറിയം; അഗ്രേദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയയ്ക്ക് ലഭിച്ച വെളിപാട്

ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ലൂസിഫറിന് അറയാമായിരുന്നു. എന്നാല്‍ അത് എവിടെയെന്നും എപ്പോഴെന്നും അവന്‍ അറിഞ്ഞിരുന്നില്ല. അഹന്ത നിമിത്തം അവന്‍ അന്ധനായിരുന്നു. ലൂസിഫര്‍ ചിലപ്പോള്‍ ക്രിസ്തുതന്നെയാണ് ദൈവമെന്ന് കരുതി. കാരണം അവന്റെ അത്ഭുതങ്ങള്‍ ലൂസിഫറും കണ്ടിരുന്നു. അതേസമയം പലപ്പോഴും ക്രിസ്തു തിരസ്‌കൃതനും നിന്ദ്യനും ദരിദ്രനും ക്ഷീണിതനും പീഡിതനും ആയി കാണപ്പെട്ടതുകൊണ്ട് അവന്‍ ദൈവമല്ല എന്നും സങ്കല്പിച്ചു. പരസ്പര വൈരുധ്യം സ്ഫുരിച്ചിരുന്ന ഈ കാഴ്ചകള്‍മൂലം സാത്താന്‍ തന്റെ ആശയക്കുഴപ്പത്തില്‍ ഉഴലുകയും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന അവിടുത്തെ കുരിശാരോഹണത്തിന്റെ സമയം വരെ ആ അന്വേഷണം തുടരുകയും ചെയ്തു. കുരിശാരോഹണ വേളയില്‍ കര്‍ത്താവ് തന്റെ മനുഷ്യരൂപത്തെ സ്വയം ഏല്പിച്ചു കൊടുത്ത നിമിഷത്തില്‍ സാത്താന്‍ സത്യം തിരിച്ചറിയുകയും പരാജയത്തിന്റെ പടുകുഴിയില്‍ വീഴുകയും ചെയ്തു.

ലൂസിഫറും കിങ്കരന്മാരും കര്‍ത്താവ് തന്റെ കുരിശ് ഏറ്റെടുക്കുന്നതു കണ്ട നിമിഷത്തില്‍ തന്നെ അവിടെനിന്ന് പലായനം ചെയ്യുവാനും നരകത്തിലേക്ക് ഓടിയൊളിക്കുവാനും ആഗ്രഹിച്ചു. എന്തെന്നാല്‍ ആ നിമിഷം മുതല്‍ അവന് കര്‍ത്താവിന്റെ ശക്തിയുടെ ആഘാതം അനുഭവപ്പെട്ടുതുടങ്ങി. തങ്ങളുടെ ഗൂഢശ്രമങ്ങളിലൂടെ മരണത്തിനേല്പിച്ചു കൊടുക്കപ്പെട്ട ഈ നിഷ്‌കളങ്ക മനുഷ്യന്‍ വെറും മനുഷ്യനല്ല എന്നും അവന്റെ മരണം തങ്ങള്‍ക്ക് വിനാശമായിത്തീരുമെന്നുമുള്ള സത്യം ദൈവിക ഇടപെടലിലൂടെ അവന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് രംഗത്തുനിന്നും പലായനം ചെയ്യുവാന്‍ അവന്‍ ആഗ്രഹിച്ചു. ഇതുവരെയും അവര്‍ യഹൂദരെയും കൊലയാളികളെയും പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ.

