Follow Us On

22

November

2024

Friday

കൊത്തുപണിക്കാരന് മാതാവ് കൊടുത്ത അനുഗ്രഹം

കൊത്തുപണിക്കാരന്  മാതാവ് കൊടുത്ത   അനുഗ്രഹം

ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍

ജര്‍മ്മന്‍ ചിത്രകാരനായ ജോഹാന്‍ ജോര്‍ജ്‌മെല്‍ച്ചിയോര്‍ ഷ്മിഡ്‌നര്‍ 1687-കളിലാണ് കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം വരച്ചത്. അഴകുള്ള നിറക്കൂട്ടുകളാല്‍ ആശ്ചര്യവും വിസ്മയവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന മാതാവിന്റെ ഈ അത്ഭുതചിത്രം ജര്‍മനിയിലെ ബവേറിയായിലുള്ള ഓസ്ബര്‍ഗിലെ കത്തോലിക്കാ തീര്‍ത്ഥാടനകേന്ദ്രമായ പത്രോസിന്റെ ദൈവാലയത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ ജര്‍മ്മനിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഈ ചിത്രം കണ്ടതും പിന്നീട് ഈ മാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചതും. പാപ്പ ഈ ചിത്രത്തിന്റെ അനേകം കോപ്പിയെടുത്ത് സെമിനാരിക്കാരെ ഏല്‍പ്പിക്കുകയും ആ നാട്ടിലെ ചേരികളിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തപ്പോള്‍ അവരുടെ ജീവിതങ്ങളില്‍ ഒരുപാട് മാറ്റം അമ്മ വഴി സംഭവിച്ചതറിഞ്ഞതുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചിത്രത്തിന്റെ പ്രചാരകനായത്.
കോവിഡ് മഹാമാരിയുടെ കാലത്ത് വത്തിക്കാന്‍ ഉദ്യാനത്തില്‍ നടത്തിയ ജപമാല പ്രാര്‍ത്ഥനയ്ക്കിടയില്‍ (2021 മെയ് 21) മാര്‍പാപ്പ ഈ ചിത്രത്തിന്‍മേല്‍ കിരീടധാരണം നടത്തുകയും ചെയ്തു. കെട്ടുകളഴിക്കുന്ന മാതാവിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 28-നാണ് സഭയില്‍ ആഘോഷിക്കുന്നത്.

കുരുക്കഴിക്കുന്ന മാതാവ്

ഈ കുരുക്കഴിക്കുന്ന മാതാവിനെ ഞാന്‍ പരിചയപ്പെട്ടത് എന്റെ ആത്മീയ ഗുരുവായ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡേവിസ് പട്ടത്തച്ചനിലൂടെയായിരുന്നു. അച്ചന്‍ തന്ന മാതാവിന്റെ രൂപം ഇന്നും എന്റെ മുറിയിലുണ്ട്. എന്നോട് പ്രാര്‍ത്ഥനാസഹായം യാചിച്ചു വരുന്നവര്‍ക്കൊക്കെ ഈ പ്രാര്‍ത്ഥന ഫലദായകമാകുന്നത് വലിയ അത്ഭുതത്തോടും ആദരവോടെയുമാണ് നോക്കിക്കാണുന്നത്. പരിശുദ്ധ അമ്മ പലസ്ഥലങ്ങളില്‍ പല രൂപഭാവങ്ങളോടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും എന്റെ ജീവിതത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നത് കുരുക്കഴിക്കുന്ന മാതാവായിട്ടാണ്.

പട്ടത്തച്ചനെ കാണാന്‍ പോയത് ഒരു സങ്കടം പറയാനായിരുന്നു. ഞാന്‍ ആദ്യമായി വികാരിയായി ചാര്‍ജെടുത്ത പള്ളി കുന്നംകുളത്തിനടുത്തുള്ള ചെമ്മണ്ണൂര്‍ എന്ന സ്ഥലത്തായിരുന്നു. നൂറോളം കുടുംബങ്ങളുള്ള ആ ഇടവകയില്‍ എല്ലാം വളരെ നല്ലതായിരുന്നു; പള്ളി ഒഴികെ. വര്‍ഷങ്ങളോളം പഴക്കമുണ്ടായിരുന്ന ആ ദൈവാലയത്തിന്റെ കേടുപാടുകള്‍ മാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഇടവകജനത്തിന് മുഴുവന്‍ പള്ളി പുതുക്കി പണിയുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. പള്ളിക്ക് ഒരു നല്ല നടവാതില്‍പോലും ഉണ്ടായിരുന്നില്ല. എന്റെ ദൈവത്തിന്റെ ആലയം പരിശുദ്ധമാക്കണമെന്ന വചനം വീണ്ടും വീണ്ടും എനിക്ക് സന്ദേശമായി ലഭിച്ചെങ്കിലും പള്ളി നിര്‍മ്മാണം നടക്കാത്തതും ഇടവകജനങ്ങളുടെ നിസഹകരണവും എനിക്ക് ഒരുപാട് സങ്കടങ്ങളും കയ്‌പേറിയ അനുഭവവുമാണ് സമ്മാനിച്ചത്. വികാരിയായി ആദ്യം ചാര്‍ജെടുത്ത സ്ഥലത്ത് തന്നെ ഇങ്ങനെയെങ്കില്‍ പൗരോഹിത്യവഴികള്‍ കൂടുതല്‍ ദുസഹമാവും എന്ന ചിന്ത പ്രബലപ്പെട്ടപ്പോഴാണ് അല്പം ആശ്വാസത്തിനായി പട്ടത്തച്ചന്റെ അടുത്തുചെന്നത്.

മരിയ ഭക്തനായ പട്ടത്തച്ചനോട് സങ്കടം പറഞ്ഞപ്പോള്‍ അച്ചന്‍ ആശ്വസിപ്പിച്ചത് പരിശുദ്ധ അമ്മയുടെ ഈ രൂപം കൈയില്‍ തന്നായിരുന്നു. പരിശുദ്ധ അമ്മ, അച്ചനെയും അച്ചന്റെ ഇടവകയെയും ഏറ്റെടുത്തുകൊള്ളും. കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം ഇടവകയിലെ എല്ലാ വീടുകളിലും കൊടുത്തുവിട്ട് കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാര്‍ത്ഥന ചൊല്ലാനും എന്നോടും പ്രത്യേകം പ്രാര്‍ത്ഥിച്ച് ജീവിതക്കുരുക്കുകള്‍ അഴിക്കുന്ന അമ്മയ്ക്ക് എന്നെ സമര്‍പ്പിച്ച് അടിമ വയ്ക്കാനും അച്ചന്‍ ആവശ്യപ്പെട്ടു. തിരിച്ചുപോരാന്‍ നില്‍ക്കുമ്പോള്‍ അച്ചന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: കുരുക്കഴിക്കുന്ന മാതാവിന്റെ സഹായം സ്റ്റാഴ്‌സണച്ചനും അച്ചന്റെ ഇടവകയ്ക്കും ലഭിക്കുന്നതായി സന്ദേശം കാണിക്കുന്നുണ്ടെന്നും ദൈവാലയനിര്‍മ്മാണതടസവും കുരുക്കും അമ്മ അഴിച്ചു മാറ്റുന്നുണ്ടെന്നും, പുതുക്കിയ ദൈവാലയം വെഞ്ചിരിപ്പിന്റെ അന്ന് കുരുക്കഴിക്കുന്ന മാതാവിലൂടെ ഒരു അത്ഭുതം സംഭവിക്കുമെന്നും അച്ചന്‍ പറഞ്ഞു. ആ രൂപം പിടിച്ച് ഞാന്‍ എന്റെ പൊട്ടിപ്പൊളിഞ്ഞ ദൈവാലയത്തില്‍ കൊണ്ടുവന്ന് വെച്ച് പ്രാര്‍ത്ഥന തുടങ്ങി. വീടുകളിലേക്ക് ഈ ചിത്രവും കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാര്‍ത്ഥനയും കൊടുത്തയച്ച് ദിവസവും മുടങ്ങാതെ ഇത് ചൊല്ലി മാതാവിനോട് മാധ്യസ്ഥം യാചിക്കാന്‍ നിര്‍ദേശിച്ചു.