എന്നാല്‍ പരിശുദ്ധ അമ്മയുടെ ആജ്ഞപ്രകാരം പൈശാചിക ഗണങ്ങള്‍ ബന്ധനസ്ഥരാക്കപ്പെട്ടു. അതിനാല്‍ അവര്‍ക്കും ക്രിസ്തുവിനൊപ്പം കാല്‍വരിയിലേക്ക് സഞ്ചരിക്കേണ്ടിവന്നു. അവരെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ നിയന്ത്രിച്ചിരുന്നത് പരിശുദ്ധ മറിയത്തിന്റെ കരങ്ങളാണ്. തന്റെ തിരുക്കുമാരന്റെ ദിവ്യശക്തിയാല്‍ അവള്‍ സാത്താനെയും അനുചരന്മാരെയും കീഴ്‌പ്പെടുത്തി. പല തവണ അവര്‍ ബന്ധനം ഭേദിച്ചു രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ ദൈവപുത്രന്റെ അപ്രതിരോധ്യ ദിവ്യശക്തി മറിയത്തിലൂടെ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ നിസഹായരായിത്തീര്‍ന്നു. കാല്‍വരിയിലേക്ക് നടക്കുവാനും കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുവാനും പരിശുദ്ധ അമ്മ അവര്‍ക്ക് അലംഘ്യമായ ആജ്ഞ നല്‍കി. അവര്‍ അവിടെ സ്തംഭിച്ചു നിശ്ചലരായി. മനുഷ്യവിമോചനത്തിനും പൈശാചിക ശക്തികളുടെ വിനാശത്തിനുമായി അവിടെ ആവിഷ്‌ക്കരിക്കപ്പെട്ട ദിവ്യമഹാരഹസ്യങ്ങളുടെ പരിസമാപ്തി അവര്‍ക്ക് കാണേണ്ടിവന്നു. കര്‍ത്താവിന്റെയും പരിശുദ്ധ അമ്മയുടെയും സാന്നിധ്യം അവന് കഠിന യാതനകള്‍ പ്രദാനം ചെയ്തു. നരകത്തിന്റെ ഇരുള്‍തടങ്ങളില്‍ പോയൊളിക്കുവാന്‍ ആഗ്രഹിച്ചെങ്കിലും അവന് അനുവാദം ലഭിച്ചില്ല. അതിനാല്‍ അവര്‍ കോപാക്രന്തരായി പരസ്പരം ആക്രമിക്കുകയും കൂടിളകിയ കടന്നലുകളെപ്പോലെയാകുകയും ചെയ്തു. അവര്‍ ഭീകരവ്യാളികളെക്കാളും ക്രൂരരായിത്തീര്‍ന്നു.

ഈ ചരിത്രാതീത വ്യാളിയെ നിശേഷം തോല്‍പിക്കുവാനുള്ള സമയമായി. അതിനായി നിയോഗിക്കപ്പെട്ട ജീവന്റെ ഉടയവന്‍ പ്രത്യക്ഷനായി. ഇതായിരുന്നു പിശാചിന്റെ മോഹഭംഗത്തിന്റെ മണിക്കൂര്‍. ജീവന്റെ നാഥന്റെ ശബ്ദം മുഴങ്ങിയപ്പോള്‍ ആ സ്വരത്തിനെതിരെ കാതടയ്ക്കാന്‍ സാത്താന് കഴിഞ്ഞില്ല. കര്‍ത്താവ് തന്റെ അവസാനത്തെ ഏഴു തിരുവചസുകളരുളിച്ചെയ്തു. അവയിലടങ്ങിയ മഹാരഹസ്യങ്ങള്‍ സാത്താനും പരിവാരങ്ങളും കേട്ടു. രക്ഷകനിതാ തന്റെ ആദ്യവചനം ഉരുവിടുന്നു. ”പിതാവേ, ഇവരോടു ക്ഷമിക്കണമേ. ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല” (ലൂക്കാ 23:24). കര്‍ത്താവായ ക്രിസ്തു തന്റെ സ്വര്‍ഗസ്ഥനായ പിതാവിനോടാണ് സംസാരിക്കുന്നതെന്ന് ഇരുളിന്റെ രാജകുമാരന്മാര്‍ അറിഞ്ഞു. അവന്‍ പിതാവിന്റെ ഏകജാതനും സത്യദൈവവുമാണ്. പിതാവിനോടും പരിശുദ്ധാരൂപിയോടുമൊപ്പം അവിടുന്ന് സത്തയിലൊന്നായിരിക്കുന്നു. മാനവകുലത്തിന്റെ രക്ഷയ്ക്കായി അവരൊന്നായി ഇതാ തന്റെ സര്‍വയോഗ്യതകളെയും ആദത്തിന്റെ സന്തതികളുടെ പാപമോചനത്തിനായി സമര്‍പ്പണം ചെയ്തിരിക്കുന്നു. തന്നെ കുരിശിലേറ്റിയ നീചര്‍പോലും ആ രക്ഷയുടെ ഫലങ്ങള്‍ നുകരണമെന്നവന്‍ ആഗ്രഹിക്കുന്നു. ഈ സത്യം തിരിച്ചരിഞ്ഞ നിമിഷത്തില്‍ ലൂസിഫറും അവന്റെ കിങ്കരന്മാരും കോപനൈരാശ്യത്തിലാണ്ടു. നിസഹായരായിത്തീര്‍ന്ന അവര്‍ നരകത്തിന്റെ ഇരുള്‍ക്കുഴിയിലേക്ക് സ്വയം വലിച്ചെറിയാന്‍ ആഗ്രഹിച്ചു. എന്നാല്‍ സ്വര്‍ഗീയ രാജ്ഞിയുടെ ബന്ധനത്തില്‍നിന്ന് മോചിതരാകുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?