അച്ചന്‍ പറഞ്ഞ സന്ദേശം

വര്‍ഷം ഒന്ന് കഴിയുമ്പോഴേക്കും പരിശുദ്ധ അമ്മ പള്ളിപണിയുമായി ബന്ധപ്പെട്ട കുരുക്കുകള്‍ അഴിച്ചുമാറ്റി മനോഹരമായ ദൈവാലയ നിര്‍മാണത്തിന് തുടക്കംകുറിച്ചു. ദൈവാലയ നിര്‍മാണത്തിന്റെ പരിസമാപ്തിയിലെത്തിയപ്പോള്‍ പ്രധാന വാതിലില്‍ രണ്ടു ചിത്രങ്ങള്‍ കൊത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇടവകാംഗങ്ങള്‍ നിര്‍ദേശിച്ച രണ്ട് ചിത്രങ്ങളില്‍ ഒന്ന് കുരുക്കഴിക്കുന്ന മാതാവിന്റെ അത്ഭുത ചിത്രമായിരുന്നു. പലരും വന്ന് ഈ ചിത്രം കൊത്താന്‍ നോക്കിയിട്ടും സാധിച്ചില്ല. ഒടുവില്‍ ഒരു അക്രൈസ്തവന്‍ വന്നുനോക്കി, പറ്റുംപോലെ കൊത്തിത്തരാം എന്ന് പറഞ്ഞ് മാതാവിന്റെ ഈ ചിത്രവും വാങ്ങിപ്പോയി.
അദ്ദേഹത്തിന് വര്‍ഷങ്ങളായി മക്കളുണ്ടായിരുന്നില്ല. ഈ രൂപം വാതിലില്‍ കൊത്തുമ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞാണ് കൊത്തിയത് : ”ഈ ചിത്രം എന്താണെന്നോ ഈ ചിത്രത്തില്‍ കെട്ടുകള്‍ ഉള്ള ചരട് എന്താണെന്നോ എനിക്കറിയില്ല. പക്ഷേ ഈ ദേവിക്ക് ശക്തിയുണ്ടെങ്കില്‍ എന്റെ ജീവിതത്തിലെ മക്കളില്ലെന്ന ഒരു കുരുക്ക് അഴിച്ചു തരണേ.” കുരുക്കഴിക്കുന്ന മാതാവിന്റെ രൂപം കൊത്തിയ വാതില്‍ ദൈവാലയ വെഞ്ചിരിപ്പിന്റെ ഒരാഴ്ച്ച മുമ്പ് തന്നു. ഏറെ മനോഹരമായിരുന്നു കൊത്തുപണി. ചോദിച്ചതിലും കൂടുതല്‍ പണം നല്‍കി ഞങ്ങള്‍ കൊത്തുപണിയെ അഭിനന്ദിച്ചു.

ദൈവാലയ വെഞ്ചിരിപ്പ് അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലാണ് നടന്നത്. പിതാവും അത്ഭുതങ്ങള്‍ ചെയ്യുന്ന കുരുക്കഴിക്കുന്ന മാതാവിനെ പറ്റിയാണ് അന്ന് വിശുദ്ധ കുര്‍ബാനമധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞത്. കുര്‍ബാന സ്വീകരണ സമയത്ത് ഞാന്‍ പട്ടത്തച്ചന്‍ പറഞ്ഞ സന്ദേശം ഓര്‍ത്തു; ദൈവാലയ കൂദാശ കര്‍മത്തിന്റെ അന്ന് ഒരു വലിയ അത്ഭുതം അമ്മ സമ്മാനിക്കുമെന്ന്… അത് നടന്നില്ല എന്ന് മനസില്‍ പറഞ്ഞു. കുര്‍ബാന സ്വീകരണം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ആ വാതില്‍ കൊത്തിയ സഹോദരന്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു : ”അച്ചന്‍ തന്ന ആ അമ്മയ്ക്ക് ശക്തിയുണ്ട്…. എന്റെ ജീവിതത്തില്‍ ഈ അമ്മ ഒരു അത്ഭുതം പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളായുള്ള ഒരു കുരുക്ക് അമ്മ അഴിച്ചു. എന്റെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്. എന്റെ പ്രാര്‍ത്ഥന ഈ അമ്മ കേട്ടു. ഈ അമ്മയുടെ ചിത്രംകൊത്തുമ്പോള്‍ ഞാന്‍ ഈ അമ്മയോട് എന്റെ സങ്കടം പറഞ്ഞാണ് കൊത്തിയത്. ഇപ്പോള്‍ ആ സങ്കടം ഈ അമ്മ സന്തോഷമാക്കി മാറ്റി അച്ചോ. അമ്മയെ തന്ന അച്ചന് ആയിരം നന്ദി.”

പ്രിയവായനക്കാരാ, നിന്റെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കുരുക്കഴിക്കുന്ന മാതാവ് തന്നെയാണ്. 33 ദിവസം നിയോഗംവച്ച് ഈ പ്രാര്‍ത്ഥന ചൊല്ലുക. അമ്മ ജീവിതത്തില്‍ ഇടപെടുമെന്ന് നിശ്ചയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?